ADVERTISEMENT

മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കോവിഡ്19 ബാധിച്ചവരില്‍ വ്യാപകമായി കണ്ടെത്തിയ ലക്ഷണങ്ങളിലൊന്നാണ്. ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍. മണക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന തരത്തില്‍ കൊറോണ വൈറസ് ബാധിക്കുന്ന കോശങ്ങളെയാണ് ഇവിടുത്തെ വിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

തലച്ചോറിലേക്ക് മണം സംബന്ധിച്ച വിവരങ്ങളെത്തിക്കുന്ന ഓള്‍ഫാക്ടറി ന്യൂറോണുകളെയല്ല കൊറോണ വൈറസ് ബാധിക്കുന്നതെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മറിച്ച് ഇവയ്ക്ക് പിന്തുണ നല്‍കുന്ന ഒരു കൂട്ടം കോശങ്ങളെയാണ് കോവിഡ് ബാധിക്കുന്നത്. ഈ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധ കാരണം ഓള്‍ഫാക്ടറി ന്യൂറോണുകള്‍ക്ക് കൃത്യമായി മണം തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കാതെ വരികയും രോഗിക്ക് മണം നഷ്ടപ്പെടുകയും ചെയ്യും. 

അണുബാധ മാറുമ്പോഴേക്കും ഓള്‍ഫാക്ടറി ന്യൂറോണുകള്‍ സജീവമാവുകയും മണം തിരികെ ലഭിക്കുകയും ചെയ്യും. ഓള്‍ഫാക്ടറി ന്യൂറോണുകളെ കോവിഡ് നേരിട്ട് ബാധിക്കാത്തതിനാല്‍ ഇവ ആദ്യം മുതല്‍ വളര്‍ന്നു വരേണ്ട സാഹചര്യമുണ്ടാകില്ല. ഇക്കാരണം കൊണ്ടുതന്നെ കോവിഡ്  ദീര്‍ഘകാലത്തേക്ക് മണം നഷ്ടപ്പെടുന്ന സാഹചര്യം  ഉണ്ടാക്കില്ലെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ന്യൂറോബയോളജി പ്രഫസര്‍ സന്ദീപ് റോബര്‍ട്ട് ദത്ത പറയുന്നു. 

കോവിഡ് രോഗികളില്‍ മണം നഷ്ടമാകാനുള്ള സാധ്യത അതില്ലാത്തവരേക്കാല്‍ 27 മടങ്ങ് അധികമാണ്. അതേ സമയം പനിയോ ചുമയോ മറ്റ് ശ്വസന പ്രശ്‌നങ്ങളോ ഉണ്ടാകാനുള്ള സാധ്യത 2.2 മുതല്‍ 2.6 മടങ്ങ് മാത്രമാണ്. 

കോവിഡ് മൂലം മണം നഷ്ടമാകുന്ന അവസ്ഥയും മറ്റ് രോഗങ്ങള്‍ മൂലമുള്ള മണം നഷ്ടമാകലും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗവേഷണ പഠനത്തില്‍ പറയുന്നു. കോവിഡ് രോഗികള്‍ക്ക് മണം ആഴ്ചകള്‍ക്കുള്ളില്‍ തിരികെ ലഭിക്കും. അതേ സമയം മറ്റ് വൈറല്‍ അണുബാധ മൂലം മണം നഷ്ടപ്പെട്ടവര്‍ക്ക്  അതിന്  ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാം. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 

English Summary: Why COVID-19 causes loss of smell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com