ADVERTISEMENT

രോഗിയായി മാറുമ്പോഴാണ് ഡോക്ടറും ചിലപ്പോൾ ആ സേവന മേഖലയുടെ മഹത്വം കൂടുതൽ അനുഭവിച്ചറിയുന്നത്. ഇതൊരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ കഥയാണ്. പതിവ് ഒപി തിരക്കിനിടയിൽ നിന്ന് ഓടിപ്പോയി തിരക്കിട്ട്  മീൻ  കറിയും കൂട്ടി ഊണ് കഴിച്ചതാണ്. ഉച്ച നേരത്തെ ധൃതിപിടിച്ചുള്ള ഈ ഭക്ഷണം കഴിക്കൽ എല്ലാ ഡോക്ടർമാരും ചെയ്യുന്നതാണ്.

ചെറു മുള്ളുകള്‍ ധാരാളമുള്ള രുചിയുള്ള മീന്‍ കറി ആയിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നു. തൊണ്ടയിൽ ഒരു മുള്ള് കയറി പറ്റിയോയെന്ന് സംശയം തോന്നി. രണ്ട്  മൂന്ന് വലിയ ഉരുള ചോറ് വിഴുങ്ങി അത് പോയെന്ന്  സ്വയം വിശ്വസിപ്പിച്ച് വീണ്ടും ഒപിയിൽ  കയറി.

അടുത്ത ദിവസം മുതൽ  തൊണ്ടയിൽ  ഒരു ചെറിയ അസഹ്യത. വിഴുങ്ങുമ്പോൾ ഒരു മൊട്ടുസൂചി കൊണ്ട് കുത്തുന്നതുപോലെ ഒരു ചെറിയ വേദന. അതും അവഗണിച്ചു. ഇതും ഡോക്ടർമാരുടെ പതിവ് ശീലമാണ്. മൂന്നാം ദിവസമായപ്പോൾ ബുദ്ധിമുട്ട്  അൽപ്പം കൂടി വർധിച്ചു. അന്ന് ഉച്ചഭക്ഷണം കഴിക്കാൻ ഡോക്ടേഴ്സ് റൂമിൽ ഇരിക്കുമ്പോൾ ഒപ്പം മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. സുനിൽ മത്തായി ഉണ്ടായിരുന്നു. ആളൊരു രസികനാണ്. ആ മെഡിക്കൽ മേഖലയിലെ മിടുക്കനുമാണ്. ഒരു സൊറ പറയുന്ന മട്ടിൽ തൊണ്ടയിൽ നടക്കുന്ന ഈ കലാപത്തെ കുറിച്ച് കക്ഷിയോട് പറഞ്ഞു. സൈക്യാട്രിസ്റ്റിനെ പേടിച്ചു മീൻ മുള്ള്  പൊയ്ക്കോളുമെന്ന മട്ടിലാണ് പറഞ്ഞത്. 

ഭക്ഷണം  കഴിഞ്ഞ ഉടനെ സുനിൽ യ്യോടെ എന്നെ എൻഡോസ്കോപ്പി  മുറിയിലേക്കു കൊണ്ടുപോയി. മുള്ള്  ഉണ്ടോയെന്ന് പരിശോധിക്കാൻ കുഴലിറക്കി നോക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യ മനസ്സിലേക്ക്  വാക്കും നോക്കും കൊണ്ട് കുഴലിട്ട്  നോക്കുന്ന  മാനസികാരോഗ്യ വിദഗ്ധന്  പേടിയായെന്ന്  പറയാൻ ഒരു നാണവുമില്ല. എന്റെ ഡോക്ടർ  ഐഡന്റിറ്റി  കൊഴിഞ്ഞു വീണു. ഞാൻ വെറുമൊരു രോഗിയായി മാറുകയായിരുന്നു.മസുനിൽ മത്തായി  ഡോക്ടറെന്ന  സ്ഥാനം നേടി മേൽക്കൈ സ്ഥാപിച്ചു. ഇത് വളരെ ലളിതമല്ലേയെന്ന്  ആശ്വസിപ്പിച്ചു. വിശ്വാസം വളർത്തി. മയങ്ങാനുള്ള ഒരു ലഘു അനസ്തീസിയ നൽകി. ഉണർന്നപ്പോൾ ഒരു കൊച്ചു  കുപ്പിയിൽ ആ ചെറു 

മുള്ളുമായി സുനിൽ മത്തായി ഒരു ചിരിയുമായി നിൽക്കുന്നു. മുള്ളിനുണ്ടോ ഡോക്ടറെന്ന  പരിഗണന. അശ്രദ്ധമായി കഴിച്ചാൽ അവൻ തൊണ്ടയിൽ ഒരു മയവുമില്ലാതെ തറച്ചു കയറും.  

