sections
MORE

കണ്ണുതുറപ്പിച്ച കോവിഡ് : ഡോക്ടർമാരുടെ മനോവീര്യം കൂട്ടണം, പ്രോത്സാഹിപ്പിക്കണം

SHARE

ഡോക്ടർമാരും പൊതുസമൂഹവുമായുള്ള അകലം മുൻപെങ്ങും ഇല്ലാത്തവിധം കുറഞ്ഞിട്ടുണ്ട്. കോവിഡ് എന്ന മഹാമാരിയുമായി നേരിട്ടു പോരാടുന്ന ഡോക്ടർമാരുടെ തോളോടു തോൾ ചേർന്നു തന്നെ പൊതുസമൂഹം നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഇത്തവണ നാഷനൽ ഡോക്ടേഴ്സ് ഡേ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. രോഗിയെ ശാസ്ത്രീയമായി പരിശോധിച്ച് ചികിത്സ നടത്തുക എന്ന ചിട്ടപ്പടി ജോലിയിൽനിന്ന് ഏറെ ഉയർന്ന് സമൂഹത്തിനാകെ ശാസ്ത്രീയാവബോധം പകർന്ന്, ആത്മവിശ്വാസമേകി മുന്നിൽനിന്ന് പടനയിക്കുന്ന പോരാളികളുടെ സംഘമായി മാറിയിരിക്കുന്നു ഡോക്ടർമാർ. പൊതുജനങ്ങളുമായി സംവദിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന പാതയിലൂടെ മുൻപേ പറന്നവരാണ് ഡോക്ടർ വി.പി. ഗംഗാധരൻ- ഡോക്ടർ ചിത്രതാര ദമ്പതികൾ. കോവിഡ് കാലത്തെ ആരോഗ്യപ്രവർത്തനത്തെപ്പറ്റി ഡോക്ടേഴ്സ് ഡേയിൽ അവർ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

dr-v-p-ganagadharan-dr-chithrathara
ഡോ. വി.പി. ഗംഗാധരൻ, ഡോ. ചിത്രതാര

‘അദൃശ്യ എതിരാളിയുമായുള്ള പോരാട്ടത്തിലാണ് നാമെല്ലാവരും. അതിൽ മുന്നണിപ്പോരാളികളാണ് ഡോക്ടർമാർ. മുൻപും ഓരോ രോഗിയെയും രക്ഷപ്പെടുത്താൻ ഇതേ പ്രവൃത്തിയിലൂടെ അവർ പോയിട്ടുണ്ട്. ആശുപത്രിയിലെ എല്ലാ കണ്ണികളും അതിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ആ പോരാട്ടത്തെ കോവിഡ്-19 പശ്ചാത്തലത്തിൽ പുറംലോകം അറിയുന്നു. മറ്റു രോഗങ്ങളെ തോൽപ്പിച്ച്  ജീവൻ രക്ഷിക്കുന്ന ആ ആരോഗ്യസംവിധാനം നിശ്ശബ്ദമായി നടക്കുന്നുമുണ്ട്. 

ജീവൻ പണയം വച്ചാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ആ റിസ്കിനെയും ആത്മാർഥതയെയും ജനം തിരിച്ചറിയുന്നു എന്നതിൽ സന്തോഷമുണ്ട്. ഇന്നു വന്ന മെസ്സേജുകളിൽ പലതിലും ഡോക്ടർമാർ സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണം എന്നു ധ്വനിപ്പിക്കുന്നതായിരുന്നു. സേവ് ലൈഫ് ആൻഡ് സ്റ്റേ സേഫ് എന്നാണ് അതിലൊരു വാക്യം’–. ഡോക്ടർ വി.പി ഗംഗാധരൻ പറഞ്ഞുനിർത്തി. 

ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരനുഭവം എന്ന് ഡോക്ടർ ചിത്രതാര പറയുന്നു. വാക്സിന്റെ പരീക്ഷണം തുടങ്ങി എന്ന വാർത്ത പോലും സന്തോഷമേകുന്നതാണ്. ആരിൽനിന്നുവേണമെങ്കിലും രോഗം പകരാം എന്ന അവസ്ഥയിൽ അതീവജാഗ്രതയിൽ പ്രവർത്തിക്കേണ്ട കാലമാണിത്. പകർച്ചവ്യാധികൾ ചികിത്സിക്കുമ്പോൾ നമുക്കു പകരും, മരിക്കും എന്നൊരു ചിന്തയിൽ ഇതുവരെ ജോലിചെയ്തിട്ടുണ്ടാവില്ല പലരും. എന്നാൽ നമ്മുടെ പട്ടാളക്കാർ ലഡാക്കിലൊക്കെ കാവൽ നിൽക്കുന്നതുപോലെ അതീവ ജാഗ്രതയോടെയാണ് ഈ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ അണിചേർന്നിട്ടുള്ളത്. എന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഇതുവരെ അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല. സർജൻസ് അടക്കമുള്ള എത്രയോ ആരോഗ്യപ്രവർത്തകർ ഈ പോരാട്ടത്തിൽ മനുഷ്യകുലത്തിനായി ജീവത്യാഗം ചെയ്തിട്ടുണ്ട്. അവർക്കൊക്കെ ഈ ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു. 

അർജന്റ് ആയ സർജറികളാണ് ഇപ്പോൾ ചെയ്യുന്നത്. സുരക്ഷാഉപാധികൾ ധരിക്കുമ്പോൾ പലർക്കും ശാരീരിക പ്രശ്നങ്ങളുണ്ടാകാറുണ്ട്. എങ്കിലും അതിജീവിക്കണം മനുഷ്യകുലം എന്ന ചിന്ത നമ്മെ മുന്നോട്ടു നയിക്കുന്നു. മുൻനിരപോരാളികളായി ഡോക്ടർമാരുണ്ട്. കൂടെ സർക്കാരും ആരോഗ്യപ്രവർത്തകരും പിന്തുണയുമായി പൊതുജനവും ചേരുമ്പോൾ നാം ഈ മഹാമാരിയെ മറികടക്കും.

കണ്ണുതുറപ്പിച്ച കോവിഡ് 

കേരളത്തിൽ നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തെ ഒന്നുണർത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ കാര്യമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നമ്മുടെ സംസ്ഥാനം അല്ലെങ്കിൽ തകർന്നു പോകുമായിരുന്നു. പൊതുജനം ആരോഗ്യപ്രവർത്തകരുമായി മാതൃകാപരമായി സഹകരിച്ചത് പ്രതിരോധത്തിനു കൂടുതൽ സഹായകരമായി. റിസ്ക് ഒഴിവായി  എന്നു പറയാനായിട്ടില്ല. പക്ഷേ, നമ്മൾ പൊതുജന സഹകരണത്തോടെ ഒരു പരിധി വരെ പൊരുതിനിൽക്കുന്നുണ്ട്. 

ഇനി സാമ്പത്തിക ഞെരുക്കമാണു വരാൻ പോകുന്നത്. സമൂഹം എന്ന നിലയ്ക്ക് കൂടുതൽ സഹകരണത്തോടെ മുന്നോട്ടുപോയാലേ കഷ്ടനഷ്ടങ്ങൾ പരിഹരിക്കാനാകൂ. കമ്യൂണിറ്റി കിച്ചൺ ഒരു ഉദാഹരണമാണ്. ആദ്യം ഒരു വീട്ടിൽനിന്നു ചുറ്റുപാടുള്ള സഹജീവികളെ നമുക്കു പരിഗണിക്കാം. പിന്നെയത് വാർഡ് തലത്തിലേക്കും ജില്ലാതലത്തിലേക്കും വ്യാപിപ്പിക്കാം. സാമൂഹിക സഹകരണം വളരുന്ന കാലമാണിത്. എന്റെ സുഹൃത്ത് മസ്കറ്റിൽനിന്നു പറഞ്ഞത് അദ്ദേഹത്തിന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ ആരും ആരുമായും പരിചയം ഇല്ലായിരുന്നു, എന്നാൽ കോവിഡ് കാലത്ത് അദ്ദേഹത്തിന് അടുത്ത ഫ്ലാറ്റുകളിൽനിന്ന് ആഹാരം ലഭിച്ചുതുടങ്ങി. ഇപ്പോൾ അവർ തമ്മിൽ സഹകരണമുണ്ട്. ഇക്കാലത്തിന്റെ ഒരു ഉപോൽപന്നമായി സഹകരണത്തെ കാണാം.

ഡോക്ടർമാരും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞത് മറ്റൊരു പോസിറ്റീവ് കാര്യമാണ്. മുൻപ്  രണ്ടു തട്ടിലായിരുന്നു ഇരുവരും. ജനങ്ങൾക്ക് ആരോഗ്യപ്രവർത്തകരുമായി ഇഴയടുപ്പം കൂടി.  കൂടുതലായി ചെയ്യാൻ നമുക്കുമുണ്ട് എന്നൊരു ബോധ്യം ആരോഗ്യപ്രവർത്തകർക്കുമുണ്ട്. കോവിഡ് ഇതിനൊരു കണ്ണു തുറപ്പിക്കൽ ആണ്. ഡോക്ടർ പ്രഫഷനിലേക്ക് ആത്മാർഥതയോടെ വരുന്നവരുടെ എണ്ണം കുറയുന്ന പ്രവണതയുണ്ട്. ഇതിനൊക്കെ മാറ്റം വരും. തന്റെ കുടുംബാംഗങ്ങളുടെയടക്കം ജീവിതം രക്ഷപ്പെടുത്തുന്നത് താനാണ് എന്ന ചിന്ത ഒരു പ്ലസ് പോയിന്റാകും. ഒരു ത്രില്ലിങ് പ്രഫഷൻ ആയി മാറും- ഇക്കാലത്തിന്റെ മറ്റൊരു കാഴ്ചപ്പാട് ഗംഗാധരൻ ഡോക്ടർ പങ്കുവച്ചു. 

