ADVERTISEMENT

പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി കാണിച്ചാലും രോഗലക്ഷണമുള്ളവരെ ചികിത്സിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ ലക്ഷണങ്ങളെല്ലാമുള്ള രോഗികള്‍ പല തവണ പരിശോധിക്കപ്പെട്ടിട്ടും നെഗറ്റീവ് ഫലം കാണിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം ഒടുവില്‍ കോവിഡായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

കൃത്യത 70 ശതമാനം മാത്രമുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റിനേക്കാല്‍ രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെയും സിടി സ്‌കാന്‍ അടക്കമുള്ള റിപ്പോര്‍ട്ടുകളെയും വിശ്വസിക്കണമെന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ പള്‍മിനറി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന്‍ പ്രഫസര്‍ ഡോ. നീരജ് ഗുപ്ത അഭിപ്രായപ്പെടുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനും 40 ശതമാനം കൃത്യതയേ അവകാശപ്പെടാനുള്ളൂ.

ഈ ടെസ്റ്റുകളെ മാത്രം ആധാരമാക്കിയാല്‍ രോഗമുള്ള പലര്‍ക്കും കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ വരുമെന്നും ഡോ. ഗുപ്ത പറയുന്നു. 90 ശതമാനം കൃത്യതയുള്ള ആന്റിബോഡി ടെസ്റ്റ് രോഗിക്ക് മുന്‍പ് കോവിഡ് ബാധിച്ചോ എന്നറിയാന്‍ ഉപകാരപ്പെടും. എന്നാല്‍ ഇതും രോഗം പിടിപെടുന്ന ആദ്യ ഘട്ടങ്ങളില്‍ പ്രയോജനകരമല്ല. 

രോഗം തീവ്രത കുറഞ്ഞ ഘട്ടത്തില്‍ നിന്ന് കൂടിയ ഘട്ടങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കുന്ന തരത്തിലാകണം ചികിത്സാ പദ്ധതികളെന്നും ഡോ. ഗുപ്തനിര്‍ദ്ദേശിക്കുന്നു. 

മൂന്നും നാലും തവണ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തിയിട്ടും ചിലര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ടെന്ന് ഡല്‍ഹി എയിംസ് ജെറിയാട്രിക് മെഡിസിനിലെ ഡോ. വിജയ് ഗുര്‍ജര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, അതേ രോഗികളില്‍ കൃത്യമായ രോഗ ലക്ഷണങ്ങളും സിടി സ്‌കാനില്‍ ന്യൂമോണിയയുടെ സൂചനകളും ലഭിച്ചിട്ടുണ്ട്. പിന്നീട് ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റി ബോഡികളുടെ സാന്നിധ്യം കണ്ടെത്തി. അതിനാല്‍ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരുമായ രോഗികളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കോവിഡ് ചികിത്സ ആരംഭിക്കണമെന്നും അപ്പോള്‍ ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവാകാന്‍ കാക്കരുതെന്നും ഈ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ശരിയായ രീതിയില്‍ സാംപിളുകള്‍ ശേഖരിക്കാതിരിക്കുന്നതും തെറ്റായ ഫലം നല്‍കിയേക്കാം. ലക്ഷണങ്ങളെല്ലാം കോവിഡിലേക്ക് വിരല്‍ ചൂണ്ടുമ്പോഴും ടെസ്റ്റില്‍ നെഗറ്റീവായാല്‍ ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍ ചെയ്തു നോക്കുന്നത് ശരിരായ രോഗനിര്‍ണയത്തിന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com