ADVERTISEMENT

കോവിഡ്-19 പലരെയും പല തരത്തിലാണ് ബാധിക്കാറുള്ളത്. ചിലര്‍ക്കത് സാധാരണ പനി പോലെ വന്നു പോകുമെങ്കില്‍ ചിലരെ അത് തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലെത്തിക്കുന്നു. രോഗികളില്‍ ഏതളവ് വരെ കോവിഡ് ആഘാതമേല്‍പ്പിക്കാം എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചാല്‍ മരണ നിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനു വഴിയൊരുക്കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വിര്‍ജീനിയ സര്‍വകലാശാലയിലെഒരു സംഘം ഗവേഷകര്‍.   

ഓരോ വ്യക്തിയിലും കോവിഡ്-19 തീവ്രത മുന്‍കൂട്ടി പ്രവചിക്കാന്‍ രക്ത പരിശോധനയിലൂടെ സാധിക്കുമെന്നാണ്  ഇവര്‍  കണ്ടെത്തിയിരിക്കുന്നത്. വെന്റിലേറ്ററിലേക്ക് പോകാന്‍ സാധ്യതയുള്ള രോഗികളെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഈ കണ്ടെത്തല്‍  ചികിത്സാ സംവിധാനങ്ങളുടെ തയാറെടുപ്പില്‍ മുതല്‍ക്കൂട്ടാകും. 

പ്രതിരോധ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളായ സൈറ്റോകീനുകളുടെ രക്തത്തിലെ സാന്നിധ്യമാണ് കോവിഡ് തീവ്രതകണക്കാക്കാനായി പരിശോധിക്കുന്നത്. ശരീരം രക്തത്തിലേക്ക് പുറന്തള്ളുന്ന സൈറ്റോകീനുകളുടെ തോത് കൂടുന്നത് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിന് ഇടയാക്കും. 'സൈറ്റോകീന്‍ സ്‌റ്റോം' എന്നാണ് ഇതിന് പറയുന്നത്. ഇത് കടുത്ത പനിക്കും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമാകാം. 

ഈ സൈറ്റോകീനുകളെ നിയന്ത്രിക്കുന്നതിലൂടെ കോവിഡ് രോഗികളില്‍ ശ്വസകോശം നിലയ്ക്കാനുള്ള സാധ്യത കുറയ്ക്കാമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡിന് ചികിത്സ തേടുകയും അവസാനം വെന്റിലേറ്റര്‍ ആവശ്യമായി വരുകയും ചെയ്ത 57 രോഗികളുടെ രക്ത സാംപിളുകളാണ് പഠനത്തിന് വേണ്ടി പരിശോധിച്ചത്. 

രോഗനിര്‍ണയം നടത്തുകയോ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയോ ചെയ്ത് 48 മണിക്കൂറിനകം ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി എടുത്തിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിക്കേണ്ട തരത്തിലുള്ള രോഗതീവ്രതയിലേക്ക് എത്താത്ത രോഗികളുടെ രക്ത സാംപിളുകളുമായി ഇത് താരതമ്യം ചെയ്തു. 

ഗവേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രക്തപരിശോധനയ്ക്ക് ശേഷം രോഗികള്‍ക്ക് സ്‌കോറിങ്ങ് സംവിധാനം ഏര്‍പ്പെടുത്താമെന്നും വിര്‍ജീനിയ സര്‍വകലാശാലയിലെ ഗവേഷണ സംഘം പറയുന്നു. ഇത് രോഗതീവ്രത കൂടാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രത്യേക പരിചരണം ലഭ്യമാക്കാന്‍ സഹായിക്കും. 

English Summary: Blood test can predict severity of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com