തേനീച്ച വിഷം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍

breast cancer
Photo Credit : aslysun / Shutterstock.com
SHARE

തേനീച്ച നമ്മെ കുത്തുമ്പോള്‍ അതിഭയങ്കര വേദന തോന്നിക്കുന്നത് അതിന്റെ വിഷവും അതിലെ പ്രധാന ഘടകവുമായ മെലിറ്റിനും മൂലമാണ്. എന്നാല്‍ ഇതേ വിഷത്തിന് മനുഷ്യരിലെ രണ്ട് തരം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. 

പെര്‍ത്തിലെ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനം സ്തനാര്‍ബുദ ചികിത്സയില്‍ നാഴികക്കല്ലാകും. 

സാധാരണ കോശങ്ങള്‍ക്ക് സാരമായ പ്രശ്‌നങ്ങളുണ്ടാക്കാതെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ തേനീച്ച വിഷത്തിനും മെലിറ്റിനും സാധിക്കുമെന്നാണ് കണ്ടെത്തല്‍. 60 മിനിറ്റിനുള്ളില്‍ മെലിറ്റിന് അര്‍ബുദ കോശ ആവരണത്തെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സിയറ ഡഫി പറയുന്നു. അര്‍ബുദ കോശങ്ങളുടെ പുറത്തെ ആവരണത്തില്‍ തുളകളുണ്ടാക്കാന്‍ തക്ക ശക്തമായ മെല്ലിറ്റിന്‍, അര്‍ബുദ കോശങ്ങള്‍ വളരാനും പെരുകാനും ഇടയാക്കുന്ന കെമിക്കല്‍ സന്ദേശങ്ങളുടെ കൈമാറ്റത്തെയും തടയുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

മെല്ലിറ്റിന്‍ നിലവിലുള്ള കീമോതെറാപ്പി മരുന്നുകള്‍ക്കൊപ്പം ഫലപ്രദമായേക്കാമെന്നും ഗവേഷകര്‍ കരുതുന്നു. മെല്ലിറ്റിന്‍ അര്‍ബുദ കോശ ആവരണത്തെ കൈകാര്യം ചെയ്യുമ്പോള്‍ മരുന്നുകള്‍ക്ക് അവയ്ക്കുള്ളില്‍ കടന്ന് പെട്ടെന്ന് ഇത്തരം കോശങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. മെല്ലിറ്റിനും കീമോതെറാപ്പി മരുന്നായ ഡോസെടാക്‌സലും സംയുക്തമായി എലികളിലെ അര്‍ബുദകോശങ്ങളില്‍ പ്രയോഗിച്ചപ്പോള്‍ പരീക്ഷണം വിജയം കണ്ടിരുന്നു.

എന്‍പിജെ പ്രെസിഷന്‍ ഓങ്കോളജി ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. തേനീച്ച വിഷം ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യവുമായതിനാല്‍ ഈ കണ്ടെത്തലിന് സ്തനാര്‍ബുദ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.  

English Summary: Honeybee venom kills aggressive breast cancer cells

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA