ADVERTISEMENT

മീസിൽസും  ചിക്കൻപോക്‌സുമെല്ലാം ഒരിക്കൽ വന്നുപോയാൽ വീണ്ടും വരാത്തത് ജീവിതകാലത്തേക്കുള്ള ഇമ്യൂണിറ്റി ശരീരമാർജ്ജിക്കുന്നതു കൊണ്ടാണ്. എന്നാൽ, ഒരിക്കലുണ്ടാവുന്ന അണുബാധ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി മനുഷ്യരിലുണ്ടാക്കാത്തതുകൊണ്ടാണ് കൊറോണ വൈറസുകൾ മൂലമുള്ള ജലദോഷമൊക്കെ വീണ്ടും വീണ്ടും നമുക്കു വരുന്നത്.  

കോവിഡ് -19 ൽ നിന്നു മുക്തി നേടി, നാലു മാസങ്ങൾക്കുശേഷം, സ്പെയിനിൽപ്പോയി രോഗലക്ഷണങ്ങളില്ലാതെ തിരിച്ചുവന്ന ഹോങ്കോങിലെ  മുപ്പത്തിമൂന്നുകാരൻ എയർപോർട്ട് സ്‌ക്രീനിങ്ങിൽ വീണ്ടും പോസിറ്റീവായതാണ് ഈയിടെ റീ-ഇൻഫെക്‌ഷനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കാൻ കാരണമായത്. ആദ്യത്തേതിൽ നിന്ന്  വ്യത്യസ്തമായ വൈറസിലൂടെയാണ് രോഗം വന്നതെന്നതാണ് അതിന്റ കാരണം. കൂടാതെ, ബെൽജിയത്തിലെയും ഹോളണ്ടിലെയും വയോധികർക്കടക്കം യൂറോപ്പിൽ വേറെ ആറുപേരിൽക്കൂടി ഇപ്പോൾ  റീ ഇൻഫെക്‌ഷൻ സ്ഥിരീകരിച്ചിട്ടുമുണ്ട്. രണ്ടാമതുണ്ടായപ്പോൾ ഗൗരവതരമായ രോഗാവസഥ കാണപ്പെടാത്ത ഇവരിൽ നിന്നു വ്യത്യസ്തമായി, അമേരിക്കയിലെ നെവാഡയിൽ, രോഗം മാറി 48 ദിവസങ്ങൾ കഴിഞ്ഞ്, ഇരുപത്തഞ്ചു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ റീ-ഇൻഫെക്‌ഷനിൽ തീവ്രമായ രോഗലക്ഷണങ്ങളോടെയാണ് അഡ്മിറ്റായതെന്നത്  ഗവേഷകരെ  കുഴക്കിയിട്ടുമുണ്ട്.  

ഉണ്ടായത് റീ-ഇൻഫെക്‌ഷനാണ്, അല്ലാതെ മുൻപുണ്ടായിരുന്ന രോഗബാധയുടെ തുടർച്ചയല്ല  എന്നു മനസ്സിലാക്കുന്നത് സ്രവങ്ങളിൽ നിന്നും വേർതിരിച്ച വൈറസിന്റെ ജീനോം സീക്വൻസിങ് നടത്തിയാണ്. വിപുലമായ ലാബ് സൗകര്യങ്ങളും ഗവേഷണത്തിന് ഫണ്ടിങ്ങുമുള്ള രാജ്യങ്ങളിൽ സാധ്യമാവുമെങ്കിലും ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലുള്ള വികസ്വരരാജ്യങ്ങളിൽ ആർക്കൊക്കെ എപ്പോഴൊക്കെ അസുഖം  വന്നുപോയെന്ന് ഊഹിക്കാൻ മാത്രമേ പറ്റുകയുള്ളൂ. രണ്ടേമുക്കാൽക്കോടിയോളമാളുകൾക്ക് വന്നുകഴിഞ്ഞ ഒരു വൈറസ് രോഗം ചിലരിൽ വീണ്ടും അസുഖമുണ്ടാക്കുന്നുവെന്നതിനേക്കാൾ ഇനിയുണ്ടായേക്കാവുന്ന റീ-ഇൻഫെക്‌ഷന്റെ തോത്  എന്തായിരിക്കുമെന്നതാണ് പരമ പ്രധാനമായത്.