ഏത്  കഠിന ചികിത്സയിലൂടെയും രോഗിയെ കൈ പിടിച്ചു നടത്തി, നേടി കൊടുക്കാവുന്ന രോഗശാന്തിയിലേക്ക് നയിക്കേണ്ടവരാണ് ഡോക്ടർ സമൂഹമെന്ന് അറിയാം. പക്ഷേ തൊണ്ടയിൽ മുള്ളു കുടുങ്ങുകയും അത് സുനിൽ മത്തായി എടുക്കുകയും ചെയ്തപ്പോഴാണ് കൃത്യമായി അനുഭവപ്പെട്ടത്. എല്ലാ ഡോക്ടർമാരും ഒരു വട്ടം രോഗിയായി മാറി  ഈ പാഠം പഠിക്കുവാൻ പറ്റില്ലല്ലോ? ഒരു കാര്യം ഉറപ്പാണ്. അസുഖം വന്നാൽ അവരെ ചികിൽസിക്കണമെന്നു മോഹിക്കുന്ന ഡോക്ടറുടെ  പ്രകൃതമായിരിക്കണം എല്ലാ ഡോക്ടറും ലക്ഷ്യമാക്കേണ്ടത്.

അന്ന്  ഡോക്ടർ സുനിൽ മത്തായി ഉച്ച  ഭക്ഷണത്തിന് ഒപ്പം ഉണ്ടായിരുന്നില്ലെങ്കിൽ ആ മുള്ളുമായി ഞാൻ പിന്നെയും കുറെ നാൾ നടന്നേനെ. അത് ഒരു വലിയ പഴുപ്പായി മാറി തൊണ്ടയിൽ ഒരു വിപ്ലവം തുടങ്ങുമ്പോഴായിരിക്കും ചികിത്സയ്ക്കായി  എത്തുന്നത്. രോഗം ശ്രദ്ധയിൽ പെട്ടാൽ ഉടനെ രോഗിക്ക് വിശ്വാസം നൽകി ഉണർന്ന്‌  പ്രവർത്തിക്കണം. തക്ക സമയത്തു ദൈവതുല്യമായ കരുണയോടെ ഇടപെടണം. രോഗിയായി മാറിയപ്പോൾ ഈ വെളിപാട് നൽകിയ ഡോക്ടറെ മറക്കാൻ പറ്റുമോ? പെട്ടെന്ന് ഉണ്ടാകുന്ന വൈകാരിക  വിക്ഷോഭത്തിന്റെ പേരിൽ  ഡോക്ടർ ആക്രമിക്കപ്പെടുമ്പോൾ  ഡോക്ടർ സമൂഹത്തിന്റെ ഇത്തരം ധൈര്യങ്ങൾ ചോർന്നു പോകാമെന്നതും കൂടി ഇവിടെ കുറിക്കേണ്ടതുണ്ട് .

മുള്ള്  തൊണ്ടയിൽ കുടുങ്ങി  മാറി ഡോ. സുനിൽ മത്തായിയുടെ രോഗിയായി മാറിയതുകൊണ്ട് ഡോക്ടർ സമൂഹത്തിന്  ആശംസ  അർപ്പിക്കാൻ ഈ ഡോക്ടർക്കും യോഗമുണ്ടായി. ഡോ സുനിൽ ഇപ്പോൾ കരീബീയൻ സമുദ്രത്തെ പുണർന്ന്  കിടക്കുന്ന കേമെൻ(Caymen )   ദ്വീപിലെ ഒരു ആശുപത്രിയിലാണ്. ധാരാളം മീനുള്ള സ്ഥലം. മീൻ മുള്ള്  തൊണ്ടയിൽ കുടുങ്ങി അവിടെ ഇതുപോലെയുള്ള മണ്ടന്മാർ വരുന്നുണ്ടോ ആവോ ?

അന്ന് ഈ അനുഭവം  ഫെയ്സ് ബുക്കിൽ  പങ്കുവച്ചപ്പോൾ മുള്ളുള്ള മീൻ തിന്നാനുള്ള ബുദ്ധികൾ ഈ മണ്ടൻ രോഗിക്ക് വേണ്ടുവോളം   ലഭിച്ചു. അത് ഇങ്ങനെയൊക്കെ. ധൃതിയിൽ മുള്ളുള്ള മീൻ  കഴിക്കരുത്. ചോറിൽ കുഴച്ചു തിന്നാൻ പാടില്ല. വർത്തമാനം പറഞ്ഞുകൊണ്ട് തിന്നരുത്. മെല്ലെ  മുള്ളുകൾ ഓരോന്നായി മാറ്റി  വേണം രുചിയുള്ള മീൻ ദശ ആസ്വദിക്കാൻ. ഏകാഗ്രത  തെറ്റിയാൽ മുള്ള് തൊണ്ടയിൽ കുത്തിക്കയറും. ഡോക്ടർ  വേണ്ടി വരും. ചെറു മുള്ളുകള്‍ ധാരാളം ഉള്ള കരിമീന്‍ പോലെയുള്ള മത്സ്യം കഴിക്കുന്ന നേരം ഇതൊക്കെ ശ്രദ്ധിക്കണമെന്ന അറിവ് നല്ലതാണ്. കൊതി കൂടി കുഴൽ വിഴുങ്ങുന്ന ഗതികേട് വേണ്ട.

English Summary: Dr. C. J. John's memorable about the fish thorn stuck in his throat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com