മെഡിക്കൽ ടൂറിസം

മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾക്ക് നമ്മുടെ ഹെൽത്ത് സിസ്റ്റം മഹാമോശമാണ് എന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോൾ പലരും യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്. ലോകം ഇപ്പോൾ നമ്മളെ നോക്കുന്നുണ്ട്. അതുപോലെ ഡോക്ടർമാരുടെ ആത്മവിശ്വാസം കൂടുന്നുണ്ട്. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ഡോക്ടർമാരുടെ അതേ ആത്മവിശ്വാസം ഇപ്പോൾ നമ്മുടെ രാജ്യത്തെ മെഡിക്കൽ പ്രഫഷനൽസിനും വരുന്നുണ്ട്. സാമ്പത്തികമായ അന്തരം മാറ്റിനിർത്താം. എങ്കിലും  ആരോഗ്യസംവിധാനങ്ങളും സൗകര്യങ്ങളും മികച്ചതായി. ഈ സ്ഥിതി ആരോഗ്യടൂറിസം രംഗത്തു മാത്രമല്ല നാടിന്റെ സമഗ്രപുരോഗതിക്കും ഉണർവേകും. പകർച്ചവ്യാധികൾ ഉള്ള നാട് എന്ന ദുഷ്പേര് നമുക്കു മാറ്റാനായി.

മനോവീര്യം കൂട്ടണം, പ്രോത്സാഹനം നൽകണം

ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കൂട്ടാൻ സർക്കാർ മുന്നിൽ നിൽക്കണം. ഇത്രയേറെ അപകടകരമായ ജോലിസാഹചര്യത്തിൽ ആണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്. അവരുടെ ശമ്പളവും ആനുകൂല്യവും കുറയാതെ നോക്കണം. അവരുടെ കുടുംബാംഗങ്ങൾക്കു കൂടുതൽ പിന്തുണ നൽകാൻ സർക്കാരുകൾ ആലോചിക്കണം. അപ്പോൾ ജോലിചെയ്യാനുള്ള ഉത്സാഹം കൂടും. ട്രയിനിങ് കഴിഞ്ഞാലും കുറച്ചുകാലം ഹോസ്പിറ്റലിൽ ജോലിചെയ്യാൻ അവസരം നൽകണം. സ്വകാര്യ ഹോസ്പിറ്റലുകളിൽ കോവിഡ്ചികിത്സ അധികം ഇല്ലാത്ത അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളിൽ പിപിഇ കിറ്റുകളും N95 മാസ്കുകളും വളരെ ശ്രദ്ധാപൂർവം, മാനദണ്ഡങ്ങളുപയോഗിച്ച് പുനരുപയോഗിക്കാൻ സന്നദ്ധമാകണം. നമ്മുടെ ഗവൺമെന്റ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും പുറത്തുനിന്നു കേൾക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. – ഡോ. ചിത്രതാര പറയുന്നു

മകൻ ചെന്നെയിലാണ്. അവിടെ കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക്  ഇരട്ടി ശമ്പളമാണ്. ഒരു ഡ്യൂട്ടി ഷെഡ്യുൾ കഴിഞ്ഞാൽ ഒരാഴ്ച സർക്കാർ ചെലവിൽ സ്റ്റാർ ഹോട്ടൽ സൗകര്യത്തിൽ ക്വാറന്റീനിൽ കഴിയാം. അവർ ജോലിയിൽ തൃപ്തരാണ്. പിജി എക്സാം മാറ്റിവച്ചു. തമിഴ്നാട്ടിലെ സർക്കാർ പിജി വിദ്യാർഥികൾക്ക് അതതു ഹോസ്പിറ്റലിൽത്തന്നെ തുടരാം എന്ന് ഉത്തരവു പുറപ്പെടുവിച്ചു. മാത്രമല്ല അവർക്ക് അതിനായി സാലറി സർക്കാർ നൽകുന്ന രീതിയുമുണ്ട്. അതുകൊണ്ടുതന്നെ ഭൂരിഭാഗം പേരും ജോലിക്കെത്തി. കാര്യങ്ങൾ എളുപ്പത്തിലായി. ഇത്തരം കാര്യങ്ങൾ മാതൃകാപരമാണ്- ഡോക്ടർ ഗംഗാധരൻ കൂട്ടിച്ചേർക്കുന്നു. 

ഡോ. വി.പി ഗംഗാധരൻ
സീനിയർ കൺസൽറ്റന്റ്, മേധാവി, മെഡിക്കൽ & പീഡിയാട്രിക് ഓങ്കോളജി വിഭാഗം
ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

ഡോ. ചിത്രതാര
മേധാവി, ഗൈനക് സർജിക്കൽ & ഓൻകോളജി വിഭാഗം ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

English Summary : National Doctor's Day Message by Dr V. P. Gangadharan & Dr. K Chithrathara

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA