ADVERTISEMENT

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധിച്ച റിപ്പോർട്ടുകൾ വന്നപ്പോൾ പലരും കരുതി കേരളത്തിൽ ഇതൊന്നും പ്രശ്നമാകില്ലെന്ന്. ചൈനയിൽ പഠിക്കാൻപോയ മലയാളി മെഡിക്കൽ വിദ്യാർഥികൾ തിരിച്ചെത്തി രോഗം സ്ഥിരീകരിച്ചപ്പോഴും ഭീതി അധികം ഉണ്ടായില്ല. എന്നാൽ കോവിഡ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയപ്പോൾ ചെറിയ ഭയം ഉണ്ടായിത്തുടങ്ങി. പത്തനംതിട്ട റാന്നി സ്വദേശികളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇവിടെും ഭയവും ജാഗ്രതയും ശക്തമായി. സാധാരണ ചെറിയൊരു പനിയും തൊണ്ടവേദനയുമായെത്തിയ ദമ്പതികളിൽ കോവിഡിന്റെ സ്പാർക്ക് കണ്ടെത്തി രോഗം സ്ഥിരീകരിച്ച് കോവിഡ് രോഗചികിത്സയിലെ നിർണായക നാഴികക്കല്ലായി മാറിയ റാന്നി താലൂക്ക് ആശുപത്രിയിയിലെ ‍ഡോ. എസ് ആനന്ദ് ഡോക്ടേഴേസ് ദിനത്തിൽ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ഡോ. ആനന്ദ് രോഗികളെ പരിശോധിക്കുന്നു
ഡോ.ആനന്ദ് രോഗികളെ പരിശോധിക്കുന്നു.

റാന്നിയിൽ നിന്നെത്തിയ ആ ദമ്പതികൾ

മാർച്ച് ആറിന് സാധാരണ രീതിയിലുള്ള പനിയും തൊണ്ടവേദനയുമായാണ് റാന്നി സ്വദേശികളായ ദമ്പതികൾ താലൂക്ക് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങളിൽ വൈറൽ ശ്വാസകോശ അണുബാധയായാണ് ആദ്യം തോന്നിയത്. കോവിഡ് രോഗബാധ നിലനിൽക്കുന്നതിനാൽത്തന്നെ അടുത്തെങ്ങാനും വിദേശത്തു പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇല്ലെന്ന മറുപടി കിട്ടി. ബന്ധുക്കളാരെങ്കിലും വിദേശത്തുനിന്ന് അടുത്തസമയത്തു വന്നിരുന്നോ എന്നു ചോദിച്ചപ്പോഴാണ് ചേട്ടനും കുടുംബവും ഇറ്റലിയിൽ നിന്നെത്തിയെന്നും അവരുമായി ഇടപഴകിയെന്നും മനസ്സിലായത്. 

ഉടൻതന്നെ ഇവരെ കോമൺ ഒപി ഏരിയയിൽനിന്ന് ഐസലേഷൻ വിഭാഗത്തിലേക്കു മാറ്റി. തുടർലക്ഷണങ്ങളിൽ കോവിഡ് സംശയിച്ചതിനാൽ പത്തനംതിട്ടയിലേക്കു മാറ്റി തൊണ്ടയിൽനിന്നു സ്രവമെടുത്ത് പരിശോധനയ്ക്ക് അയച്ചു. എട്ടാം തീയതി പോസിറ്റീവാണെന്ന ഫലം വന്നു. തുടർന്ന് അവരുടെ കോണ്ടാക്ട് ട്രേസ് ചെയ്ത് മറ്റു ബന്ധുക്കളെയും ഇറ്റലിയിൽ നിന്നെത്തിയവരെയും കണ്ടെത്തി. അവരുടെ കോണ്ടാക്ടേഴ്സിനെയും കണ്ടെത്തി.

ചികിത്സയിലെ വെല്ലുവിളി

സാധാരണ ഇൻഫെക്റ്റഡ് വൈറസ് പോലെതന്നെ ഒന്നാണ് കൊറോണ വൈറസും. പക്ഷേ ഇതിനെതിരെ വാക്സിനോ മരുന്നുകളോ ഇല്ലെന്നതാണ് വെല്ലുവിളി. ഒരു നൂറു പേരെ എടുത്താൽ 60 പേർക്ക് രോഗം വന്നുപോകും, 25 പേർക്ക് പനി, തൊണ്ടവേദനയൊക്കെ വന്നു മാറും, 15 പേർ രോഗികളാകും. ഇതിൽ നാല്– അഞ്ചു പേർക്കാണ് മരണസാധ്യത. നമുക്ക് ഈ 5 പേരെ രക്ഷിക്കാനായി ഓരോരോ സ്റ്റേജിൽ കൊടുക്കാനുള്ള സപ്പോർട്ടീവ് മരുന്നുകൾ ഉണ്ടെങ്കിലും പ്രോപ്പർ ആയ ഒരു മെഡിസിൻ ഇല്ലാത്തതാണ് പ്രശ്നം. ഇതു കൊടുത്താൽ രോഗം മാറും അല്ലെങ്കിൽ രോഗി രക്ഷപ്പെടും എന്ന് നൂറു ശതമാനം ഉറപ്പുകൊടുക്കാനായി ഒരു മരുന്ന് ലഭ്യമല്ല. മരുന്ന് കണ്ടെത്തുന്നതുവരെയെങ്കിലും നമ്മൾ കൂടുതൽ ജാഗരൂകരായാൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ. 

എയറോസോളുകൾ വഴിയാണ് രോഗം വ്യാപിക്കുന്നത്. അതിനാൽത്തന്നെ സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, മാസ്ക് ധരിക്കുക എന്നിവ കൃത്യമായി പാലിച്ചാൽതന്നെ രോഗം പിടിപെടുന്നതിൽ നിന്ന് ഒരുപരിധിവരെ ഒഴിഞ്ഞു നിൽക്കാനാകും.

ഒറ്റപ്പെടുത്തുകയല്ല, ചേർത്തു പിടിക്കുകയാണ് വേണ്ടത്

ഇത്രയും ഭീതി നിലനിൽക്കുന്നതിനാൽത്തന്നെ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുമ്പോൾ പലരുടെയും മനസ്സിന്റെ ധൈര്യം കൈവിട്ടെന്നു വരാം. തന്നോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് എങ്ങനെയായിരിക്കും, എല്ലാവരും ഒറ്റപ്പെടുത്തുമോ, താൻ ഒറ്റപ്പെട്ടു പോകുമോ, വാർത്തകളിലും മറ്റും കാണപ്പെടുന്ന കോവിഡ് മരണം എന്നിവയൊക്കെ മാനസിക സംഘർഷത്തിലേക്കു നയിക്കാം. അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് ശരിയായ കൗൺസലിങ്, സൈക്കോളജിക്കൽ– സൈക്യാട്രിസ്റ്റ് സപ്പോർട്ട് ഒക്കെ നൽകുന്നുണ്ട്. രോഗം പൂർണമായി ഭേദമായാൽപ്പോലും പലരും പേടിയോടെയാണ് രോഗം ബാധിച്ചവരെ നോക്കുന്നത്. അതിനാൽ കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുകയല്ല, അവർക്കു വേണ്ട സപ്പോർട്ടും മാനസിക ധൈര്യവും നൽകി നമ്മളോടൊപ്പം ചേർക്കുകയാണു വേണ്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com