ADVERTISEMENT

ചെലോൽത് റെഡിയാവും, ചെലോൽത് റെഡിയാവൂല്ല. കൊറോണ വൈറസിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ചിലര്‍ക്ക് സംഗതി തീവ്രമാകും. ചിലര്‍ക്ക് ചെറിയ ജലദോഷപ്പനി പോലെ വന്നു പോകും. ചിലരിൽ, ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ കോവിഡ് വന്നത് അറിയുക കൂടിയില്ല. 

ഇതെന്താ കോവിഡ്19 ഇങ്ങനെ എന്ന് ചോദ്യത്തിനും ഉത്തരമാവുകയാണ്. ചില വ്യക്തികളില്‍ കോവിഡ് തീവ്രമാകുന്നതിനു വഴി വയ്ക്കുന്ന ഒരു ജനിതക പരിവര്‍ത്തനമാണ് നെതര്‍ലന്‍ഡ്‌സിലെ റാഡ്ബൗഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

മനുഷ്യ ശരീരത്തിലെ TLR7  ജീനുകള്‍ക്ക് സംഭവിക്കുന്ന പരിവര്‍ത്തനമാണ് ചിലരില്‍ കോവിഡ് തീവ്രമാകാന്‍ കാരണമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. മനുഷ്യ കോശങ്ങളുടെ പുറം ഭാഗത്ത് പ്രോട്ടീന്‍ റിസപ്റ്ററുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നതാണ് TLR7 ജീനുകള്‍. ഇന്റര്‍ഫെറോണുകള്‍ എന്നാണ് ഈ പ്രോട്ടീനുകളുടെ പേര്. ഈ പ്രോട്ടീന്‍ റിസപ്റ്ററുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ്, ബാക്ടീരിയ പോലുള്ള അണുക്കളെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുന്നു. 

TLR7 ജീനുകള്‍ക്ക് ജനിതക പരിവര്‍ത്തനം വഴി തകരാര്‍ സംഭവിക്കുമ്പോള്‍ ഇന്റര്‍ഫെറോണുകള്‍ ഉത്പാദിപ്പിക്കാതാകും. ഇത് മൂലം വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും പ്രതിരോധ സംവിധാനം അതറിയില്ല. തടസ്സങ്ങളൊന്നും കൂടാതെ ശരീരത്തില്‍ പെറ്റുപെരുകാന്‍ ഇത് വൈറസിനെ സഹായിക്കും. ഇതാണ് ചിലരില്‍ കോവിഡ് തീവ്രമാകാന്‍ കാരണമാകുന്നതെന്ന് സഹഗവേഷകനായ അലക്‌സാണ്ടര്‍ ഹൊയ്‌സ്‌ചെന്‍ പറയുന്നു. 

ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ ഉല്‍ക്കാഴ്ചകള്‍ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നതാണ്. തീവ്ര ലക്ഷണങ്ങളോടു കൂടിയ കോവിഡ് ബാധിതരുടെ ചികിത്സയിലും ഈ കണ്ടെത്തല്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. 

English Summary: Genetic mutation that may make some people more vulnerable to COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com