ADVERTISEMENT

കോവിഡ് 19 ന്റെ അനന്തര ഫലങ്ങൾ എന്തൊക്ക എന്നതിനെ കുറിച്ച് ഇനിയുമേറെ മനസ്സിലാക്കാനുണ്ട്. ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെ യാകെ ഇത് ബാധിക്കും. ദീർഘ കാലത്തേക്ക് ഹൃദയത്തകരാറിന് കോവിഡ് കാരണമാകുമെന്നു പഠനം. 

ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് 19 ഗുരുതരമാകാൻ സാധ്യത ഉണ്ട്. കൊറോണ വൈറസ് ബാധിച്ചു സുഖപ്പെട്ടവരിൽ 78%പേർക്കും സുഖം പ്രാപിച്ചു മാസങ്ങൾക്ക് ശേഷവും ഹൃദയത്തിനു തകരാർ ഉള്ളതായി ജാമാ കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഫ്രാങ്ക്ഫർട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കോവിഡ് സുഖപ്പെട്ട നൂറു പേരിൽ ആണ് പഠനം നടത്തിയത്. 

മുൻപ് അസുഖം ഒന്നുമില്ലാതിരുന്ന 78% കോവിഡ് രോഗികളിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതായി കാർഡിയാക് മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്ങിലൂടെ വ്യക്തമായി . 

സുഖം പ്രാപിച്ച 60%പേരിൽ ഇപ്പോഴും മയോകാർഡിയൽ ഇൻഫ്ളമേഷൻ ഉള്ളതായും  കണ്ടു. മൂന്നിലൊന്ന് പേർക്ക് ആശുപത്രിയിൽ അഡ്മിറ്റ്‌ ആകേണ്ടിയും വന്നു. ബാക്കിയുള്ളവർക്ക് വീട്ടിൽ വച്ചുതന്നെ സുഖമായി. 

കൊറോണ വൈറസ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? 

1. എ സി ഇ 2 റിസപ്റ്ററുകൾ : കൊറോണ വൈറസ് ഹൃദയത്തിനു പല തരത്തിൽ ക്ഷതം വരുത്താം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കോശങ്ങൾ, ആഞ്ജിയോ ടെൻസി  കൺവെർട്ടിങ്‌ എൻസൈം  2 അഥവാ ACE 2 എന്ന പ്രോട്ടീൻ തന്മാത്രയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാർസ് കോവ് 2 വൈറസിന് കോശങ്ങളിലേക്ക് പ്രവേശിക്കാനും പെരുകാനും സാധിക്കുന്ന കവാടമാണ് ഇത്. അതായത് കൊറോണ വൈറസ് കാർഡിയോ വാസ്കുലാർ സിസ്റ്റത്തെയാകെ ബാധിക്കും. 

2. നേരത്തെ ഹൃദ്രോഗം ഉണ്ടെങ്കിൽ : കൊറോണറി ആർട്ടറി ഡിസീസ് മുൻപേ ഉള്ളവർക്ക് കോവിഡ് 19 കൂടുതൽ സങ്കീർണമാകാനുള്ള സാധ്യത കൂടുതൽ ആണ്. 72000 പേരെ പങ്കെടുപ്പിച്ചു നടത്തിയ ഒരു പഠനത്തിൽ കോവിഡ് 19 ബാധിച്ച ഏതാണ്ട് 22% പേർക്ക് ഹൃദ്രോഗം ഉള്ളതായി കണ്ടു. 

3. മരുന്നുകൾ : കോവിഡ് 19 ചികിത്സയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്ന മരുന്നുകൾ രോഗികളെ ഗുരുതരാവസ്‌ഥയിലാക്കും. ആന്റി വൈറൽ മരുന്നുകൾ, ഗ്ലുക്കോ കോർട്ടികോയ്‌ഡ്‌സ്, നോൺ സ്റ്റീറോയ്ഡൽ  ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് (NSAIOS) തുടങ്ങിയ ചില മരുന്നുകൾ ഹൃദയ പ്രശ്നങ്ങളെ വർധിപ്പിക്കുന്നതായും രോഗികളെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതായും ചൈനയിലെ പെക്കിങ് യൂണിയൻ മെഡിക്കൽ കോളേജിലെ ഗവേഷകനായ ഷ്യു യാങ് ഴാങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടു. 

കോവിഡ് 19 പ്രാഥമികമായി ഒരു ശ്വസന രോഗമായാണ് കണക്കാക്കുന്നതെങ്കിലും ഹൃദയ പ്രശ്നങ്ങൾ ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇത് മൂലം ഉണ്ടാകാം. ഈ രോഗത്തെ നേരിടാനും മനസ്സിലാക്കാനുമുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരും ആരോഗ്യ ഗവേഷകരും. എന്തുകൊണ്ടാണ് സാർസ് കോവ് 2 ഹൃദയത്തിനു തകരാർ ഉണ്ടാക്കുന്നതെന്ന് ചില പഠനങ്ങൾ തെളിയിച്ചു. എന്നാൽ എങ്ങനെയാണ് കോവിഡ് 19 ഹൃദയത്തെ ബാധിക്കുന്നതെന്നും രോഗികൾക്ക് ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട് എന്നതിനെ കുറിച്ചും അപകട സാധ്യത കുറയ്ക്കാൻ എന്തു ചെയ്യാം എന്നതിനെ കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. 

English Summary: COVID-19 can cause long-term damage to heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com