ADVERTISEMENT

കോവിഡ് രോഗികളുടെ എണ്ണം ദിവസവും ആയിരത്തിനു മുകളിലായും ആയിരത്തിനടുത്തുമായി നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ സംസ്ഥാനത്തു കണ്ടുവരുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർധനവ് സൂചിപ്പിക്കുന്നത് ഇനിയും നാം ജാഗ്രത കൂട്ടിയേതീരൂ എന്നതിലേക്കാണ്. യാത്രകളിൽ ഉൾപ്പടെ പ്രത്യേക കരുതൽ ആവശ്യമാണ്. രോഗനിയന്ത്രണം സമ്പൂർണ നിയന്ത്രണത്തിലാകുന്നതുവരെ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.

∙ മാസ്ക് എപ്പോഴും കൂടെ വേണം

 വായു വഴി വരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ മാസ്ക് സഹായകമാണ്. മാസ്ക് കെട്ടുന്നതിനു മുൻപ് കൈകൾ വെള്ളമോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കഴുകണം. മാസ്കിന്റെ അകത്തു തൊടാതെ വള്ളിയിൽ പിടിച്ചെടുത്ത് കെട്ടുക. അഴിക്കുമ്പോഴും വള്ളിയിൽ പിടിച്ച് അഴിക്കാൻ ശ്രദ്ധിക്കണം. പരമാവധി ആറു മണിക്കൂർവരെ ഒരു മാസ്ക് ഉപയോഗിക്കാം. ഉപയോഗശേഷം നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കുക. കഴുകിയതാണെങ്കിലും ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുത്.

∙ യാത്രയിലെ സുരക്ഷിതത്വം

ജോലിസ്ഥലത്തേക്കും അത്യാവശ്യ കാര്യങ്ങൾക്കായുള്ള യാത്രയിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. എപ്പോഴും ഒരു സാനിറ്റൈസർ കയ്യിൽ കരുതണം. ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നവർ കമ്പികളിൽ സ്പർശിക്കുന്ന പക്ഷം കൈ വൃത്തിയാക്കിയശേഷം മാത്രം മുഖത്തു തൊടുക. യാത്ര കഴിഞ്ഞ് എത്തിയാലുടൻ കുളിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.

∙ ഒരു വർഷത്തേക്ക് വിദേശയാത്രകൾ വേണ്ട

ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസ് മുക്തമാകാൻ രണ്ടു വർഷമെങ്കിലും എടുക്കും. അതുകൊണ്ട് ഒരു വർഷത്തേക്കെങ്കിലും വിദേശത്തേക്ക് വിനോദയാത്രകൾ ഒഴിവാക്കാം. ജോലിസംബന്ധമായതോ ഒഴിവാക്കാനാകാത്തതോ ആയ യാത്രകളിൽ വേണ്ട മുൻകരുതലുകളെടുക്കണം. ഫ്ലൈറ്റിൽ കയറും മുൻപ് മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. സാമൂഹിക അകലം പാലിക്കുക എന്നത് ഏറെ പ്രധാനം. 

∙ വീട്ടിലും വേണം വൃത്തിയാക്കൽ

മൊബൈൽ ഫോൺ, റിമോട്ട് പോലുള്ള ചെറിയ പ്രതലങ്ങൾ ആൽക്കഹോൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. ടോയ്‌ലറ്റ്, തറ പോലുള്ള വലിയ പ്രതലങ്ങൾ ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് അടങ്ങിയ ക്ലീനിങ് സൊല്യൂഷൻ അല്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ ലായനികൊണ്ട് വൃത്തിയാക്കാം. 

∙ വയോജനങ്ങൾക്ക് അധികം ശ്രദ്ധ

പ്രായമായവർ രണ്ടു വർഷം കൂടിയെങ്കിലും കർശന നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. പ്രത്യേകിച്ച് 65 വയസ്സു കഴിഞ്ഞവർ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങളുള്ളവർ. പുറത്തേക്കിറങ്ങുന്നത് കഴിവതും ഒഴിവാക്കി വീടിനുള്ളിൽതന്നെ കഴിയാൻ ശ്രദ്ധിക്കണം. പ്രായമായവർ വീട്ടിലുണ്ടെങ്കിൽ പുറത്തു പോയിവരുന്ന കുടുംബാംഗങ്ങളും രോഗപ്രതിരോധത്തിൽ അധിക ശ്രദ്ധ കൊടുക്കണം.

English Summary: COVID spreading; be vigilant for a year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com