ADVERTISEMENT

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ. മാനസികമായി തളരാതിരിക്കുകയും വൈറസിനു മുന്നിൽ അടിയറവു പറയാതിരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നു ലിബിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ലിബിന്റെ കോവിഡ് അനുഭവം വിവരിച്ചുള്ള പോസ്റ്റ് വായിക്കാം.

‘കോവിഡ് എന്ന രോഗത്തെക്കുറിച്ച് നമ്മുടെ ഇടയിൽ ഒരു തെറ്റായ ധാരണയുണ്ട്. ഒട്ടു മിക്ക ജനങ്ങളുടെയും വിചാരം ഇത്‌ എയ്ഡ്‌സ് പോലുള്ള മാരക രോഗം ആണെന്നാണ്‌. എന്നാൽ ഒന്നു പറയട്ടെ ഇത് അത്തരത്തിലുള്ള ഒരു രോഗാവസ്ഥ അല്ല. പനിയോ, ചുമയോ മറ്റുള്ള രോഗലക്ഷണങ്ങൾ വരുമ്പോൾ അത് കുറച്ചു കൂടുതൽ ആയിട്ടായിരിക്കും നമുക്ക്‌ അനുഭവപ്പെടുക എന്നു മാത്രം. അച്ഛന് തലവേദന ഒരു ദിവസം വന്നിരുന്നു, ശക്തമായ തലവേദനയായിരുന്നു അത്‌. എനിക്ക് പനി വന്നപ്പോൾ ഒരു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ അത് 102ഡിഗ്രിക്കു മുകളിൽ പോയി. ഇതൊക്കെയാണ് ഏറെ കുറെ ലക്ഷണങ്ങൾ. ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചപ്പോൾ ആണ് ഇതൊക്കെയായിരുന്നു ലക്ഷണങ്ങൾ എന്ന് മനസിലാക്കിയത്

ഈ വൈറസ് ശരീരത്തിലുള്ളപ്പോൾ ചിലപ്പോൾ നമുക്ക്‌ മുൻപ് ഉണ്ടായിരുന്ന ചെറിയ വേദനകൾ ഒന്നുംതന്നെ തുടർന്ന് അനുഭവപ്പെടണം എന്നില്ല. എന്നാൽ ഈ വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങുമ്പോൾ ആ പഴയ വേദനകൾ നമുക്ക്‌ തിരിച്ചു വരുന്നതായി തോന്നാം. അതിനർഥം നമ്മൾ പൂർവ സ്‌ഥിതിയിലേക്ക് മടങ്ങി വരുന്നതായി അനുമാനിക്കാം. ഇത്‌ എന്റെ മാത്രം തിരിച്ചറിവാണ്.

മരുന്നുകൾ കൂടാതെതന്നെ നമ്മൾ കുറച്ച് മുൻകരുതൽ എടുക്കണം എന്നു മാത്രം. എല്ലാ വീടുകളിലും steamer (ആവിപിടിക്കുന്ന ഉപകരണം) വാങ്ങി വയ്ക്കുക, ഇങ്ങനെയുള്ള ലക്ഷണങ്ങൾ വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കുന്നതിനോടൊപ്പം ആവിപിടിക്കുക, ഉപ്പു വെള്ളം കവിൾ കൊള്ളുക, ഇടയ്ക്കിടയ്ക്ക് ചൂടു വെള്ളം കുടിക്കുക, ചുക്ക് കാപ്പി കുടിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെതന്നെ ചെയ്യാവുന്നതാണ്.

പ്രധാനപ്പെട്ട ഒരു കാര്യം വൈറസിന് മുൻപിൽ നമ്മൾ അടിയറവ് പറയാതിരിക്കുക എന്നതു തന്നെയാണ്. മാനസികമായി തളരാതിരിക്കുക എന്ന വസ്‌തുത കൂടി മറക്കാതിരിക്കുക. ഒരു ഡോക്ടർ പറഞ്ഞു ഞാൻ അറിഞ്ഞത് ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം ഇത്‌ മറ്റുള്ളവരിലേക്ക് പടരാൻ ഉള്ള ശക്‌തി കൂടുതലാണ് എന്നാണ്. അതു കൂടാതെ തുടർച്ചയായ പത്തു ദിവസം ആണ് ഈ വൈറസ്‌ നമ്മുടെ ശരീരത്തെ കീഴ്പെടുത്താൻ ശ്രമിക്കുന്നത്. ആ പോരാട്ടത്തിൽ നമ്മൾ അതിനെ അതിജീവിക്കണം എന്നു മാത്രം. അങ്ങനെയെങ്കിൽ പതിനൊന്നാം ദിവസം മുതൽ വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങും എന്നതാണ്. ഏറ്റവും വലിയ മരുന്ന് എന്ന് പറയുന്നത് നമ്മുടെ മനസ്സ് തന്നെയാണ് എന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തട്ടെ. മനസ്സിനെ കീഴ്പ്പെടുത്താൻ ഒരു വൈറസിനെയും അനുവദിക്കരുത്.

ഒരിക്കൽ ഇത് വന്നാൽ പിന്നീട് വരില്ല എന്നൊന്നും ഒരിടത്തും പറയുന്നില്ല. എന്നുവച്ചാൽ തുടർന്നും നമ്മൾ ജാഗ്രതയോടെ മുന്നോട്ടു പോകണം എന്നുതന്നെ

എല്ലാവർക്കും ഉള്ള തെറ്റിധാരണ വീട്ടിൽ ഇങ്ങനെ രോഗലക്ഷങ്ങളോടെ ഇരിക്കേണ്ടി വന്നാൽ പുറത്തുപോയി സാധനങ്ങളും മറ്റും വാങ്ങാൻ കഴിയില്ലല്ലോ എന്നതൊക്കെയാണ്. എന്റെ അനുഭവത്തിൽ പറയുന്നു നിങ്ങളുടെ പരിസരത്തുള്ള ഏത്‌ വിഭാഗത്തിൽപെട്ട രാഷ്ട്രീയ പ്രവർത്തകരോടും നിങ്ങൾ കാര്യങ്ങൾ വിളിച്ചു പറഞ്ഞാൽ അവർ നമുക്ക് എന്ത്‌ സാഹായങ്ങളും ചെയ്യാൻ സദാ സന്നദ്ധരാണ് എന്നുള്ളതാണ്. കാരണം ഇത് കേരളമാണ്.  രാഷ്ട്രീയത്തിന് അതീതമാണ് മനുഷ്യസ്നേഹം.

ഇങ്ങനെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ട ആവശ്യം വന്നാൽ ഉപയോഗപ്പെടുത്തുക. കൂടാതെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, ആശാ വർക്കർ എന്നിവരുടെ നമ്പർ കൂടി കയ്യിൽ വാങ്ങി സൂക്ഷിക്കുക

നമ്മൾ രണ്ട് വെള്ളപ്പൊക്കത്തെ അതിജീവിച്ചത് നിങ്ങൾക്ക് ഓർമയുണ്ടോ? മറ്റുള്ള ഇടങ്ങളിൽ കുടുങ്ങി കിടന്നവരെ പലവിധ ഇൻഫർമേഷനിലൂടെയാണ് നമ്മൾ കരയ്ക്കെത്തിച്ചത്. എത്രപേരെയാണ് നമ്മൾ മരണത്തിൽ നിന്നുവരെ രക്ഷിച്ചത്. അതായത് ലോകത്ത് ഇത്തരത്തിൽ ഉണർന്ന് പ്രവർത്തിച്ചത് മലയാളികൾ തന്നെയാണ് എന്നത് അഭിമാനം ആണ്. ആ മലയാളിയിൽ ഒരാൾ ആകാൻ കഴിഞ്ഞു എന്നതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. അതുപോലെതന്നെയാണ് ഈ രോഗലക്ഷണങ്ങൾ വന്നാലും ചെയ്യേണ്ടത്. നമ്മളുമായി ഇടപെട്ടവരെ ഉടൻ വിവരം അറിയിക്കുക,അവരോട്‌ വേണ്ട മുൻകരുതൽ എടുക്കാൻ പറയുക. കാരണം അവരുടെ വീടുകളിലും കാണും കൊച്ചു കുട്ടികളും കൈ കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ. അതുവഴി അവരുടെ ജീവൻ കൂടിയാണ് നമ്മൾക്ക് രക്ഷിക്കാൻ കഴിയുക എന്ന് ചിന്തിക്കുക. അതിനുള്ള സമയം ഇനിയും വൈകിയിട്ടില്ല. അങ്ങനെ നമ്മുടെ കേരളീയർ ചെയ്താൽ കേരളത്തിൽ 50 ൽ കൂടുതൽ രോഗികൾ ഉണ്ടാവില്ല എന്നു ഞാൻ അടിവരയിട്ടു പറയുന്നു. ഞാൻ ഒരാൾ മാത്രം ചിന്തിച്ചാൽ അതു സാധ്യമാവില്ല, നമ്മൾ എല്ലാവരും ഒറ്റകെട്ടായി പ്രയത്നിച്ചാൽ അതു സാധ്യമാകും. അതിന് എല്ലാവർക്കും കഴിയണം. കാരണം ഈ യുദ്ധത്തിൽ വാക്‌സിൻ എത്തുന്നത് വരെ ജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, ഐക്യമത്യം മഹാബലം എന്നല്ലേ.

അച്ഛനും അമ്മയും ഞാനും സുഖമായിരിക്കുന്നു. പ്രായമായവർക്ക് പേടി കൂടുതൽ ആണ് എന്നു മാത്രം. അച്ഛന് കുറച്ചു പേടി ഉണ്ടായിരുന്നു. ഞങ്ങളുടെ നിരന്തരമായ സപ്പോർട്ട് കൊണ്ട് അച്ഛന്റെ പേടി മാറ്റി എടുക്കാൻ ഒരു പരിധി വരെ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ഇപ്പോഴുള്ള വലിയകാര്യം എന്നു പറയട്ടെ. അച്ഛനും സുഖമായിരിക്കുന്നു.

പിന്നെ സർക്കാർ സൗകര്യങ്ങൾ എല്ലാംതന്നെ വളരെ നല്ലതാണ്‌. താമസം, ഭക്ഷണം, ഡോക്ടർ, നഴ്‌സിങ് സംവിധാനങ്ങൾ, കൗൺസലിങ് തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചം ആണ്.

രോഗം വരുന്നത് സ്വാഭാവികമാണ്. നമ്മൾ അതിനെ ചെറുത്തു തോൽപ്പിക്കുന്നതാണ് വിജയം. ആ വിജയത്തിന് നമുക്ക് എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ്. അതിനുവേണ്ടി നമുക്കെല്ലാം ഒന്നിച്ച് കൈ കോർക്കാം.

നമ്മൾ തോൽക്കണമെങ്കിൽ നമ്മൾതന്നെ വിചാരിച്ചാൽ മാത്രമേ കഴിയൂ എന്ന് കൂടി ഓർമപ്പെടുത്തട്ടെ.’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com