sections
MORE

മൈക്രോചിപ്പ് മുതല്‍ ഡിഎന്‍എ വ്യതിയാനം വരെ: വാക്‌സിനെപ്പറ്റി വ്യാജവാര്‍ത്തകള്‍ പെരുകുന്നു

COVID Vaccine | Representional image
SHARE

കോവിഡ് മഹാമാരിയെക്കാളും വേഗം പടരുകയാണ് അതിനെ ചുറ്റിയുള്ള വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും. വ്യാജവാര്‍ത്തകളുടെ ഈ വേലിയേറ്റത്തെ 'ഇന്‍ഫോഡെമിക്' എന്നാണ് ലോകാരോഗ്യ സംഘടന തന്നെ വിശേഷിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചില്ലറ തലവേദനയല്ല ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. 

കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലെത്തിയ സമയത്ത്  പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പ്രധാനമായും വാക്‌സിനുകളുമായി ബന്ധപ്പെട്ടതാണ്. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ഒരു വിഡിയോ സന്ദേശം പറയുന്നത് കോവിഡ്-19 വാക്‌സിന്‍ ഡിഎന്‍എയില്‍ മാറ്റമുണ്ടാക്കുമെന്നാണ്. അമേരിക്കയിലെ ഓസ്റ്റിയോപാത്തായ കാരി മാഡെജാണ് ഇത്തരത്തിലൊരു വ്യാജപ്രചാരണം നടത്തുന്നത്. ജനിതക പരിവര്‍ത്തനം വരുത്തിയ ജീവികളാക്കി വാക്‌സിന്‍ മനുഷ്യരെ മാറ്റുമെന്നും കാരി പറയുന്നു. വാക്‌സിനുകള്‍ മനുഷ്യരെ നിര്‍മ്മിത ബുദ്ധിയുടെ ഒരു ഇന്റര്‍ഫേസ് ആക്കി മാറ്റുമെന്നും തെളിവുകളുടെ പിന്‍ബലമേതുമില്ലാതെ കാരി തട്ടിവിടുന്നു. 

കോവിഡ് വാക്‌സിനുകള്‍ ഏഴ് ലക്ഷത്തോളം പേരില്‍ നെഗറ്റീവ് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു എന്നതാണ് മറ്റൊരു വ്യാജവാര്‍ത്ത. ഏഴു ലക്ഷം പേര്‍ വാക്‌സിന്‍ മൂലം മരിക്കുമെന്ന് ഗേറ്റ്‌സ് പറഞ്ഞതായി ചില വ്യാജവാര്‍ത്തകളും അവകാശപ്പെടുന്നു. എന്നാല്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇത്തരം വ്യാജവാര്‍ത്തകളെ ഒരു പ്രസ്താവനയിലൂടെ തള്ളിക്കളയുന്നു. 

വാക്‌സിന്‍ വികസനത്തിനായുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഫണ്ടിങ്ങിനെ ചുറ്റിപ്പറ്റിയാണ് മറ്റൊരു വ്യാജവാര്‍ത്ത. ഇവര്‍ വാക്‌സിന്‍ വികസനത്തില്‍ ഇത്ര താത്പര്യം കാണിക്കുന്നത് വാക്‌സിനിലൂടെ ജനങ്ങളില്‍ മൈക്രോചിപ്പ് പിടിപ്പിക്കാനാണെന്ന് ചില വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഈ വ്യാജവാര്‍ത്ത വന്നത് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഗെന്നഡി സ്യൂഗനോവ് മേയില്‍ നടത്തിയ ഒരു പ്രസ്താവനയുടെ ചുവട് പിടിച്ചാണ്. നിര്‍ബന്ധിത വാക്‌സിനേഷന്‍ പദ്ധതി ഓരോ മനുഷ്യരിലും മൈക്രോചിപ്പുകള്‍ കടത്താനുള്ള ഗ്ലോബലിസ്റ്റുകളുടെ ഗൂഢാലോചനയാണെന്നായിരുന്നു സ്യൂഗനോവിന്റെ വാദം. 

1918ലെ സ്പാനിഷ് ഫ്‌ളൂ കാലത്ത് 50 ദശലക്ഷം പേര്‍ മരിച്ചത് വാക്‌സിനുകള്‍ മൂലമാണെന്നാണ് മറ്റൊരു വ്യാജ വാര്‍ത്ത. അത്രയും പേരെ കൊല്ലാനുള്ള വാക്‌സിനൊന്നും എന്തായാലും അക്കാലത്ത് ഇറങ്ങിയിട്ടില്ലെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നു. 

കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ തടയുന്നതിന് ലോകാരോഗ്യ സംഘടനയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ ശ്രമിക്കുകയാണ്. ഗവണ്‍മെന്റ് തലത്തിലും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആരംഭിച്ച ഫാക്ട് ചെക്ക് സംവിധാനം ഇത്തരത്തിലുള്ളതാണ്. 

English Summary: False claims made about Covid-19 vaccines

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA