ജീവിതം തിരികെത്തന്ന ഡോക്ടർമാർ; മറക്കാനാകില്ല ആ കടപ്പാട്: ലക്ഷ്മിപ്രിയ

SHARE

സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ലക്ഷ്മിപ്രിയ.. കയ്‌പേറിയ അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ താണ്ടിയാണ് അവർ അറിയപ്പെടുന്ന അഭിനേത്രിയായത്. 'കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല' എന്ന പേരിൽ ലക്ഷ്മിയുടെ ആത്മകഥയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഡോക്ടേഴ്സ് ദിനത്തിൽ തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഡോക്ടർമാരെ ലക്ഷ്മി അനുസ്മരിക്കുന്നു.

എന്റെ ജീവിതത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്ന ഒരുകൂട്ടം ഡോക്ടർമാരുണ്ട്. കാരണം എന്റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അവർ താങ്ങായിട്ടുണ്ട്.

ഫാമിലി ഡോക്ടർ...

എന്റെ ആദ്യ ഫാമിലി ഡോക്ടർ, തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഡോ. അരുൺ ആണ്. തിരുവനന്തപുരത്തുള്ളപ്പോൾ രോഗം വന്നാൽ ചികിത്സയ്ക്കായി ഓടിച്ചെല്ലുന്നത് അദ്ദേഹത്തിന്റെ ചെറിയ ക്ലിനിക്കിലേക്കായിരുന്നു. വർഷങ്ങളായി ഞാൻ സിനിമാസെറ്റുകളിൽ വച്ച് പനിയോ അസ്വസ്ഥതയോ ഉണ്ടായാൽ ആദ്യം വിളിച്ചിരുന്നതും അദ്ദേഹത്തെയാണ്. അദ്ദേഹം വേണ്ട പ്രഥമ ശുശ്രൂഷയും മരുന്നുകളും പറഞ്ഞുതരും. പിന്നീട് അദ്ദേഹം സ്ഥലം മാറി പോയിട്ടും, ചികിത്സയ്ക്കായി അദ്ദേഹത്തെ തേടി പോകുമായിരുന്നു. എല്ലാവർക്കും ഒരു ഫാമിലി ഡോക്ടർ വേണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ഫാമിലി ഹിസ്റ്ററി അറിയുന്ന ഒരു ഡോക്ടർക്ക് അനാവശ്യ ടെസ്റ്റുകൾ ഒഴിവാക്കി, എളുപ്പം ചികിൽസിക്കാൻ കഴിയും.

lakshmi-priya

മകളെ തിരിച്ചുതന്ന ഡോക്ടർമാർ...

എറണാകുളം മെഡിക്കൽ സെന്ററിലെ ഡോക്ടർ ലിസമ്മയെ മറക്കാൻ കഴിയില്ല. ആറേമുക്കാൽ മാസത്തിലാണ് ഞാൻ മകൾ മാതംഗിയെ പ്രസവിക്കുന്നത്. ഒരുപാട് സങ്കീർണതകൾ ഉണ്ടായിരുന്നു. പൊക്കിൾകൊടി കുഞ്ഞിന്റെ കഴുത്തിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന അവസ്ഥ വന്നപ്പോൾ ലിസമ്മ ഡോക്ടറുടെ സമയാചിതമായ  ഇടപെടലിലൂടെ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

lakshmi-priya2

ഇഎംസിയിലെ പീഡിയാട്രിക് ഹെഡ് ഡോക്ടർ. രവി മറ്റൊരു ദൈവദൂതനാണ്. മാസം തികയാതെ ജനിച്ചതിന്റെ അവശതകൾ മാതംഗിക്കുണ്ടായിരുന്നു. ഒപ്പം കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയതിന്റെ മൂന്നു പാടുകളും. അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന പോലെ എൻഐസിയു ഒരുക്കി, ആ സമയത്ത് അവൾക്ക് വേണ്ട പരിചരണം നൽകി, ആരോഗ്യവതിയാക്കി ഞങ്ങളുടെ കൈകളിലേക്ക് വച്ചുതന്നത് ഡോക്ടർ രവിയാണ്. ഒരർഥത്തിൽ മാതംഗിയിലൂടെ ഞങ്ങളുടെ ജീവിതം തിരികെത്തന്നത് ഈ രണ്ടു ഡോക്ടർമാരാണ്. ജീവിതത്തിൽ ഒരിക്കലും അവരെ മറക്കാൻ കഴിയില്ല.

സുഹൃത്തായ ഡോക്ടർമാർ...

ഒരു ചികിത്സകനായിട്ടല്ലെങ്കിലും ഒരു കുടുംബസുഹൃത്തായി ഞങ്ങളുടെ കൂടെയുള്ള വ്യക്തിയാണ് തൃശൂർ ഔഷധിയുടെ ഹെഡ് ഡോക്ടർ രജിതൻ.  ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുക, പ്രചരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമാണ്. ആ ഉദ്യമത്തിൽ ഞങ്ങളും അദ്ദേഹത്തോടൊപ്പം സഹകരിച്ചിട്ടുണ്ട്. തൃശൂർ ഞങ്ങൾ വീട് വാങ്ങിയപ്പോൾ, ആ 15 സെന്റിൽ നിറയെ ഔഷധവൃക്ഷങ്ങളാണ്. അതിനു കാരണക്കാരൻ ഡോക്ടറാണ്.

പ്രശസ്തരുടെ ഓർമയ്ക്കായി ഒരു സ്‌മൃതിവനം അദ്ദേഹം ഒരുക്കുന്നുണ്ട്. അതായത് ഓരോ വ്യക്തികൾക്കും ഒരു ജന്മവൃക്ഷമുണ്ട്. അതുല്യസംവിധായകൻ ലോഹിതദാസിന്റെ ജന്മവൃക്ഷം നീർമരുതായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ ഡോക്ടറുടെ നേതൃത്വത്തിൽ ഞങ്ങൾ 200 ലധികം നീർമരുത് നട്ടത് ഇപ്പോഴും ഓർക്കുന്നു. അതുപോലെ അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ സംവിധായകൻ സച്ചിയുടെ സ്മരണയ്ക്കായി മാതളത്തോട്ടം ഒരുക്കുന്നു. അതുപോലെ എന്റെ മറ്റൊരു അടുത്ത സുഹൃത്താണ് ഡോക്ടർ ലിജോ. അദ്ദേഹവും ഭാര്യയും അച്ഛനുമെല്ലാം  ആയുർവേദ ഡോക്ടർമാരാണ്. ഇവരെല്ലാം വളരെ നല്ല ആതുരശുശ്രൂഷകരാണ്. ഈ ഡോക്ടേഴ്സ് ദിനത്തിൽ ഇവരെയെല്ലാം ഞാൻ സ്നേഹത്തോടെ സ്മരിക്കുന്നു.

പിന്നെ ഈ കോവിഡ് കാലത്ത് നിരവധി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്വന്തം കുടുംബവും ആരോഗ്യവും പോലും മറന്നു ജോലി ചെയ്യുന്നു. അവരുടെ ത്യാഗത്തിന്റെ ഫലം കൊണ്ടാണ്, കോവിഡിന് മുന്നിൽ അമേരിക്ക പോലും മുട്ടുമടക്കിയപ്പോൾ കൊച്ചുകേരളം തലയുയർത്തി നിന്നത്. കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരെയും ഈ ദിനത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA