ADVERTISEMENT

വിദേശികളെല്ലാം കുറേക്കാലം കൊണ്ടു സ്വദേശികളാകും. മിക്ക  രാജ്യങ്ങളിലും സ്വദേശികൾ എന്നു ഇന്നുപരിഗണിക്കപ്പെടുന്നവർ ഒരു കാലത്തു  പരദേശികൾ എന്നു സ്വയം  കരുതിയവരാണ്. ആളുകൾ മാത്രമല്ല, സസ്യങ്ങൾ പോലും അങ്ങനെയാണ്. നമ്മുടെ റബ്ബറും കപ്പയും കശുവണ്ടിയും എല്ലാം വിദേശികളാണ്. കശുവണ്ടി പറിച്ചും കപ്പ തിന്നും റബ്ബർ വിറ്റു ഫീസ്‌ കൊടുത്തും വളർന്ന എനിക്ക് ഇവയെല്ലാം വൈദേശിക സസ്യങ്ങളാണെന്നറിഞ്ഞപ്പോൾ ആദ്യം  അതിശയമായിരുന്നു. കാരണം  റബ്ബർ ജനിച്ചത് മുണ്ടക്കയത്തെവിടെയോ ആണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസ പ്രമാണം.

ഇത് വസ്ത്രങ്ങൾക്കെല്ലാം ബാധകം. 1960ൽ പാന്റിട്ട എല്ലാവരെയും  വിദേശഫാഷൻ കാരായാണ് ഞങ്ങൾ  റാന്നിക്കാർ  നോക്കിക്കണ്ടത് ! എന്നാലിന്ന് ഒന്നാം  ക്ലാസ്സിൽ ടൈ കെട്ടിയില്ലെങ്കിൽ കുട്ടിക്ക് മോശമാണ് എന്നാണു അവിടെയും പലരുടെയും ചിന്ത. 

രോഗങ്ങൾക്കും ഇത് ബാധകമാണ്. അതുകൊണ്ടാണ് ഇന്നലെ വിദേശിയായിരുന്ന വൈറസ് താമസിയാതെ സ്വദേശിയാകും എന്ന് ഇന്നലെ ഒരു ചാനലിൽ പറയാനിടയായത്. 

ആദ്യമൊക്കെ എല്ലാ കാര്യങ്ങളും വിദേശബന്ധങ്ങൾകൊണ്ടായിരിക്കും തുടങ്ങുന്നത്. പക്ഷേ കുറച്ചു കഴിയുമ്പോൾ വിദേശബന്ധങ്ങൾ  ഇല്ലാത്ത ധാരാളം ആളുകളിലും അത്തരം കാര്യങ്ങൾ പ്രത്യക്ഷപ്പെടും.  അങ്ങനെയായികഴിയുമ്പോൾ വിദേശബന്ധങ്ങൾ ഇല്ലാത്തവരായിരിക്കും കൂടുതലായി ആ  കാര്യത്തിൽ ബന്ധപ്പെടുന്നത്.

ഇത് വൈറസിന്റെ കാര്യത്തിൽ പോലും സംഭവിക്കും. വിദേശി ക്രമേണ സ്വദേശിയാകും. ഒരു BBC റിപ്പോർട്ടിൽ ചൈനീസ് വൈറസ് എന്നാണ് പരാമർശം. പക്ഷേ ബ്രിട്ടനിൽ മരിച്ച 40000 പേരിൽ ബഹുഭൂരിപക്ഷത്തിനും  രോഗം കിട്ടിയത് സ്വന്തം നാട്ടുകാരിൽനിന്നു തന്നെയാണ്.

ആദ്യമാദ്യം വിദേശികളിൽനിന്നു വൈറസ് പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധ നല്ലതും ശരിയുമാണ്.  എന്നാൽ എന്തു ചെയ്താലും, നാം ഒരു ചെറിയ ദ്വീപല്ലാത്തതു കൊണ്ട്, ഒരു ഘട്ടം കഴിയുമ്പോൾ പച്ചക്കറിയിലൂടെയും ചന്തകളിലൂടെയും രോഗലക്ഷണമില്ലാത്ത രോഗികളിലൂടെയും വൈറസ് നിശബ്ദമായി യാത്ര ചെയ്തു ചെയ്തു സ്വദേശികൾതന്നെ  വ്യാപനത്തിൽ മുൻപന്തിയിലെത്തും. അതു സംഭവിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഈ നാട്ടിൽ താമസിക്കുന്ന  നമ്മൾതന്നെ പരസ്പരം രോഗം പകർത്താനുള്ള സാധ്യത വളരെ കൂടുന്നു. നാം അറിയാതെ നാംതന്നെ രോഗികളായിരുക്കുമെന്ന സാധ്യത മനസ്സിലാക്കി വ്യക്തിപരമായി ജാഗ്രത പാലിക്കുക. ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വൈറസ് തനി നാടനായിത്തീരും!

നമ്മുടെ ശത്രു വൈറസാണ്... മനുഷ്യനല്ല. അകലം പാലിച്ചാൽ മതി, ഓടിയൊളിക്കേണ്ട.

പരിഭ്രാന്തി വേണ്ട, ജാഗ്രത മതി...

ഒരു കാര്യം കൂടി ചെയ്യാം ...

താടിയിൽനിന്നു മൂക്കിലേക്കു മാസ്കുയർത്താം ... സ്വയം സുരക്ഷിതരാവാം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com