കൈത്തണ്ടയിലെ ചെറിയ കുരുപ്പിൽ തുടങ്ങി ന്യുമോണിയവരെ; കോവിഡ് അനുഭവങ്ങളുമായി ബെറ്റി ലൂയിസ്

betty louis
ചിത്രത്തിനു കടപ്പാട്: സമൂഹമാധ്യമം
SHARE

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റി ലൂയിസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം ബെറ്റിക്കാണ് കോവിഡ് പോസിറ്റീവായത്. തുടർന്നാണ് ബേബിക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വന്ന സാഹചര്യത്തെക്കുറിച്ചും അഭിമുഖീകരിക്കേണ്ടിവന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ലഭിച്ച ചികിത്സയെക്കുറിച്ചുമെല്ലാം ബെറ്റി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ നന്ദിയോടെ സ്മരിക്കുന്നു ആ മാലാഖമാരെ’ എന്ന തലക്കെട്ടിൽ പങ്കുവച്ച കുറിപ്പിൽ കോവിഡിനെ പ്രതിരോധിക്കാനായി ആരോഗ്യരംഗത്തെ ഏവരും നടത്തുന്ന പ്രവർത്തനങ്ങളെയും ബെറ്റി അനുമോദിക്കുന്നു. ബെറ്റിയുടെ കുറിപ്പ് വായിക്കാം.

‘തിരുവനന്തപുരം പൂന്തുറയിൽ സമൂഹവ്യാപനം തുടങ്ങിയതോടെ മകൻ അപ്പു വിളിച്ചു പറഞ്ഞിരുന്നു അമ്മ വീട്ടിൽതന്നെ ഉണ്ടാവാൻ ശ്രദ്ധിക്കണം എന്ന്. കടയിലും മറ്റു കാര്യങ്ങൾക്കുമായി പുറത്തു പോകാതെ നോക്കണം. തിരുവനന്തപുരത്തു അതി തീവ്ര കോവിഡ് വ്യാപനമാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് എന്ന്. അതുകൊണ്ടുതന്നെ അന്നുമുതൽ പുറത്തേക്കിറങ്ങാതെ  ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ തൊട്ടടുത്ത എ ടി എം കൗണ്ടറിൽ പോയതൊഴികെ...എനിക്കു അറുപതു തികയാൻ ദിവസങ്ങളേ ഉണ്ടായിരുന്നുള്ളു. ബേബിക്ക് 66 വയസ്സാണ്. ഇതുകൊണ്ടുതന്നെ മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഞങ്ങളെ പ്രതി ഉത്കണ്ഠയായിരുന്നു. ഞങ്ങൾ സ്വയം പുറത്തിറങ്ങാതെ ശ്രദ്ധിച്ചിരുന്നെങ്കിലും ഞങ്ങളുടെ വീട്ടിലേക്കു ചില പ്രത്യേക സാഹചര്യം മൂലം പുറമെ നിന്നും ചിലർ  വരുന്നത് അനിവാര്യമായിരുന്നു. ഒരു വർഷത്തിലേറെയായി

ബേബിയുടെ 82 വയസ്സുള്ള ഏറ്റവും മൂത്ത ജ്യേഷ്ഠൻ, തങ്കച്ചൻ ചേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന എം. എ ജോർജ് , ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. അദ്ദേഹം, പാർക്കിൻസോണിസം  അസുഖബാധിതനും കിടപ്പുരോഗിയുമാണ്. അദ്ദേഹത്തിന്റെ കാര്യങ്ങളിൽ സഹായിക്കുന്നതിനായി  വീട്ടിൽ ദിവസേന പുറത്തു നിന്നു വരുന്ന സഖാവാണ് പ്രമോദ്. ജൂലൈ 26നു രാവിലെ ഞങ്ങളുടെ വീട്ടിൽ  നിന്നു മടങ്ങി സ്വന്തം വീട്ടിലെത്തിയ ശേഷം തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് ആ സഖാവ് ഫോണിൽ അറിയിച്ചു. ഇതറിഞ്ഞതു മുതൽ വീട്ടിലെ എല്ലാവരും സെൽഫ്  ക്വാറന്റീനിൽ  പ്രവേശിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച അറിയിപ്പ് താമസ സ്ഥലത്തിന് മുന്നിൽ ഒട്ടിച്ചു. 

