ADVERTISEMENT

അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതൽ ആയിരിക്കുമെന്നു പഠനം. ജാമാ പീഡിയാട്രിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുതിർന്നവരെയും വലിയ കുട്ടികളെയും അപേക്ഷിച്ച്, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മൂക്കിൽ കൊറോണ വൈറസിന്റെ സാന്നിധ്യം പത്തു മുതൽ നൂറിരട്ടി വരെ കൂടുതൽ ആയിരിക്കുമെന്നു കണ്ടത്. സമൂഹത്തിൽ കോവിഡ് വ്യാപനത്തിന് കുട്ടികൾ പ്രധാന കാരണം ആകുമെന്നും ഗവേഷകർ പറയുന്നു. 

ഷിക്കാഗോയിലെ 145 രോഗികളിൽ ലക്ഷണം പ്രകടമായി ഒരാഴ്ചയ്ക്കുള്ളിൽ സ്വാബ് ടെസ്റ്റ്‌ നടത്തി. മാർച്ച്‌ 23 നും ഏപ്രിൽ 27 നും ഇടയിൽ ആണ് ടെസ്റ്റ്‌ നടത്തിയത്. രോഗികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പിൽ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള 46 കുട്ടികളെയും രണ്ടാമത്തെ ഗ്രൂപ്പിൽ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 51 കുട്ടികളെയും ഉൾപ്പെടുത്തി. 18 മുതൽ 65 വയസ്സു വരെ പ്രായമുള്ള 48 പേരെ മൂന്നാമത്തെ ഗ്രൂപ്പിലും പെടുത്തി . 

ചെറിയ കുട്ടികളുടെ ശ്വാസനാളികളിൽ സാർസ് കോവ് 2 ന്റെ അളവ് 10 മുതൽ 100 ഇരട്ടി വരെ ആണെന്ന് ആൻ ആൻഡ് റോബർട്ട്‌ എച്. ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ടെയ്‌ലർ ഹീൽഡ് സർജന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിൽ കണ്ടു. കൊറോണ വൈറസിന്റെ ജനിതക സാന്നിധ്യം എത്ര കൂടുതലാണോ, പകരുന്ന ഈ വൈറസിന്റെ വളർച്ചയും അത്ര മാത്രം കൂടുതൽ ആയിരിക്കുമെന്ന് ലാബിൽ നടത്തിയ പഠനത്തിലൂടെയും ഗവേഷകർ തെളിയിക്കുന്നു.  

കൂടുതൽ റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസിനെ (RSV) വഹിക്കുന്ന കുട്ടികൾ, രോഗം പകർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. 

പൊതു സമൂഹത്തിൽ സാർസ് കോവ് 2 ന്റെ വ്യാപനത്തിൽ ചെറിയ കുട്ടികൾ പ്രധാന പങ്കു വഹിക്കുന്നതായി ഈ പഠനം പറയുന്നു. അമേരിക്കയിൽ സ്കൂളുകളും ഡേ കെയറുകളും തുറക്കണം എന്ന ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ പഠനം പുറത്തു വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

English Summary: Children under 5 mMay be carrying higher levels of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com