വീണ്ടും വൈറസ് ബാധയുണ്ടാവുന്നത് ഓരോ തവണയും, ഓരോ വ്യക്തികളിലും, വ്യത്യസ്‍ത രീതിയിലായിരിക്കും. ഓരോരുത്തരുടെയും അപ്പോഴുള്ള ആരോഗ്യസ്ഥിതി, പകർന്നു കിട്ടിയ വൈറസ് ലോഡ്, വൈറസിനുണ്ടായ വ്യതിയാനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളനുസരിച്ചായിരിക്കുമത്. ഹോങ്‌കോങ്ങിലെപ്പോലെയാണെങ്കിൽ രണ്ടാമതുണ്ടായ രോഗം തീവ്രമല്ലാത്തതുകൊണ്ട് ആദ്യത്തെ രോഗബാധ പ്രതിരോധശേഷിയുണ്ടാക്കിയെന്നു പറയാം. പക്ഷേ, നെവാഡയിലെപ്പോലെയാണെങ്കിൽ ആദ്യത്തെ വൈറസ് ബാധ രണ്ടാമത്തെത്തവണ  സെറ്റോകൈൻ സ്റ്റോം ഉണ്ടാകാൻ കാരണമായെന്ന് വേണം കരുതാൻ. മാത്രമല്ല, സാർസ്-1 , മെർസ് എന്നിവയ്ക്കെതിരെയുള്ള വാക്സീൻ നിർമാണത്തിനിടയിൽ  ആദ്യമുണ്ടായ ആന്റിബോഡികൾ അടുത്ത വട്ടം വൈറസിനെതിരെ  പൊരുതുകയല്ല, മറിച്ച്, ആന്റിബോഡി ഡിപെൻഡഡ് എൻഹാൻസ്മെന്റ് എന്ന പ്രതിഭാസം കാരണം, അണുബാധയുണ്ടാക്കുന്നതിന് വൈറസിനെ സഹായിക്കുന്നതായാണ്  നിരീക്ഷിക്കപ്പെട്ടത്.  

വാക്സീനേഷൻ എന്നത് ഗൗരവതരമല്ലാത്ത അണുബാധ കൃത്രിമമായി ശരീരത്തിലുണ്ടാക്കുന്ന പ്രക്രിയയാണ്. ജീവനില്ലാത്ത രോഗാണുവിനെയോ, ജീവനുണ്ടെങ്കിൽത്തന്നെ പ്രഹരശേഷി പറ്റെക്കുറച്ച അണുവിനെയോ, രോഗകാരിയുടെ കഷ്ണങ്ങളെയോ അതുൽപ്പാദിപ്പിച്ച ടോക്സോയ്‌ഡോ ശരീരത്തിൽ കുത്തിവച്ചും കുടിച്ചും  മറ്റുമാണ് അത് സാധ്യമാക്കുന്നത്. അണുബാധയ്‌ക്കെതിരെയുള്ള ആന്റിബോഡികൾ ആവശ്യത്തിന് ശരീരത്തിലുണ്ടായാലാണ് പ്രതിരോധം നേടിയെന്നു പറയുക. അതുകൊണ്ടുതന്നെ, റീ ഇൻഫെക്‌ഷൻ  ഉണ്ടായത്  ആദ്യമുണ്ടായ ആന്റിബോഡിയുടെ അളവ് കാലക്രമേണ കുറയുന്നതു കൊണ്ടാണെങ്കിൽ വാക്സീന്റെ ബൂസ്റ്റർ ഡോസുകൾ വേണ്ടതായി വരും. സാർസ് കോവ്-2 ന്റെ കാര്യത്തിൽ അത് എപ്പോഴൊക്കെ, എത്ര തവണ വേണ്ടി വരുമെന്നും തീരുമാനിക്കപ്പെടേണ്ടതുണ്ട്. രോഗം വരാതിരിക്കാനാണോ  അതോ രോഗലക്ഷണങ്ങൾ കുറയ്ക്കാനാണോ വാക്സീനുകൾ സഹായിക്കുകയെന്നും  നോക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ വാക്സീനെടുത്തവർ  ലക്ഷണങ്ങളില്ലാത്ത രോഗവാഹകാരായി തുടരുകയാണെങ്കിൽ വീട്ടിലുള്ള പ്രതിരോധശേഷി കുറഞ്ഞവർക്കും മറ്റും രോഗം പകർന്നുകൊടുത്തേക്കാനും സാധ്യതയുണ്ട്. അതെല്ലാം പരിശോധിച്ച്, സാധാരണ ഗതിയിൽ, വർഷങ്ങൾ നീണ്ട   പരീക്ഷണങ്ങൾ  കഴിഞ്ഞാണ് വാക്‌സീനുകൾ  ജനങ്ങളിലെത്താറ്. ചെറിയ തോതിലുള്ള പാർശ്വഫലങ്ങൾ അനുവദനീയമാണെങ്കിലും   എമർജൻസി  എപ്രൂവൽ നേടിയ സാർസ് കോവ്- 2 വാക്സീനിലൂടെ സമൂഹം ഒന്നടങ്കം പ്രതിരോധശേഷി  ആർജ്ജിക്കുന്നതിനായുള്ള കാത്തിരിപ്പിൽ ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്. ആസ്ട്ര സെനെകെയുടെ ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം  താൽകാലികമായി നിർത്തിവയ്ക്കപ്പെടുന്നത് അങ്ങനെയാണ്.  പാർശ്വഫലത്തിന്റെ കാരണം കണ്ടെത്തി, പിഴവ് തിരുത്തി ഉടൻ തന്നെ വാക്സീൻ പുറത്തിറങ്ങുമെന്നു  പ്രത്യാശിക്കാം!        

(ഐ.എം.എ ഐ-സേയ്ഫ് (I-Safe) ഇനീഷ്യേറ്റിവിന്റെ വയനാട് ജില്ലാ കൺവീനറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com