ADVERTISEMENT

കോവിഡ് കാലത്ത് ഈ വരികൾ കുറിക്കുമ്പോൾ പോയ വർഷത്തെ ഡോക്ടേഴ്സ് ദിനമാണ് ഓർമയിൽ. ഈ ദിനത്തിലാണ് ഡോക്‌ടർമാർ ഏറെ യോഗം സംഘടിപ്പിക്കുക. യോഗങ്ങളോ ഒത്തുചേരലുകളോ ഒന്നുമില്ലാതെയും ഈ ദിനം നാം ഇപ്പോൾ ആഘോഷിക്കുന്നു. ആഘോഷിക്കാം, ഒപ്പം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുന്നണിപോരാളികളോട്  ആദരവും പ്രകടിപ്പിക്കാം. 

doctors-day-message-by-dr-jose-chacko-periappuram

ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ ജോലിഭാരവും മാനസിക സംഘർഷവും പൊതുസമൂഹത്തിന് ഈ കോവിഡ് കാലത്തു പെട്ടെന്ന് ഉൾക്കൊള്ളാനായിട്ടുണ്ട്. ഡോക്‌ടർമാർ മുതൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വരെ കോവിഡ് കാലത്ത് അതീവ ജാഗ്രത പുലർത്തുന്ന കാലമാണിത്. ജോലിക്ക് പുറപ്പെടുന്ന സമയം മുതൽ മുൻകരുതലുകൾ എടുത്തു തുടങ്ങുന്ന സമയം.  മറ്റു തൊഴിൽ രംഗത്തു പ്രവർത്തിക്കുന്നവരെക്കാൾ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗിയെ പരിചരിക്കുന്നതിനൊടൊപ്പം സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുകയും വേണം. 

കോവിഡ് വ്യാപനം ആരോഗ്യപ്രവർത്തകർക്കു നൽകിയത് സമാനാതകളില്ലാത്ത അനുഭവങ്ങളാണ്. മുന്നിലെത്തുന്ന രോഗികൾക്കു മികച്ച ചികിൽസ ഉറപ്പുവരുത്തുകയും  ഒപ്പം രോഗം ഏൽക്കാതെ സ്വയം കരുതലും പുലർത്തേണ്ട കാലം. മുൻപിലെത്തുന്ന രോഗികളെ സംശയദൃഷ്ടിയോടെ ഡോക്ടർ സമീപിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കാരണം കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗികളും രോഗവിവരം മറച്ചുവയ്ക്കുന്നവരും ചികിൽസ തേടിയേക്കാം. മുൻകരുതലുകളുടെ ഭാഗമായി ആശുപത്രികളിലെ പരിശോധനകളും നിയന്ത്രണങ്ങളുമെല്ലാം പരിശോധനാസമയം ഇരട്ടിയാക്കിയിട്ടുണ്ട്. ഇതു ചില രോഗികൾക്കും ബന്ധുക്കളും മറ്റും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അകലം കർശനമായി പാലിക്കേണ്ട സമയത്ത് എല്ലാവരുടെയും സഹകരണം വേണം. ഇതൊരു ടീം വർക്കാണ്. സർക്കാർ നിർദേശങ്ങളോട് പൊതു സമൂഹം നന്നായി സഹകരിച്ചാൽ ഈ കോവിഡ് കാലവും നമ്മൾ അതിജീവിക്കും.

ആർഭാടം മാറി അത്യാവശ്യത്തിലേക്ക്

കോവിഡ് കാലം പുനർവിചിന്തനത്തിന്റെ കാലഘട്ടം കൂടിയാണ്. ഇതുവരെയുള്ള ശീലങ്ങളെല്ലാം മാറ്റാൻ കൂടി പലർക്കും ഉപകരിച്ച കാലം. രോഗ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്‌ഡൗൺ ദിനങ്ങൾ ജനജീവിതത്തെ കൂടുതൽ ക്രമപ്പെടുത്തി. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മാത്രം ഉപയോഗിച്ചിരുന്ന മുഖാവരണങ്ങൾ ഇപ്പോൾ പൊതുജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്കും ഒത്തുചേരുകൾക്കും നിയന്ത്രണം കൊണ്ടുവന്നത് ജീവിതത്തിൽ ലാളിത്യം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു. 

ഒറ്റയ്ക്കുള്ള ജീവിതം എന്നതിനെക്കാളും സമൂഹമായി, കരുതലോടെയുളള ജീവിതത്തിനും ഇതു വഴിയൊരുക്കി. ആർഭാടം എന്നത് അത്യാവശ്യത്തിനു വഴിമാറിയ കാലമാണിത്. മുൻപോട്ടുള്ള ജീവിതത്തിൽ അകലവും വ്യക്തിശുചിത്വവും ഒക്കെ നാം കർശനമായി പാലിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നമുക്ക് മതിയായ സമയം ലഭിച്ചുവെന്നത് അനുഗ്രഹമാണ്. സർക്കാർ സംവിധാനവും ആരോഗ്യപ്രവർത്തകരും ഒരേ പോലെ പ്രവർത്തിച്ചതോടെ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായ ഇടമായി മാറുകയും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനും സഹായിച്ചു.

ലോക്‌ഡൗണിൽ മറക്കരുത് ഹൃദയത്തെ

കോവിഡും  ഹൃദ്രോഗവും തമ്മിലെന്തങ്കിലും ബന്ധമുണ്ടോയെന്നാണ് പലർക്കും സംശയം. ആരോഗ്യമുള്ളവരിൽ വലിയ ശല്യക്കാരനല്ലാതെ പോകുന്ന കോവിഡ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. ശ്വാസകോശത്തിനു രോഗം മൂർഛിച്ചു ന്യുമോണിയ പോലുളള രോഗാവസ്ഥയിലേക്ക് പെട്ടെന്ന് മാറുമ്പോഴാണ് കാര്യം ഗുരുതരമാകുന്നത്. ശ്വാസകോശത്തെ രോഗം സാരമായി ബാധിക്കുമ്പോൾ ശരീരത്തിന്റെ മറ്റു അവയവങ്ങളിലേക്കുള്ള ജീവവായുവിന്റെ അളവ് (ഓക്സിജൻ) കുറയുകയും ആരോഗ്യത്തെ അതു സാരമായി ബാധിക്കുകയും ചെയ്യും.

ശരീരത്തിൽ പ്രാണവായുവിന്റെ കുറവ് ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചാൽ അതു ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഹൃദയത്തിലെ രക്തധമനികളിലുള്ള ബ്ലോക്കിനു മരുന്നു കഴിക്കുന്നവരും ആൻജിയോ പ്ലാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ കഴിഞ്ഞവരും കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വമുൾപ്പെടെ പൊതുവായ നിർദേശങ്ങളെല്ലാം പാലിക്കണം. ഇതിനു പുറമേ, പ്രത്യേക ശ്രദ്ധയും വേണം. കാരണം, കൊറോണ ബാധിച്ചാൽ ധമനിയിലെ ബ്ലോക്കുകൾ പെട്ടെന്നു ശക്തമാകാൻ ഇടയുണ്ട്. 

ഏതു വൈറൽ അണുബാധയ്ക്കും ഉണ്ടാകാവുന്ന മയോ കാർഡൈറ്റിസ് (ഹൃദയത്തിലെ മാംസപേശികളെ ബാധിക്കുന്നത്) വരാനുള്ള സാധ്യതയാണു മറ്റൊന്ന്. ഇത് എല്ലാ വിഭാഗക്കാർക്കും ഉണ്ടാകാം; ഹൃദ്രോഗികൾക്കു കൂടുതലായി ബാധിക്കാം. അതിനാൽ, എല്ലാ ആരോഗ്യനിർദേശങ്ങളും കർശനമായി പാലിക്കണം.

പ്രവാസികളുടെ ഇടയിലെ ഹദ്രോഗത്തിന്റെ തോത് വർധനയ്ക്ക് ആരോഗ്യശീലങ്ങളെക്കാളും വൈകാരിക വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്യരാജ്യത്ത് ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ മനോവിഷമവും കോവിഡ് കാലത്തെ തൊഴിൽ നഷ്ടമെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും. നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വയംചികിൽസ വേണ്ട, ഫോർവേഡും

സമൂഹമാധ്യമങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ഫെയ്‌സ്ബുക്കിലും വാട്ട്സാപ്പിലും കിട്ടുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെ ഫോർവേഡ് ചെയ്യുന്ന പ്രവണത നിറുത്തേണ്ടതുണ്ട്. ആരോഗ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സന്ദേശങ്ങളാണ് ഏറ്റവും അപകടം വരുത്തിവയ്ക്കുന്നത്. വിദ്യാസമ്പന്നർ പോലും വസ്തുത പരിശോധിക്കാതെ ഫോർവേഡ് ചെയ്യാറുണ്ട്. ഈ പ്രവണതയ്ക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയാൽ തന്നെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ സാധിക്കും.

ഏത് രോഗത്തെക്കുറിച്ചും ഇപ്പോൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ വിവരം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഭുരിപക്ഷം പേരും തെറ്റായി മനസിലാക്കി തനിക്ക് അങ്ങനെയൊരു രോഗാവസ്ഥയുണ്ടോ എന്ന് ചിന്തിച്ചു കൂട്ടുന്നു. ചിലരാകട്ടെ ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെച്ച് സ്വയം ചികിൽസ നടത്തി ആരോഗ്യസ്ഥിതി വഷളാക്കുന്നു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൊണ്ട് ഡോക്ടർക്ക് ചികിൽസവിധികൾ ഉപേദശിക്കുന്നവരും ഇപ്പോൾ കുറവല്ല.

കോവിഡ് കാലത്ത് ഹൃദയശസ്ത്രക്രിയകൾ വളരെ കുറഞ്ഞുവെന്നുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് അത്യാവശ്യ സാഹചര്യങ്ങളിൽ അല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുന്ന രീതിയാണ് ഈ സന്ദേശങ്ങൾക്കു ബലം പകർന്നത്. ആ ഘട്ടത്തിൽ  ഹൃദയശസ്ത്രക്രിയകൾ അടിയന്തരമുള്ള സാഹചര്യത്തിൽ മാത്രം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ സാധാരണ രീതിയിൽ എല്ലാ ചികിൽസകളും മിക്ക ആശുപത്രികളും പുനരാരംഭിച്ചു കഴിഞ്ഞു. ലോക്ഡൗണിനിടെ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയത്തുടിപ്പ് ഭൂതത്താൻകെട്ട് സ്വദേശി ലീന ഷിബുവിനു പകരാനായെന്നതാണ് ഇതിനിടെയുണ്ടായ വ്യക്തിപരമായ സന്തോഷം.

ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ മാറ്റരുതെന്നും എല്ലാവരും ഓർമിക്കണം. മരുന്നുകളിൽ ചിലതു പ്രശ്നമാണെന്ന മട്ടിൽ പ്രചാരണവും ഇതിനിടെ നടക്കുന്നുണ്ട്. എന്നാൽ, അതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്നു മനസ്സിലാക്കുക. ഹൃദ്രോഗ, കൊളസ്ട്രോൾ മരുന്നുകളുടെ ഉപയോഗം നമുക്കു സുരക്ഷയാണു തരുന്നത്. കഴിക്കുന്ന മരുന്നുകളുടെ ഡോസും സ്വയം മാറ്റരുത്. ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തണം. അവയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരുപക്ഷേ അവയവദാനം കാത്തിരിക്കുന്ന നിരവധി മനുഷ്യരെയാണ് ബാധിക്കുക.

Doctor

ഓർക്കാം ഡോക്ടറും മനുഷ്യനാണ്...!

ഒരോ വർഷവും മെഡിക്കൽ പഠന രംഗത്ത് പുതിയ മാറ്റങ്ങൾ വരികയാണ്. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ 1985ൽ ഞാൻ എംബിബിഎസ് പഠിക്കുന്നതിനി‌ടെ പുതിയ വിഷയങ്ങളിലേക്ക് കണ്ണോടിക്കുവാൻ ബുദ്ധിമുട്ടേറെയായിരുന്നു. മെഡിക്കൽ കോളജുകളുടെ എണ്ണവും അക്കാലത്തു കുറവായിരുന്നു. എന്നാലിന്നു സ്ഥിതി മാറി. പുതിയ മെഡിക്കൽ വിദ്യാർഥികൾക്ക് വളരെ അധികം പഠനസൗകര്യങ്ങളുണ്ട്. ബന്ധപ്പെട്ട മേഖലയിലെ വിവരങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ വിരൽത്തുമ്പിൽ ലഭ്യമാണ്. 

മെഡിക്കൽ പ്രഫഷന്‍ തിരഞ്ഞെടുക്കുന്നവർ അതൊരു ദൈവവിളിയായി മാത്രം കാണുക. അത്രയും ആത്മസമർപ്പണം വേണ്ട ജോലിയാണ്. നല്ലൊരു കേൾവിക്കാരാനായിരിക്കാൻ എപ്പോഴും ശ്രമിക്കുക. മൂന്നിലെത്തുന്ന രോഗി നമുക്ക് ഒരോ പാഠപുസ്തകമാണെന്ന് ധരിക്കുക. മെഡിക്കൽ പുസ്തകങ്ങളിൽ ലഭിക്കാത്ത ഒരായിരം വിവരങ്ങൾ മുന്നിലെത്തുന്ന രോഗിയിൽ നിന്നും ലഭിക്കും. രോഗിയും ബന്ധുക്കളുമായി സൗഹൗർദപൂർവമായ ബന്ധം സ്ഥാപിച്ചാൽ രോഗിയ്ക്ക് അത് ആത്മവിശ്വാസം വർധിപ്പിക്കും. ചികിൽസയുടെ ഓരോ ഘട്ടത്തിന്റെയും വിവരങ്ങൾ രോഗിയോടും ബന്ധുക്കളോടും തുറന്നു പറയുന്നതാണ് അഭികാമ്യം. തെറ്റിധാരണകൾ പലപ്പോഴും ഡോക്ടറും രോഗിയും ബന്ധുക്കളും തമ്മിലുള്ള ബന്ധം പോലും വഷളാക്കിയേക്കാം. പല ആശുപത്രികളിലും നടക്കുന്ന സംഘർഷങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ  സൗഹൃദപരമായ അന്തരീഷത്തിന്റെ ആവശ്യകത ഒാർമവരും. അത്യാധുനിക കണ്ടുപിടുത്തങ്ങൾ ഉള്ളപ്പോഴും, രോഗനിർണയത്തിലും ചികിൽസയിലും പഴുതുകൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ആ പഴുതുകളെ ഡോക്ടറുടെ ചികിൽസാപിഴവായി ചിത്രീകരിക്കുന്നതു നിർഭാഗ്യകരമാണ്. കാരണം ഡോക്ടറും മനുഷ്യനാണ്, ദൈവമല്ല. 

(കൊച്ചി ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയാണ് ലേഖകൻ)

 English Summary : Doctor's day message by Dr Jose Chacko Periappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com