sections
MORE

ആയിരം കടന്ന കോവിഡ് കേസുകൾ; സുരക്ഷിതരാകാൻ ഈ കാര്യങ്ങൾക്ക് സ്വയം ലോക്കിടാൻ ശ്രമിക്കുക

covid-testing
SHARE

"പുലി വരുന്നേ പുലി" കഥയിലെ പുലി ഇങ്ങെത്തി. ഈ സ്പീഡിൽ വന്നാൽ സ്വീകരിക്കാൻ സ്ഥലം തികയുമോ എന്നുറപ്പില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കി ഇരിപ്പാണ്, പല നല്ല കാര്യങ്ങളും പറയുന്നുണ്ട്, അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ആണ്. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടോ എന്നറിയാനാണ് ചെവി കൂർപ്പിച്ചു വച്ചിരിക്കുന്നത്. ഒരു പ്രഖ്യാപനത്തിന്റെ ആ നിമിഷത്തിനു വേണ്ടി ആരും കാത്തിരിക്കേണ്ട. ആത്യന്തികമായി ഇത് നമ്മളുടെ നിയന്ത്രണമാണ്. നിയന്ത്രണത്തിലൂടെയുള്ള അതിജീവനമാണ്. അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്, മുഖ്യമന്ത്രിയല്ല.

നിങ്ങളുടെ വീട്ടിലെ ഏറ്റവും "ദുർബലരെ" ഏറ്റവും സുരക്ഷിതമായി ലോക്ക് ചെയ്യുക. അടച്ചുറപ്പില്ലാത്ത വീടാണെന്ന് കരുതുക, നിങ്ങളുടെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്. നിങ്ങൾ അത് എങ്ങനെ സൂക്ഷിക്കും? അതുപോലെ വേണം നിങ്ങൾ നിങ്ങളുടെ പ്രായം ആയ അച്ഛനമ്മമാരെ സൂക്ഷിക്കാൻ. പരമാവധി അന്യരാൽ കാണാതെ, സ്പർശിക്കാതെ. അവരെ പുറത്തു വിടുന്ന സാഹചര്യം, നിങ്ങൾ കള്ളന്റെ മുന്നിൽ സ്വർണം പ്രദർശിപ്പിക്കുന്നതിനു തുല്യം ആയിരിക്കും. അവർക്ക് വേണ്ടതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുക്കുക.

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ലോക്കിടുക

കുടുംബത്തോടൊപ്പം ഒരു യാത്ര, സുഹൃത്തുക്കളുടെ കൂടെ ഒരു പാർട്ടി, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷം... എന്തൊക്കെ പ്ലാനിങ് ആയിരുന്നു. തത്കാലം ക്ഷമിക്കുക. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട വർഷമാണ്. ആ കുടുംബങ്ങളുടെ നഷ്ടത്തോട് താരതമ്യം ചെയ്ത് നോക്കൂ. കുടുംബത്തിൽ ഒരു മരണം നടന്നാൽ പലരും ഓണം വേണ്ടെന്നു വയ്ക്കില്ലേ, അതേ പോലെ ഈ കൊല്ലത്തെ എല്ലാ ആഘോഷങ്ങളും അടുത്ത കൊല്ലത്തേക്ക് മാറ്റി വച്ചേക്കുക

നിങ്ങളുടെ ഭക്തിക്ക് ലോക്കിടുക

"വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലും ബാപ്പക്ക് പള്ളിയിൽ പോകാൻ" പറ്റാത്ത സാഹചര്യം ആണിപ്പോൾ. ദൈവം എന്നൊരു സ്രഷ്ടാവ് ഉണ്ടെങ്കിൽ, ആ ദൈവം തന്റെ സൃഷ്ടികളെ മണ്ടന്മാരായി കാണാൻ ആഗ്രഹിക്കില്ല. അതുകൊണ്ട് ഭക്തിയുടെ പേരിൽ ഒരു മണ്ടത്തരവും കാണിക്കാതെ ദൈവത്തോട് പറയാനുള്ളത്, സ്വന്തം വീട്ടിൽ നിന്നുതന്നെ രഹസ്യമായി പറഞ്ഞു തീർത്തേക്കുക.

നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റിന് ലോക്ക് ഇടുക

ഭർത്താവ് മീൻ, ഭാര്യ തക്കാളി, മകൻ പാൽ ഇങ്ങനെ ആളെണ്ണം വീതിച്ചുള്ള സാധനം വാങ്ങൽ ഇനി ശരിയാവില്ല. വീട്ടിലേക്ക് ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം ഓർമ വരുമ്പോൾ ഫോണിലോ ഒരു പേപ്പറിലോ കുറിച്ച് വയ്ക്കുക. കടയിലേക്ക് ഉള്ള പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതും വീട്ടിൽ നിന്ന് ആരോഗ്യം ഉള്ള, പ്രായം കുറവുള്ള ഒരാൾ. പുറത്തു നിന്നു കൊണ്ട് (കടയിലൂടെ വണ്ടി ഉന്തി വേണ്ടതും വേണ്ടാത്തതും തൊട്ട് തലോടി നടക്കുന്ന ടൈപ്പ് അല്ല) സാധനം വാങ്ങിച്ചു പോരാവുന്ന കടകൾ തിരഞ്ഞെടുക്കുക, അതും തിരക്ക് കുറഞ്ഞവ. അഥവാ തിരക്ക് കൂടുതൽ കാണുകയാണെങ്കിൽ ആ കട ഒഴിവാക്കുക, അല്ലെങ്കിൽ മാറി കാത്തു നിൽക്കുക. ജോലിക്ക് പോകുന്ന അംഗം ആണെങ്കിൽ കഴിഞ്ഞുള്ള തിരിച്ചു പോക്കിൽതന്നെ ഷോപ്പിങ്ങും നടത്തുക. കുറച്ചു വീടുകൾക്ക് (റസിഡന്റ്‌സ് അസോസിയേഷൻ മുഖേനയോ മറ്റോ ) ഒന്നിച്ച് ഒരാൾ എന്ന പോലെ സാധങ്ങൾ എത്തിക്കാൻ പറ്റുമെങ്കിൽ ഇനിയും തിരക്ക് കുറയ്ക്കാൻ പറ്റും.

വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഓരോ കാര്യങ്ങൾക്കായി ഇറങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരുടെ കാൽ എന്തായാലും ലോക്കിട്ട് വയ്ക്കേണ്ടി വരും. പോക്കറ്റിൽ ചെറിയൊരു സാനിറ്റൈസർ കുപ്പി കരുതിയാൽ നന്ന്. ഇങ്ങനത്തെ പൊതു സ്ഥലങ്ങളിൽ, പൊതു വാഹനങ്ങളിൽ ഒക്കെ കയറി ഇറങ്ങിയാൽ, കുറച്ചു കയ്യിൽ ആക്കി ഒന്നു തിരുമ്മിയേക്കുക, അഥവാ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാം.

വീട്ടിൽ എത്തിയാൽ ഓടി പോയി കസേരയിൽ ഇരിക്കേണ്ട, ചായ ചോദിക്കേണ്ട, കുഞ്ഞിനെ എടുത്തു ലാളിക്കേണ്ട, നേരെ കുളിമുറിയിലേക്ക്, വൃത്തിയാക്കിയിട്ട് മതി ബാക്കി എല്ലാം. വസ്ത്രങ്ങൾ സോപ്പ് പൊടി കലക്കി അതിൽ ഇട്ടു വയ്ക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഒരു 'ശുദ്ധനായ' മനുഷ്യനായി. ഇനി കളിയും ചിരിയും ചായ കുടിയും ആവാം.

യാത്രകൾക്ക് ലോക്കിടുക

നിങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടു തവണ ആലോചിക്കുക. ഈ യാത്ര ഒഴിവാക്കാൻ കഴിയുന്നതാണോ. യാത്രയ്ക്ക് പകരം വീട്ടിലിരുന്ന് ഇതു ചെയ്തു തീർക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. പലതിനും ഓൺലൈൻ മാർഗങ്ങൾ ഉണ്ടാകും, അന്വേഷിച്ചാൽ കാര്യങ്ങൾ പിടി കിട്ടാൻ സാധ്യതയുണ്ട്. സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു ഈ യാത്ര നിർബന്ധം എങ്കിൽ തുടരുക. അല്ലെങ്കിൽ മുന്നോട്ടു വച്ച കാൽ പിറകോട്ടുതന്നെ വലിക്കാം.

നിങ്ങളുടെ ആശങ്കകൾക്ക് ലോക്കിടുക

ഒരുപാട് ചിന്തിച്ചു കൂട്ടേണ്ട. പൊതുവെ ആരോഗ്യകാര്യങ്ങളിൽ വല്ലാതെ ആശങ്കപ്പെടുന്ന കൂട്ടരാണെങ്കിൽ നിങ്ങൾക്ക് ഒട്ടും നല്ല സമയം അല്ല. അങ്ങനെയുണ്ടെങ്കിൽ തത്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നും സമൂഹമല്ലാത്ത മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം. വൈറസിനെ നേരിടാൻ ശാസ്ത്രീയമായി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും വരാൻ ആണെങ്കിൽ അതു വന്നോട്ടെ. 80 ശതമാനത്തിലും രണ്ട് ചുമ, അല്ലെങ്കിൽ ചെറിയൊരു തൊണ്ടയിൽ കിച് കിച്. അത്രയേ ഉള്ളൂ കാര്യം. അതിനേക്കാൾ വലുതായിരിക്കും മാനസിക നില തെറ്റിയാൽ ഉള്ള പ്രശ്നങ്ങൾ.

നിങ്ങളുടെ വായും മൂക്കും കൈയും ലോക്കിടുക

പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടലും കൈ കഴുകലും മാത്രമല്ല, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, പോസ്റ്റുകൾ, ഫോർവേഡുകൾ എന്നിവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാം. ലോക്ഡൗൺ ചെയ്യൂ, എല്ലാം തുറന്നു വിടൂ എന്നൊക്ക ആക്രോശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്ത് വിദഗ്ധർ തീരുമാനം എടുക്കട്ടെ എന്ന് വയ്ക്കണം.

English Summary: COVID- 19; Try to lock yourself

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA