ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കുള്ള ആഗ്രഹമായിരുന്നു കേരള കലാമണ്ഡലത്തിൽ പഠിക്കണമെന്നത്. കലാമണ്ഡലം സത്യഭാമ ടീച്ചറായിരുന്നു റോൾ മോഡൽ. ശുപാർശകൾ ഒന്നുമില്ലാതെ പ്രയാസപ്പെട്ടാണെങ്കിൽ ഈ ഇഷ്ടം നടപ്പിലായി കിട്ടിയപ്പോൾ എനിക്കത് ജീവിതാഭിലാഷമായിരുന്നു. പക്ഷേ കലാമണ്ഡലത്തിലെ കോഴ്സ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ നട്ടെല്ലിനും തോളിനും അസഹ്യമായ വേദന തുടങ്ങിയത്. കൂടെ പഠിച്ചവർക്കെല്ലാം ഞാൻ നിത്യരോഗിയായി. പൂർണ പിന്തുണയും പ്രോത്സാഹനവുമായി ഹോസ്റ്റലിലെ സുഹൃത്തുക്കൾ ഒപ്പം നിന്നു. എന്നാൽ ചെറിയ പൊടി കൈകളിൽ തീരുന്നതായിരുന്നില്ല എന്റെ വേദന. വെളുപ്പിന് ആരംഭിക്കുന്ന മെയ് സാധകത്തിന് പങ്കെടുക്കാൻ സാധിക്കുന്നില്ല. ഒടുവിൽ അമ്മ വന്ന് തിരുവനന്തപുരത്തേക്ക് കൂട്ടി കൊണ്ട് പോയി. ഇനി തിരികെ കലാമണ്ഡലത്തിലേക്ക് എത്തുമോ എന്നുറപ്പില്ലാത്ത ഒരു യാത്ര.

മെഡിക്കൽ കോളെജിലെ നിത്യ സന്ദർശക

തിരുവനന്തപുരം മെഡിക്കൽ കോളെജിലാണ് ആദ്യം നട്ടെല്ല് വേദന കാണിച്ചത്. സ്കോളിയോസിസ് (നട്ടെല്ല് വളയുന്ന രോഗം) ആണെന്ന് ഡോക്ടർ കണ്ടെത്തി. "ഇനി ഡാൻസ് ചെയ്യാൻ കഴിയില്ല. ഫിസിയോതെറാപ്പി ചെയ്യണം. ബോ‍ഡി മുഴുവൻ കവർ ചെയ്യുന്ന പോസ്റ്റർ കറക്ടഡ് ബെൽറ്റിടണം. സർജറി ചെയ്താലേ പൂർണമുക്തി വരൂ, അതിന് വെല്ലൂർ പോണം." – ഡോക്ടറിന്റെ ഈ വാക്കുകൾ വെള്ളിടി പോലെയാണ് എന്റെയും അമ്മയുടെയും കാതുകളിൽ മുഴങ്ങിയത്. കരഞ്ഞുകൊണ്ടാണ് അന്ന് അശുപത്രി വിട്ടത്. എന്നും ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റിൽ പോയി ഫിസിയോ ചെയ്തു. അവിടെ നിന്നാണ് മെഡിക്കൽ കോളെജിൽ നിന്നു വിരമിച്ച ഹരിഹരൻ ഡോക്ടറിനെ കാണിക്കാൻ ഒരാൾ പറഞ്ഞത്.

കലാമണ്ഡലത്തിലേക്ക് തിരികെ പോകാൻ കിട്ടിയ പ്രചോദനം

18 വയസ് തികയാത്തതിനാലും ശരീര വളർച്ചയുെട സമയമായതിനാലും സ്കോളിയോസിസ് ചികിൽസിച്ച് ഭേദമാക്കാം എന്ന് ഹരിഹരൻ ഡോക്ടർ പറഞ്ഞു. "ഫിസിയോ ചെയ്യണം, പിന്നെ ഇതുവരെ ജീവിതത്തിലുണ്ടായിരുന്ന ചില ചിട്ടകൾ മാറ്റണം. പുതിയ ചില ചിട്ടകൾ ആരംഭിക്കണം. ഡാൻസ് ഒരിക്കലും ഇതിന്റെ പേരിൽ നിർത്തരുത്. രണ്ടുമാസം ഫിസിയോ ചെയ്ത് നേരെ കോഴ്സിന് റീജോയിൻ ചെയ്തോളൂ" എന്നായിരുന്നു ഡോക്ടറിന്റെ നിർദേശം. 

ഡോക്ടറിന്റെ വാക്കുകൾ അനുഗ്രഹമായി. 2 മാസം മുടങ്ങാതെ ഫിസിയോ ചെയ്തു. ദിവസവും ചെയ്യാൻ ചില ഫിസിയോ വ്യായാമങ്ങളും ഉണ്ടായിരുന്നു. തലയിണ കൂടാതെ മണ്ണ് നിറച്ച മറ്റൊരു ബാഗ് ഉറങ്ങുമ്പോൾ നടുവിന്റെ ഒരു വശത്ത് വച്ചുവേണം കിടക്കാൻ. കലാമണ്ഡത്തിലെ കോഴ്സ് സംഭവബഹുലമായി മുന്നേറുന്നതിനൊപ്പം എന്റെ ഫിസിയോതെറാപ്പി പരിപാടികളും കൃത്യമായി മുന്നോട്ട് നീങ്ങി. തത്കാലം ഗുരുതര പ്രശ്നങ്ങളില്ല.

kalamandalam-bhavya-vijayan
ഭവ്യ വിജയൻ

പഠിച്ചിറങ്ങി, അമ്മയെ സഹായിക്കാനായി ഡാൻസ് പഠിപ്പിക്കാൻ തുടങ്ങി, ഒപ്പം പെർഫോർമൻസുകളും. ഇതിനിടെ ഒന്നര വർഷം ഡാൻസ് ടീച്ചറായി പ്രവാസ ജീവിതം. നാട്ടിലെത്തി വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞിനെയും കിട്ടി. ഡാൻസ് വലിയ മുടക്കമില്ലാതെ തുടർന്നുകൊണ്ടെയിരുന്നു. സ്വന്തമായി ഒരു സ്ഥാപനം വളർന്നു വരുന്ന സമയത്ത് നട്ടെല്ലിന് വീണ്ടും വേദന തുടങ്ങി. 'നിവർന്ന് നിൽക്ക് കൊച്ചേ' എന്ന് പറയുന്നവരുടെ എണ്ണം കൂടി. ചുരിദാറിന്റെ ഒരു കാലിന്റെ നീള വ്യത്യാസം പ്രകടമായി തുടങ്ങി. നടക്കുമ്പോൾ തന്നെ ഒരു ചരിവ്. ഡാൻസ് കളിക്കുമ്പോഴുള്ള പോസ്റ്ററുകളിൽ മാറ്റം വന്നു. നട്ടെല്ലിന്റെ വളവ്, ആളുകളുടെ ചോദ്യങ്ങൾ വേദനയേക്കാൾ എന്നെ അത് അലട്ടിക്കൊണ്ടിരുന്നു. ചേച്ചി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നഴ്സായിരുന്നു. ഒരു ദിവസം ചേച്ചിക്കൊപ്പം ആശുപത്രിയിൽ മറ്റൊരാവശ്യത്തിന് ചെന്നപ്പോൾ ഡോക്ടർ രഞ്ജിത് ഉണ്ണികൃഷ്ണനെ കാണിക്കാൻ പറഞ്ഞു. ചേച്ചി വഴി ഡോക്ടർക്ക് എന്നെ നേരത്തെ തന്നെ അറിയാം. ഒരു ദിവസം എക്സ്റേ എടുക്കാനായി ഇങ്ങു പോരെ എന്ന് പറഞ്ഞ് ഡോകടർ വിട്ടു.

kalamandalam-bhavya-vijayan-xray-image
ശസ്ത്രക്രിയയ്ക്ക് മുൻപും പിൻപുമുള്ള എക്സ്റേ

അമ്പരിപ്പിച്ച എക്സ്റേ

എക്സ്റേ കണ്ട് നമ്മളെല്ലാം ഞെട്ടി. 48 ഡിഗ്രി വളവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. "താനൊരു ഡാൻസർ അല്ലേ, ഇനിയും വച്ചു താമസിപ്പിക്കണ്ട. ഇപ്പോൾ തേയ്മാനം സ്റ്റാർട്ട് ചെയ്തിട്ടില്ല. തേയ്മാനം തുടങ്ങിയാൽ കാര്യങ്ങൾ ഗുരുതരമാകും. പിന്നെ സർജറി ചെയാതാലും വേദന ഒരിക്കലും മാറില്ല. ഡാൻസ് തനിക്കൊരു അനുഗ്രഹമായിട്ടുണ്ട്. ഡാൻസർ ആയത് കൊണ്ട് ഹിപ്പിന്റെ അവിടെയും കഴുത്തിന് പിൻഭാഗത്തും വളവ് ബാധിച്ചിട്ടില്ല. ഹിപ്പ് സർജറി ചെയ്ത് കമ്പിയിട്ടാൽ പിന്നെ ഡാൻസ് ചെയ്യാൻ കഴിയില്ല. ഇപ്പോഴത്തെ അവസ്ഥയിൽ അതിന്റെ ആവശ്യമില്ല. 10 മണിക്കൂർ സർജറി വേണം. മേജർ സർജറിയാണ്. അതിന്റേതായ റിസ്കുകളുണ്ട്. പക്ഷേ തന്നെ ഞാൻ 6 മാസം കൊണ്ട് ഡാൻസ് ചെയ്യിക്കും ഉറപ്പ്. 5 ലക്ഷം രൂപ ആകെ ചെലവ് വരും " - രഞ്ജിത് സാർ പറഞ്ഞു.

ഡോക്ടറിന്റെ ആത്മവിശ്വാസം

‘‘താൻ ഇങ്ങ് വന്ന് അഡ്മിറ്റാക് ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം. ഇതൊരു വലിയ സർജറി ആണെന്ന് കാണരുത്. തന്റെ ശരീരത്തിന് ഒരു കോസ്മറ്റിക് പ്രശ്നമുണ്ട്. ഒരു വളവ്. നമ്മൾ മൂക്കും മുഖവുമെല്ലാം പ്ലാസ്റ്റിക് സർജറി ചെയ്യുന്നതുപോലെ ഒരു കോസ്മറ്റിക് സർജറി ആണെന്ന് കരുതിയാൽ മതി. ധൈര്യമായി വാ, ബാക്കി എനിക്ക് വിടൂ...’’ ഇങ്ങനെയായിരുന്നു ഡോക്ടറിന്റെ വാക്കുകൾ. എനിക്ക് ചത്താലും വേണ്ടില്ല, ശരീരത്തിന്റെ ഈ അപാകത മാറ്റണമെന്ന് മാത്രമായിരുന്നു ചിന്ത. ഭയത്തോടെ ആണെങ്കിലും ഏട്ടനും അമ്മയും ചേച്ചിയും എന്റെ മൂന്നു വയസായ മോനും കട്ടയ്ക്ക് കൂടെ നിന്നു.

kalamandalam-bhavya-vijayan-and-dr-ranjith-unnikrishnan
ഭവ്യ വിജയനും ഡോ. രഞ്ജിത് ഉണ്ണികൃഷ്ണനും

‘‘നടന്നു വേണം പോകാൻ. സ്ട്രെച്ചർ ഒന്നും തരില്ല’’

സർജറി കഴിഞ്ഞപ്പോൾ മുതൽ ഡോക്ടറിന് ആത്മവിശ്വസം കൂടി. സർജറിയുടെ വേദനയിൽ ഞാൻ പുളയുമ്പോഴും ഡോക്ടർ പറയും– ‘‘ഒന്നും ഇല്ലടോ അത് രണ്ട് ദിവസം കൊണ്ട് മാറും. ഏഴാമത്തെ ദിവസം ഹോസ്പിറ്റലിൽ നിന്നും പൊയ്ക്കോളണം. നടന്നു വേണം പോകാൻ സ്ട്രെച്ചർ ഒന്നും തരില്ല’’ എന്നും മൂന്നു നേരം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഫിസിയോതെറാപ്പിസ്റ്റ് എത്തി എന്നെ ഹോസ്പിറ്റലിലെ ആ ഫ്ലോറിൽ നടത്തിക്കും. ഒരു കൈയ്യിൽ മൂത്രസഞ്ചിയും മറു കൈയ്യിൽ ഡ്രൈണിന്റെ (രക്തം) സഞ്ചിയും കൊണ്ട് നടക്കുമ്പോൾ മനസിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഏഴാം ദിവസം നടന്നു വേണം വീട്ടിൽ പോകാൻ.

kalamandalam-bhavya-vijayan-stage-image
ഭവ്യ വിജയൻ


‘‘ഏഴാം ദിവസം വീട്ടിൽ, ആറാം മാസത്തിൽ അരങ്ങിൽ’’

ഡോക്ടർ പറഞ്ഞപോലെ ഏഴാം ദിവസം നടന്നു തന്നെ വീട്ടിൽ പോയി. എല്ലാ ആഴ്ചയിലും ഡോക്ടറിനെ വിളിക്കും. കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യും. ഒരു മാസം കഴിഞ്ഞപ്പോൾ ‘താൻ ഇതുവരെ ഡാൻസ് പ്രാക്ടീസ് തുടങ്ങിയില്ലേ’’ എന്നൊരു ചോദ്യം. ഞാൻ അന്ധാളിച്ചു. പതുക്കെ തുടങ്ങിക്കോ ഇനി വച്ചു താമസിപ്പിക്കേണ്ട എന്നൊരു തള്ളും. അന്ന് ഡാൻസ് ചെയ്ത് തുടങ്ങാനുള്ള ശാരീരിക അവസ്ഥ എത്തിയിരുന്നില്ല. പക്ഷേ ഡോക്ടർ പറഞ്ഞാൽ ചെയ്യാതിരിക്കുന്നതെങ്ങനെ. പതുക്കെ എന്റെ കുട്ടികളെ ‍ഡാൻസ് ക്ലാസിന് വരാൻ പറഞ്ഞു. അവർക്ക് ഡാൻസ് പതുക്കെ കാണിച്ചു കൊടുക്കുമ്പോൾ പ്രാക്ടീസ് കൂടിയാകും എന്നതായിരുന്നു കാരണം. മൂന്നു മാസം കഴിഞ്ഞപ്പോൾ ആരോഗ്യകരമായ പ്രാക്ടീസ് തുടങ്ങി. ഡോക്ടറിനെ പോയി കണ്ട് റിവ്യൂ ചെയ്തു. തനിക്കൊരു കുഴപ്പവുമില്ല. പണ്ടത്തേക്കാൾ ആരോഗ്യവതിയായി, ഡാൻസ് പൊളിച്ചോളൂ– ഡോക്ടർ പറഞ്ഞു.

അവിടെ നിന്നും ഞാൻ ആദ്യം മുതൽ തുടങ്ങുകയായിരുന്നു. ആറാം മാസത്തിൽ ഗുരുവായൂരപ്പന്റെ നടയിൽ എന്റെ ‍ഡാൻസിന്റെ രണ്ടാം ജന്മത്തിന്റെ അരങ്ങേറ്റമായിരുന്നു. അവിചാരിതമായിട്ടാണെങ്കിൽ ഡോക്ടറും കുടുംബവും ഗുരുവായൂരെത്തി അനുഗ്രഹിച്ചു. സർജറിക്ക് വരുന്നവർക്ക് എന്റെ ഫോൺ നമ്പർ നൽകി. എന്റെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

കിംസിൽ നടന്ന സ്പൈൻ രോഗികളുടെ ക്യാംപിന് അതിഥിയായി എന്നെ വിളിച്ചു. ഒരു പാട് രോഗികളുമായി അന്ന് സംസാരിച്ചു. പലരും നമ്പർ വാങ്ങി ഇടയ്ക്ക് ഇപ്പോഴും വിളിക്കുന്നവരുണ്ട്. വേൾഡ് സ്പൈൻ ഡേയ്ക്ക് ഡോക്ടറിന്റെ നിർദ്ദേശപ്രകാരം എന്നെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത ഒരുപാട് പേർക്ക് പ്രചോദനമായി. പിന്നെ മിക്ക മാധ്യമങ്ങളിലും എന്റെ ഫീച്ചർ വന്നു, എന്റെ ധൈര്യത്തെക്കുറിച്ച്, ഡാൻസിനെക്കുറിച്ച് എല്ലാം. അപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ സാറിന്റെ വാക്കുകൾ ആയിരുന്നു. ഇന്നും എന്നെ മുന്നിലേക്ക് നയിക്കുന്നത് നട്ടെല്ല് നിവർ‌ത്തി നിന്ന് നൃത്തം ചെയ്യാൻ സഹായിക്കുന്നത് അദ്ദേഹത്തിന്റെ പ്രചോദനമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ എന്റെ നട്ടെല്ലിൽ കത്തി വച്ചത് മാത്രമല്ല, ഡോക്ടർ ഈ ചെറിയ നർത്തകിയെ ഒരു സ്റ്റാറാക്കി മാറ്റി.

English Summary : National Doctor's Day - Memoir by Kalamandalam Bhavya Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com