sections
MORE

കോവിഡ് കാലത്ത് പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും; കാരണം?

smoking
SHARE

പുകവലി ശീലമുള്ളവര്‍ക്ക് കോവിഡ് പിടിപെടാനും രോഗതീവ്രതയേറാനുമുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പുകവലിക്കുമ്പോള്‍ കൈയും ചുണ്ടും തമ്മില്‍ നേരിട്ട് സ്പര്‍ശിക്കുന്നതിനാല്‍ കൈകളില്‍ നിന്നു കൊറോണ വൈറസ് വായിലെത്താനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം പുറത്ത് വിട്ട ഇ-പുസ്തകം പറയുന്നു. 

പൈപ്പുകളും ഹുക്കകളും ഉപയോഗിച്ച് പുകവലിക്കുമ്പോള്‍ പലര്‍ കൈമറിഞ്ഞ് ഉപയോഗിക്കാന്‍ സാധ്യതയുള്ളതും രോഗവ്യാപനത്തിന് കാരണമാകാമെന്ന് മന്ത്രാലയം പറയുന്നു. ചൈനി, ഗുട്ക, പാന്‍, സര്‍ദ തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നത് തുപ്പാനുള്ള പ്രേരണ വര്‍ധിപ്പിക്കുമെന്നും ഇത് കോവിഡ്, ടിബി, സ്വൈന്‍ ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 

കോവിഡ്ക്കാലത്ത് പുകവലിക്കെതിരെ മാത്രമല്ല മദ്യപാനത്തിനെതിരെയും ജാഗ്രത വേണമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു. മദ്യപാനം ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുമെന്നും ഇത് മഹാമാരിക്കാലത്ത് അപകടകരമായേക്കാമെന്നും മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. 

കോവിഡ് മരണങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലെ അനുഭവം തെളിയിക്കുന്നത് ചില പകരാത്ത മാരമകരോഗങ്ങളുള്ളവരാണ് കൂടുതലും കോവിഡ് മൂലം മരണത്തിന് കീഴടങ്ങുന്നത് എന്നാണ്. ഹൃദ്രോഗം, കാന്‍സര്‍, ക്രോണിക് ലങ് ഡിസീസ്, പ്രമേഹം എന്നിവയാണ് പകരാത്ത മാരക രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. ഇന്ത്യയിലെ മരണങ്ങളില്‍ 63 ശതമാനവും ഈ രോഗങ്ങള്‍ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം ഈ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പം കോവിഡ് കൂടിയെത്തുമ്പോള്‍ രോഗതീവ്രത വര്‍ധിച്ച് മരണത്തിനുവരെ കാരണമാകാം. 

പുകയിലയുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കും കാരണമാകുന്നുണ്ട്. സിഗരറ്റ്, ബീഡി പുകയില്‍ കാന്‍സറിന് കാരണമായ 69 ഓളം കെമിക്കലുകളുണ്ട്. ഈ കെമിക്കലുകള്‍ വിവിധ തരത്തിലുള്ള പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു. ഇത് ശരീരത്തിന് കൊറോണ ഉള്‍പ്പെടെയുള്ള വൈറസുകളോട് പോരാടാനുള്ള ശേഷി കുറയ്ക്കും. ഇക്കാരണങ്ങള്‍ കൊണ്ട് മഹാമാരിക്കാലത്ത് പുകവലി കുറയ്ക്കാനുള്ള നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

English Summary: Smokers likely to be more vulnerable to COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA