sections
MORE

കോവിഡ് ഡ്യൂട്ടി ചെയ്തില്ല, മുൻകരുതലുകളും എടുത്തു, എന്നിട്ടും കോവിഡ്; ഈ ആരോഗ്യപ്രവർത്തകന്റെ അനുഭവം നമുക്കും പാഠം

wilson sankar
വിൽസൻ ശങ്കർ
SHARE

കോവിഡ് രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരുന്നു. ഈ പോരാട്ടത്തിൽ ഭരണകൂടത്തോടൊപ്പം ഏറ്റവും മുന്നിൽ നിൽക്കുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകർതന്നെയാണ്. പല ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുന്നതും ഭേദമാകുന്നതുമെല്ലാം നമ്മളും കണ്ടും കേട്ടുമിരിക്കുന്നു. ഈ അവസരത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യാതെ, വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ച് കാഷ്വാലിറ്റി ഡ്യൂട്ടി എടുത്തിട്ടും രോഗം വന്ന അനുഭവം പറയുകയാണ് മെയിൽ നഴ്സായ വിൽസൺ ശങ്കർ. ഇത്രയും മുൻകരുതലുകൾ എടുത്ത ഞങ്ങൾക്ക് രോഗം വന്നെങ്കിൽ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളതെന്നും നിങ്ങൾക്കെപ്പോൾ വേണമെങ്കിലും രോഗം പിടിപെടാമെന്നും മലയാളി ക്ലബ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ വിൽസൺ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം 

‘സുഹൃത്തുക്കളേ

ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് ഞാനിപ്പോൾ. കോവിഡ് ബാധിച്ച് ഞാനിപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്റെ പ്രൈമറി കോൺടാക്ടിലുള്ള എല്ലാവരും നെഗറ്റിവ് ആയിരിക്കുകയാണ്. എന്നാലും അമ്മയും അച്ഛനും ഭാര്യയും ഉൾപ്പെടെ എല്ലാവരും ക്വാറന്റീനിൽ തന്നെയാണ്.

ഐസലേഷൻ ഡ്യൂട്ടി എടുക്കുമ്പോഴല്ല എനിക്ക് രോഗം കിട്ടിയത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടത്.

ഭാര്യയുടെ പ്രസവം അടുത്തതിനാൽ ഞാൻ ഐസലേഷൻ ഡ്യൂട്ടിയിൽ നിന്നു മാറിയിരിക്കുകയായിരുന്നു.

കാഷ്വാലിറ്റിയിൽ ഡ്യൂട്ടി എടുക്കുമ്പോൾ യാതൊരുവിധ സമ്പർക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത ഒരു പയ്യന്റെ അടുത്തു നിന്നാണ് എനിക്കും കൂടെയുള്ള 2 സ്റ്റാഫുകൾക്കും രോഗം വന്നത്.

മസ്തിഷക ജ്വരം ബാധിച്ച പയ്യൻ മരുന്നുകൾ എടുക്കുന്നതിനോ ചികിത്സയ്ക്ക് സഹകരിക്കുകയോ ചെയ്തില്ല. അവനെ അനുനയിപ്പിച്ച് ചികിത്സ നൽകിയപ്പോൾ ആണെനിക്ക് രോഗം കിട്ടിയത്. ആ സമയത്ത് ഞാൻ മാസ്ക് ധരിക്കുകയും കൈകൾ നന്നായി വൃത്തിയായി കഴുകുകയും സാനിറ്റൈസർ ഇടുകയും ചെയ്തു. എന്നിട്ടും എനിക്ക് അസുഖം വരികയായിരുന്നു.

അതുമൂലം എനിക്ക് പ്രസവസമയത്ത് ഏതൊരാളും, ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നപോലെ അവളുടെ അടുത്ത് ചെല്ലാൻ പറ്റിയില്ല, സ്ഥലത്തുണ്ടായിട്ടു പോലും എനിക്കെന്റെ കുഞ്ഞിനെ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല.

ഞാനപ്പോഴെല്ലാം ക്വാറന്റീൻ ആയിരുന്നു. ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം കുഞ്ഞിനെയൊന്നു കാണാൻ.

എന്റെ രോഗം സ്ഥിരീകരിച്ച ഉടൻ ഭാര്യയേയും കുഞ്ഞിനേയും ഐസലേഷനിലേക്ക് മാറ്റി. തുടർന്നുള്ള പരിശോധനയിൽ ഭാര്യ നെഗറ്റീവ് ആവുകയും ചെയ്തു.

ഞാൻ നന്നായി തന്നെ ക്വാറന്റീൻ പാലിച്ചിരുന്നതിനാൽ കൂടെയുള്ളവർ നെഗറ്റീവ് ആവുമെന്ന് ഉറപ്പായിരുന്നു.

എന്നിരുന്നാലും ഞങ്ങൾക്കെല്ലാവർക്കും മാനസികമായി വിഷമതകൾ അനുഭവിക്കേണ്ടി വന്നു. ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടിയും വന്നു. എന്റെ കോൺടാക്ടിലുള്ള ആളുകൾക്കും ഇതു പോലെ വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു.

