ADVERTISEMENT

കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ് ലോകം. വൈറസിനെ വരുതിയിലാക്കാന്‍ ശാസ്ത്രലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെയാണ് മഹാമാരിയാകാന്‍ സാധ്യതയുള്ള ഒരു പുതിയ വൈറസിനെ കൂടി കണ്ടെത്തിയിരിക്കുന്നത്. കോവിഡിനെ പോലെ ഈ പുതിയ വൈറസും ചൈനയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

പന്നികളിലാണ് ജി4 എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വെറൈസ് വകഭേദം കണ്ടെത്തിയത്. നിലവില്‍ ഭീഷണിയല്ലെങ്കിലും അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഗവേഷണ ജേണലായ പിഎന്‍എഎസില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാന്‍ ശേഷി ലഭിച്ചാല്‍ അടുത്ത മഹാമാരിയായി ഇത് മാറുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ തന്നെ ജി4 വൈറസിനെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

പകര്‍ച്ചപ്പനിക്കെതിരെ മനുഷ്യര്‍ കൈവരിക്കുന്ന പ്രതിരോധമൊന്നും ഈ വൈറസിനെ നേരിടാന്‍ മതിയാകില്ലെന്നും അപകടകരമായ ജനിതഘടനയാണ് ഇതിനുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. പന്നിപ്പനിയുടെ വൈറസായ എച്ച്1എന്‍1 ല്‍ നിന്ന് ജനിതകമായി പരിവര്‍ത്തനം സംഭവിച്ചുണ്ടായതാണ് ജി4 വൈറസ് എന്ന് കരുതുന്നു.

പന്നികളെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു. സ്ഥിതിഗതികള്‍ ഗൗരവത്തോടെ നിരീക്ഷിച്ച് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ അറിയിച്ചു. കോവിഡിനെ മെരുക്കും മുന്‍പ് ജി4 അപകടകാരിയായി മാറിയാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. 

English Summary: Researchers identify new 'Pandemic Potential' Swine flu virus in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com