ADVERTISEMENT

ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അടുത്തിടെ കൊറോണാവൈറസ് ബാധിതരായ ചില കുട്ടികളില്‍ കാവസാക്കി (Kawasaki) അസുഖത്തിന്റെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊള്ളിത്തടിക്കല്‍ (rashes), വൃണമാകല്‍ (inflamation) എന്നീ രോഗലക്ഷണങ്ങളാണ് കുട്ടികളില്‍ അധികമായി കാണുന്നത്. എന്നാല്‍, കോവിഡ്-19 നെഗറ്റീവ് ആയ കുട്ടികളിലും ഇത് കണ്ടു തുടങ്ങിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാവസാക്കി അസുഖത്തിന്റെ ലക്ഷണങ്ങളുള്ള ആദ്യ കേസുകള്‍ യൂറോപ്പിലും അമേരിക്കയിലും ഏപ്രില്‍ മുതല്‍ റിപ്പോര്‍ട്ടു ചെയ്തുവരുന്നതാണ്. ഇത് ഇന്ത്യയില്‍ കണ്ടു തുടങ്ങിട്ട് ഏതാനും ആഴ്ചകളെ ആയുള്ളു. ഈ വകഭേദത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേര് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി ഡിസോര്‍ഡര്‍ എന്നാണ്

എന്താണ് കാവസാക്കി അസുഖം?

ഇതുവരെ വിരളമായി മാത്രം കുട്ടികളെ ബാധിച്ചുവന്നിരുന്ന അസുഖമാണിത്. ഇതിന്റെ ലക്ഷണങ്ങള്‍ ചുവന്ന കണ്ണ്, പൊള്ളിത്തടിക്കല്‍, ചുവപ്പു കൂടിയ ചുണ്ടുകള്‍, ഞാവല്‍പ്പഴ (strawberry) നാക്ക് തുടങ്ങിയവയ്‌ക്കൊപ്പം രക്തധമനി സിസ്റ്റവും വൃണിതമാകുന്ന രീതിക്കാണ് കവസാക്കി അസുഖം എന്നു വിളിക്കുന്നത്. 

ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍ക്കും പ്രശ്‌നം വരും. അഞ്ചു ദിവസത്തേക്ക് ചുട്ടുപഴുത്ത പനിയും അനുഭവപ്പെടും. 1961ല്‍ ഈ രോഗം ആദ്യം റിപ്പോര്‍ട്ടു ചെയ്ത ടൊമിസാകു കാവസാക്കിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹം തന്റെ 95-ാമത്തെ വയസില്‍ ഈ വര്‍ഷം ജൂണില്‍ ടോക്കിയോയില്‍ അന്തരിച്ചു. എന്താണ് കാവസാക്കി അസുഖം ഉണ്ടാക്കുന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു ഇന്‍ഫെക്‌ഷനോ വൈറസോ ആയിരിക്കാം ഇത് ഉണ്ടാക്കുന്നതെന്നു കരുതുന്നു.

കൊറോണാവൈറസ് വരുന്ന പല കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണാറില്ല. ചിലര്‍ക്ക് ഏതാനും ചില ലക്ഷണങ്ങള്‍ കാണിക്കും. എന്നാല്‍, വിരളമായി കൊറോണാവൈറസ് വന്ന കുട്ടികളില്‍ 2-3 ആഴ്ചകള്‍ കഴിയുമ്പോള്‍ അടുത്തിടെയായി കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ കൊറോണാവൈറസ് വരാത്ത ചില കുട്ടികളിലും ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ജൂണില്‍ കോകിലാബെന്‍ ധീരൂഭായ് അംബാനി ആശുപത്രിയിലെത്തിച്ച 14 വയസുകാരിക്ക് കടുത്ത പനിയും പൊള്ളിത്തടിച്ച ത്വക്കും ഉണ്ടായിരുന്നു. കുട്ടി കോവിഡ്-19 പോസിറ്റീവായി. തുടര്‍ന്ന് ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത ശേഷം രോഗം മാറി കഴിഞ്ഞ ശനിയാഴ്ച ഡിസ്ചാര്‍ജ് ആയി.

കുട്ടിക്ക് കാവസാക്കി അസുഖത്തിന്റെ മറ്റു ലക്ഷണങ്ങളായ ചുവന്ന കണ്ണും, ചുവന്ന നാക്കും ഇല്ലായിരുന്നു. ഹൃദയത്തിന് വീക്കമുണ്ടായിരുന്നെങ്കിലും കാവാസാക്കി ബാധിതരില്‍ കാണാവുന്നതുപോലെ കൊറോണറി പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നം കണ്ടില്ലെന്നാണ് ചികിത്സിച്ച പീഡിയട്രീഷ്യന്‍ ഡോക്ടര്‍ തനു സിങ്ഗാള്‍ പറഞ്ഞത്. ജൂണില്‍തന്നെ ഇതേ ലക്ഷണങ്ങളുമായി എത്തിയ രണ്ടു കുട്ടികളെ കൂടി താന്‍ ചികിത്സിച്ചതായി ഡോ. തനു അറിയിച്ചു. എന്നാല്‍, ഇരുവരും കോവിഡ്-19 നെഗറ്റീവായിരുന്നു.

ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയില്‍ ഇത്തരത്തിലുള്ള നാലു കേസുകള്‍ വന്നതായി അവിടത്തെ കുട്ടികളുടെ കാര്‍ഡിയോളജിസ്റ്റായ ഡോ. ബിസ്വാസ് ആര്‍ പാന്‍ഡ പറയുന്നത് ഇത്തരത്തിലുള്ള നാലു കേസുകള്‍ താന്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കൈകാര്യം ചെയ്തിരുന്നു എന്നാണ്. ഇവയെല്ലാം കോവിഡ്-19 നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അവര്‍ക്ക് കോവിഡ്-19 ഇല്ലെന്നു പറയാന്‍ തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആര്‍റ്റി-പിസിആര്‍ ടെസ്റ്റുകള്‍ തൊണ്ട സ്രവമെടുത്തു ചെയ്ത സമയത്തിനുള്ളല്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു മാറിപ്പോയതുമാകാമെന്നും അദ്ദേഹം പറയുന്നു. ഇവര്‍ക്കു നാലു പേരിലും ദേഹത്ത് പൊള്ളിത്തടിക്കലും, ധമനികള്‍ വൃണിതമാകലും കാണാമായിരുന്നു. എന്നാല്‍, കാവസാക്കി രോഗത്തിന്റെ മുഴുവന്‍ ലക്ഷണങ്ങളും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കവസാക്കി രോഗം സാധാരണഗതിയില്‍ അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. എന്നാല്‍, കോവിഡ്-19 രോഗികളില്‍ കൗമാരക്കാരില്‍വരെ ഇതു കാണപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ്-19ന് ഒപ്പം കാവസാക്കി രോഗവും വരുന്ന കുട്ടികളില്‍ സ്‌ട്രോബെറിനാക്ക് കാണപ്പെടുകയോ കാണപ്പെടാതിരിക്കുകയോ ചെയ്യാം. എന്നാല്‍, ഇത് കാവസാക്കി രോഗത്തിന്റെ മുഴുവന്‍ നിര്‍വചനത്തിനും ഉള്ളില്‍ നില്‍ക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. പത്തു ദിവസമോ അതിലധികമോ വെന്റിലേറ്റര്‍ സപ്പോര്‍ട്ടും മരുന്നും നല്‍കിയാണ് കുട്ടികളെ രക്ഷിച്ചെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്റ്റിറോയ്ഡ് അടക്കമുള്ളവ ചികിത്സാ സമയത്ത് നല്‍കിയിരുന്നു. ഇന്ത്യ കാവസാക്കി പോലെ തോന്നിക്കുന്ന ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ കണക്കു സൂക്ഷിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

English Summary: Covid-19 patients with Kawasaki symptoms in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com