[ഞങ്ങൾക്ക് ചികിത്സയുടെ ഭാഗമായി Psychology കൺസൾട്ടേഷനുമെല്ലാം ലഭിച്ചിരുന്നു.]

എന്നാലും കുഞ്ഞിനെയും ഭാര്യയേയും കാണാത്തതിനാലും പലരുടെയും ഒറ്റപ്പെടത്തലുകളും കുറ്റപ്പെടുത്തലുകളാലും എനിക്കും എന്റെ കുടുംബത്തിനും ചെറിയ വേദനകൾ ഇപ്പോഴും മനസ്സിലുണ്ട്.

പലരും ഞങ്ങൾ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറന്നു. മുൻപ് ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ എന്നിൽ നിന്നു ലഭിച്ച സഹായങ്ങൾ പ്രവർത്തനങ്ങൾ എല്ലാം മറന്നു. ഇപ്പോൾ പലരും പേടിയോടും വൈരാഗ്യത്തോടും അറപ്പോടും കൂടിയാണ് നോക്കിക്കാണുന്നത്. നമ്മളും മനുഷ്യരാണെന്നും ഞങ്ങൾക്കും വികാരങ്ങളുണ്ടെന്നും മറന്നു. ഇത് എന്റെ മാത്രം കാര്യമല്ല എല്ലാ ആരോഗ്യപ്രവർത്തകരും അനുഭവിക്കുന്നതാണിത്.

എനിക്ക് രോഗം വന്നത് ഞാൻ കൂട്ടുകാരോടൊപ്പം കൂട്ടം കൂടി നിന്നതുകൊണ്ടല്ല, മാസ്ക് താടിയിൽ വച്ചതു കൊണ്ടല്ല, അനാവശ്യമായ യാത്രകൾ നടത്തിയതു കൊണ്ടല്ല എന്റെ ജോലി കൃത്യമായി ചെയ്തതു കൊണ്ടാണ്.

രോഗം ഭേദമായി പുറത്തിറങ്ങി ക്വാറന്റീൻ കഴിഞ്ഞു എനിക്ക് ഈ ജോലി തന്നെയാണ് വീണ്ടും ചെയ്യേണ്ടത്. ഞാനുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാവരും ഇത്തരത്തിലുള്ള അപകടസാധ്യതയുള്ള അന്തരീക്ഷത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികളാരും ഞങ്ങളുടെ ബന്ധുക്കാരോ മിത്രങ്ങളോ അല്ല. എന്നാലും ഞങ്ങളെല്ലാരും ആത്മാർത്ഥമായാണ് ഓരോ രോഗിയേയും പരിപാലിക്കുന്നത്. കാരണം അവരെല്ലാം മറ്റു പലരുടെയും അച്ഛനോ അമ്മയോ മകനോ സഹോദരങ്ങളോ ഒക്കെയാണെന്നുള്ള ഉത്തമ ബോധ്യം ഞങ്ങൾക്ക് ഉണ്ട്.

എന്നാൽ നിങ്ങളിൽ പലരുമെന്താണ് ചെയ്യുന്നത് മാസ്ക് ഇടാതെ, സാമൂഹിക അകലം പാലിക്കാതെ , ഗവൺമെന്റും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാതെ കൂട്ടം കൂടി നിൽക്കുന്നു. നിങ്ങൾ അറിയാതെ രോഗം നിങ്ങളുടെ ഉറ്റവർക്ക് നൽകുന്നു.

സമ്പർക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത 19 കാരനിൽ നിന്നും ഇത്രയും മുൻകരുതലുകൾ എടുത്ത ഞങ്ങൾക്ക് രോഗം വന്നെങ്കിൽ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളത്. നിങ്ങൾക്കെപ്പോൾ വേണേലും രോഗം പിടിപെടാം. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കാരിൽ നിന്നോ  സഹപ്രവർത്തകരിൽ നിന്നോ ആരിൽ നിന്നുമാവാം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കൂ. മാസ്ക് ധരിക്കൂ... സാമൂഹിക അകലം പാലിക്കുക.

കുറച്ചു കാലം വീട്ടിൽ തന്നെയിരുന്നാൽ കുറച്ചു കഴിഞ്ഞാൽ ലോകം കാണാം. ഇപ്പോൾ ലോകം കാണാനിറങ്ങിയാൽ വീട്ടിനുള്ളിൽ പടമായിരിക്കാം.

[NB: ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ വിളിക്കുകയും അന്വേഷിക്കുകയും മാനസികമായും പ്രായോഗിക പരമായും സഹായിച്ച ഒട്ടനവധി സുമനസ്സുകൾ ഉണ്ട്. അവർക്കെല്ലാവർക്കും മനസ്സു നിറഞ്ഞ് നന്ദി അറിയിക്കുന്നു.]

എന്ന് പുരുഷ നഴ്സായ

-വിൽസൺ ശങ്കർ’

English Summary: COVID experience of a a male nurse

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA