ADVERTISEMENT

കോവിഡ്- 19ന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസും(സാര്‍സ് കോവി-2) 2003ലെ സാര്‍സ് ബാധയ്ക്ക് കാരണമായ സാര്‍സ്-കോവ് വൈറസും ഒരേ കൊറോണവൈറസ് കുടുംബത്തില്‍പ്പെട്ടവരാണ്. രണ്ട് വൈറസുകള്‍ക്കും നിരവധി സമാനതകളുണ്ട് താനും. ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന ഇരു വൈറസുകളും ശ്വസന കണികകള്‍ വഴിയാണ് പകരുന്നത്. വവ്വാലില്‍ ഉത്ഭവിച്ചതെന്ന് കരുതുന്ന ഇരു വൈറസുകളും മറ്റൊരു മൃഗത്തിലൂടെയാണ് മനുഷ്യരിലെത്തിയതെന്ന് കരുതുന്നു. ഇപ്പോഴിതാ രണ്ടു വൈറസുകള്‍ക്കും സമാനമായ പ്രോട്ടീനുകളാണുള്ളതെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 

വൈറല്‍ ആവരണത്തിന് പുറത്തുള്ള പ്രോട്ടീന്‍ ഇ യാണ് ഇരു വൈറസുകളിലും സമാനമായി കണ്ടത്. സൗദിയിലെ കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷക സംഘമാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സെല്ലുലാര്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ മൈക്രോബയോളജിയില്‍ ഗവേഷണ റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ചു. 

ഗുരുതരമായ ശ്വസനേന്ദ്രിയ പ്രശ്‌നങ്ങള്‍ നേരിടുന്ന കോവിഡ് രോഗികളുടെ ചികിത്സമെച്ചപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിക്കും. നാലു സാര്‍സ് കോവ്-2 വൈറസുകള്‍ ഉള്‍പ്പെടെ 24 ബീറ്റാ കൊറോണ വൈറസുകളുടെ ജനിതകഘടനയാണ് ഗവേഷണത്തിനായി താരതമ്യം ചെയ്തത്. നോവല്‍ കൊറോണ വൈറസിന്റെ രണ്ട് വീതം വകഭേദങ്ങല്‍ അമേരിക്കയിലും ചൈനയിലും സീക്വന്‍സ് ചെയ്യപ്പെട്ടിരുന്നു. 

ഗവേഷകരുടെ അഭിപ്രായത്തില്‍ സാര്‍സ് കോവ്-1 ന്റെ ആവരണ പ്രോട്ടീന്‍ ഇ യിലെ ഒരു തന്മാത്ര ഘടകമാണ് അത് ബാധിക്കപ്പെട്ടവരില്‍ അണുബാധയുണ്ടാക്കുന്ന ഘടകങ്ങള്‍ പുറത്തേക്ക് വിടാന്‍ സഹായിക്കുന്നത്. ഈ അണുബാധ ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് കെട്ടിനില്‍ക്കുന്നതിന് കാരണമാകും. അങ്ങനെയാണ് രോഗികളില്‍ ശ്വാസതടസ്സം സൃഷ്ടിക്കുന്ന അക്യൂട്ട് റെസ്പിറേറ്റി ഡിസ്ട്രസ് സിന്‍ഡ്രോം ഉണ്ടാകുന്നത്. ചില മരുന്നുകള്‍ക്ക് ഈ പ്രതികരണം എലികളില്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. 

സാര്‍സ് വൈറസുകളില്‍ പ്രോട്ടീന്‍ ഇ നീര്‍വീര്യമാക്കാന്‍ സാധിക്കുന്ന മരുന്നുകള്‍ക്ക് കോവിഡ്19ലെ സമാനമായ പ്രോട്ടീനെയും തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. വൈറസ് പടരുന്നത് തടയാന്‍ ഈ മരുന്നുകള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ബാധിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിലൂടെ സാധിച്ചേക്കാം. 

സാര്‍സ് കോവ്-1, സാര്‍സ് കോവ്-2 വൈറസുകള്‍ സമാനമാണെങ്കിലും കോവിഡിനേക്കാല്‍ മാരകമാണ് സാര്‍സ് എന്ന് ശാസ്ത്രലോകം പറയുന്നു. 20 ശതമാനം കോവിഡ് രോഗികള്‍ക്കേ ആശുപത്രിവാസം വേണ്ടി വരുന്നുള്ളൂ. ഇതില്‍ തന്നെ ഒരു ചെറിയ ശതമാനത്തിനേ വെന്റിലേഷന്‍ സൗകര്യം ആവശ്യമായ ഘട്ടമെത്തുന്നുള്ളൂ. എന്നാല്‍ സാര്‍സിന്റെ കാര്യത്തില്‍ 20 മുതല്‍ 30 ശതമാനം രോഗികള്‍ക്കും വെന്റിലേഷന്‍ ആവശ്യമായി വരും. 

കോവിഡിന്റെ മരണ നിരക്ക് 0.25 ശതമാനം മുതല്‍ 3 ശതമാനം വരെയാണെങ്കില്‍ സാര്‍സിന് ഇത് 10 ശതമാനമാണ്. എന്നാല്‍ സാര്‍സിനേക്കാല്‍ വേഗത്തില്‍ പടരാന്‍ കോവിഡിന് സാധിക്കും. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ രോഗിയുടെ മൂക്കിലും തൊണ്ടയിലുമുള്ള വൈറസിന്റെ തോതാണ് ഇതില്‍ നിര്‍ണായകമാകുന്നത്. സാര്‍സ് രോഗിയുടെ കാര്യത്തില്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമേ വൈറസ് മൂക്കിലും തൊണ്ടയിലും ധാരാളമായി വരൂ. കോവിഡ് രോഗിക്ക് ഇത് തുടക്കത്തിലേ ഉണ്ടാകും. കോവിഡ് രോഗം രോഗലക്ഷണമില്ലാത്തവരില്‍ നിന്നും പകരാം. എന്നാല്‍ സാര്‍സ് അത്തരത്തില്‍ പകരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

English Summary: COVID-19 and SARS viruses have almost identical protein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com