ADVERTISEMENT

ജീവൻ രക്ഷിക്കുക, വേദന കുറയ്ക്കുക, മാനസിക ആശ്വാസം നൽകുക - ഈ മൂന്നു കാര്യങ്ങളാണു മറ്റു ജോലികളിൽനിന്നും ഡോക്ടർ എന്ന പ്രഫഷന്റെ മഹത്വം. കോവിഡ് കാലത്തെ ഈ ഡോക്ടേഴ്സ് ദിനത്തിൽ ലോകമെമ്പാടും കോവിഡിനോടു യുദ്ധം ചെയ്യൂന്ന ഡോക്ടർമാരെയും അവരോടൊപ്പം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും ഓർമിക്കാം.

ഡോ. സുൽഫി നൂഹു
ഡോ. സുൾഫി നൂഹു

കോവിഡിനു മുൻപും പിൻപും, കോവിഡ് രോഗത്തിനിടയാക്കുന്ന ഇത്തിരികുഞ്ഞൻ വൈറസ് അത്രമേൽ നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു കളഞ്ഞു. അകലം, വ്യക്തിശുചിത്വം, മുഖാവരണം എന്നിവ നമ്മുടെ ജീവിതത്തോട് ഇഴുകിചേരുകയും അതിന്റെ ഫലമായി കോവിഡ് രോഗവ്യാപനം ഒരുപരിധി വരെ നിയന്ത്രിച്ചു നിർത്താനായെന്നത് ഇതിനിടെ അഭിമാനമായി. സർക്കാരിന്റെ നിർദേശങ്ങളോടു പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ പ്രയത്നങ്ങളും ഒരുക്കിയ ഫലമാണിത്. അങ്ങനെ മറ്റു സംസ്ഥാനങ്ങൾക്കു പോലും മാതൃകയായി കോവിഡിനോടു നമ്മുടെ സംസ്ഥാനം നിരന്തരം പൊരുതികൊണ്ടിരിക്കുന്നു.

ജോലിക്കൂടുതൽ, ഒപ്പം മാനസികസംഘർഷവും

മറ്റേതൊരു ജോലിയെക്കാളും രോഗത്തോട് അടുത്ത് ഇടപഴകേണ്ട ജോലിയാണ് ഡോക്ടർമാരുടേത്. കൃത്യതയാർന്ന രോഗ നിർണ്ണയത്തിനു മുൻപിലെത്തുന്ന രോഗിയെ വളരെ അടുത്തിരുത്തി പരിശോധിക്കേണ്ടതായി വരുന്നു. അകലം നിർബന്ധമായി പാലിക്കേണ്ട ഈ കാലയളവിൽ ഒരോ ഡോക്ടറുടെയും ആരോഗ്യപ്രവർത്തകരുടെയും ജോലി അത്യന്തം അപകടം നിറഞ്ഞതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു നിമിഷവും രോഗബാധയ്ക്കുള്ള സാധ്യത മുന്നിൽ കണ്ടുള്ള ജോലി സൃഷ്ടിക്കുന്നതു സമാനതകളില്ലാത്ത മാനസികസമ്മർദ്ദം കൂടിയാണ്. സ്വയരക്ഷയ്ക്കായി ധരിക്കുന്ന കവച വസ്ത്രങ്ങളും മറ്റും ശരീര താപം വർദ്ധിപ്പിക്കും. ദീർഘനേരത്തെ ഡ്യൂട്ടി അതിനാൽ തന്നെ ആരോഗ്യത്തെ സാരമായി ബാധിക്കും. കോവിഡ് കാലത്തു ചികിൽസയ്ക്കായി എത്തുന്ന രോഗികളുടെ കണ്ണിൽ നോക്കി രോഗം നിർണയം നടത്തേണ്ട അവസ്ഥയാണുള്ളത്. രോഗവ്യാപനം തടയാൻ മുൻകരുതൽ എടുക്കേണ്ട സാഹചര്യത്തിൽ ഡോക്ടർമാരും ആശുപത്രികളും സുരക്ഷകവചങ്ങളും മറ്റു അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനു നല്ലൊരു തുക മാറ്റിവയ്ക്കേണ്ടതായി വരുന്നു. ഇത് കാലക്രമേണ ആരോഗ്യ സേവനങ്ങൾക്കുള്ള ചെലവു വർധിക്കാൻ ഇടയാക്കിയേക്കാം.

doctors-day

ഇത് വ്യാജസന്ദേശങ്ങൾ അകറ്റേണ്ട കാലം

കോവിഡിന്റെ വരവറിഞ്ഞ് അൽപം മുൻകൂട്ടി തയ്യാറെടുക്കാൻ മതിയായ സമയം ലഭിച്ചുവെന്നത് നമ്മൾക്ക് അനുഗ്രഹമായി. കോവിഡ് പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം മറ്റുള്ളവർക്കു മാതൃകയായതിന്റെ പ്രശംസ പൊതുസമൂഹത്തിനും കൂടി അവകാശപ്പെട്ടതാണ്. സാക്ഷരതയിൽ മുന്നിലുള്ള നമ്മുടെ സമൂഹം സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങളോട് സഹകരിച്ചത് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചുവെന്നതും അഭിനന്ദനാർഹം.

ആരോഗ്യവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളാണ് കോവിഡിനെക്കാളും വിപത്ത്. ഫോണിൽ വരുന്ന എല്ലാ സന്ദേശങ്ങളും അതേപടി വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുന്ന ചിലരുടെ സ്വഭാവം സമൂഹത്തിനു വളരെ ദോഷം ചെയ്യും. ഡോക്ടർന്മാർ പോലും ഇങ്ങനെ പല സന്ദേശങ്ങളും ഫോർവേഡ് ചെയ്യുമ്പോൾ സാധാരണകാരന്റെ കാര്യം പറയേണ്ടതില്ലല്ലോ. അതു കൊണ്ട് സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം ഇത്തരം വ്യാജ സന്ദേശങ്ങളിൽ നിന്നും അകലം പാലിക്കാം. 

മരുന്നെത്തും, നാം അതിജീവിക്കും

കോവിഡ് രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താൽ അത്ര പെട്ടെന്ന് എല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷ വേണ്ട. ഫലപ്രദമായ മരുന്നു കണ്ടെത്തുന്നതു വരെ നിലവിലുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടതായി വരും. കോവിഡിനൊപ്പം എങ്ങനെ പ്രായോഗികമായി ജീവിക്കാമെന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഒത്തുചേരലുകൾക്കും സംഘം ചേർന്നുള്ള ആഘോഷങ്ങൾക്ക് ഇനിയും കുറച്ച് നാൾ കൂടി കാത്തിരിക്കുന്നതാണ് അഭികാമ്യം. വ്യക്തിശുചിത്വം പാലിച്ച് സ്വയം കവചമൊരുക്കുക, കൃത്യമായി സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക. ഈ കോവിഡ് കാലം നമ്മൾ അതിജീവിക്കും.

( പ്രമുഖ ഇഎൻടി സ്പെഷലിസ്റ്റും ഐഎംഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് വൈസ്പ്രസിഡന്റുമാണ് ലേഖകൻ )

English Summary : Doctor's day message by Dr Sulphi Noohu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com