ADVERTISEMENT

ഏതൊരാള്‍ക്കും കാണും ചില ദൗര്‍ബല്യങ്ങള്‍. അതിപ്പം മനുഷ്യനായാലും വൈറസായാലും. കൊറോണ വൈറസിന്റെ ഇത്തരത്തിലുള്ള ഒരു ദൗര്‍ബല്യം കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ശാസ്ത്രജ്ഞര്‍. റഷ്യയിലെ വെക്ടര്‍ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി നടത്തിയ പഠനം അനുസരിച്ച് നമ്മുടെ ഗാര്‍ഹിക താപനിലയിലുള്ള വെള്ളമാണ് ലോകത്തെ വിറപ്പിച്ച കൊറോണ വൈറസിന്റെ ദൗര്‍ബല്യം. 

സാധാരണ വെള്ളത്തിന് നോവല്‍ കൊറോണ വൈറസിന്റെ വളര്‍ച്ച നിയന്ത്രിക്കാനാകുമെന്ന് ഇവരുടെ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിന്റെ 90 ശതമാനം സാമഗ്രികളും സാധാരണ ഗാര്‍ഹിക താപനിലയിലുള്ള വെള്ളത്തില്‍ 24 മണിക്കൂറിനുള്ളില്‍ നശിച്ചു പോകുമെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. 72 മണിക്കൂറിനുള്ളില്‍ വൈറസിന്റെ 99.9 ശതമാനം സാമഗ്രികളും നശിപ്പിക്കപ്പെടും. തിളച്ച വെള്ളത്തിന് കൊറോണ വൈറസ് തല്‍ക്ഷണം കീഴടങ്ങുമെന്നും പഠനം പറയുന്നു. അത് വൈറസിനെ ഉടനടി പൂര്‍ണമായും ഇല്ലാതാക്കും. 

ക്ലോറിന്‍ ചേര്‍ത്ത വെള്ളവും വൈറസിനെ നശിപ്പിക്കാന്‍ ഫലപ്രദമാണെന്ന് ഇവര്‍ പറയുന്നു. ക്ലോറിന്‍ വെള്ളത്തിലും സമുദ്രജലത്തിലും കോവിഡ് അല്‍പ സമയം നിലനില്‍ക്കുമെങ്കിലും ഇവയില്‍ വച്ച് ഇവയ്ക്ക് പെരുകാനാകില്ല. 

വെറും വെള്ളം കൊണ്ട് കോവിഡിനെ തുരത്താമെന്നൊക്കെ ഗവേഷണം നടത്തി കണ്ടെത്തിയെങ്കിലും റഷ്യയിലും കോവിഡ് വാക്‌സിനായുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാവര്‍ക്കും ഒക്ടോബറില്‍ റഷ്യ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡോക്ടര്‍മാരും അധ്യാപകരും ഉള്‍പ്പെടെയുള്ള മുന്‍നിര കോവിഡ് പോരാളികള്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

തങ്ങളുടെ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച അഡെനോവൈറസ് അധിഷ്ഠിത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി ജൂലൈ 15ന് റഷ്യയിലെ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒക്ടോബറിലെ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങാനാകുമെന്ന റഷ്യയുടെ അവകാശവാദത്തെ അല്‍പം സംശയത്തോടെയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. 

English Summary: Scientists claim to have discovered the weakness of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com