പ്രമോദ് തന്റെ ജോലി തീർത്തു പെട്ടെന്നുതന്നെ നമ്മുടെ വീട്ടിൽ നിന്നു പോകാറുള്ളതിനാൽ വീട്ടിലുള്ള ഞങ്ങൾക്കാർക്കും പ്രശ്നമുണ്ടാകില്ല എന്നാണ് ഞാൻ കരുതിയത്. ഗ്ലൗസും മാസ്കും ധരിച്ചാണ് ചേട്ടനെ ശുശ്രൂഷിച്ചിരുന്നത്. വരുമ്പോഴും പോകുമ്പോഴും കൈ സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപോയിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിനു ശേഷം ചേട്ടനെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു രോഗലക്ഷണവും  കണ്ടില്ല. 

എനിക്കു വന്ന രോഗ ലക്ഷണങ്ങൾ ആദ്യമൊന്നും കോവിഡിന്റേതാണെന്ന് അറിയില്ലായിരുന്നു. 28ന് എനിക്ക് കൈത്തണ്ടയിലും (wrist) കാൽ പാദത്തിന് മുകളിലുമായി ചെറിയ കുരുപ്പുകൾ (rashes) പൊന്തുകയും ചൊറിച്ചിൽ സഹിക്കാനാവാതെ തൊലി മാന്തി പൊട്ടിക്കുകയും ചെയ്തു. അപ്പുവിനോട് പറഞ്ഞപ്പോൾ മോൻ എവിടെയോ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദിച്ചു ഇത്  കോവിഡിന്റെ ഒരു ലക്ഷണമല്ലേ എന്ന്. ഞാനത് അത്ര കാര്യമാക്കിയില്ല. ഒരു allegra കഴിച്ചപ്പോൾ അത് ഭേദമായി. 29 നും 30നും ശരീരം കഠിനമായി വേദനിക്കുകയും വല്ലാത്ത ക്ഷീണം അനുഭവിക്കുകയും വൈകുന്നേരങ്ങളിൽ ചെറിയ പനി അനുഭവപ്പെടുകയും ചെയ്തു. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന  സ. എസ് രാമചന്ദ്രൻ  പിള്ളയുടെ ഉപദേശമനുസരിച്ചു്  31നു തന്നെ കെജിഒഎയുടെ ഭാരവാഹി ഡോ. ശ്രീകുമാറിന്റെ കൂടെ ഞങ്ങൾ ( ബേബിയും ഞാനും എകെജി  സെന്ററിലെ സ. രാജനും) സ്വാബ് ടെസ്റ്റിന് വിധേയരായി. ബേബിക്കും സ. രാജനും അപ്പോൾ  കോവിഡ് ബാധിച്ചിട്ടില്ല എന്നായിരുന്നു ഫലം. തങ്കച്ചൻ ചേട്ടന്റെ അവസ്ഥയിൽ ആരോഗ്യ പ്രവർത്തകർ വീട്ടിൽ വന്ന്  ടെസ്റ്റ്‌ ചെയ്തപ്പോൾ അദ്ദേഹത്തിനും ഫലം നെഗറ്റീവ് ആയിരുന്നു. എനിക്കു മാത്രം കോവിഡ് വൈറസ് ബാധ 31നു സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെ ഞാൻ ഫസ്റ്റ്  ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ IMG ട്രെയിനീ ഹോസ്റ്റലിൽ പ്രവേശിക്കപ്പെട്ടു. 

IMG യിൽ  വളരെ നല്ല പരിരക്ഷയാണ് ലഭിച്ചിരുന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരെ ടിവിയിലല്ലാതെ ആദ്യമായി നേരിൽ  കണ്ടത് അവിടെ വച്ചാണ്. വോളന്റീർമാരായി അഹോരാത്രം പ്രവർത്തിച്ചിരുന്ന അഭിരാം, ജോയ്,  ശരത് എന്നിവരെ ഈ സമയം വാത്സല്യത്തോടു കൂടി ഓർത്തു പോകുന്നു. 

IMG യിൽ വച്ച് എനിക്ക് പനി കഠിനമായി. പനിക്കുള്ള മരുന്ന്  കഴിച്ചിട്ടുപോലും ശമനമുണ്ടായില്ല. ഫോണിൽ എന്റെ സംസാരത്തിനിടയിൽ നേരിയ ശ്വാസവലിവും ചുമയും ശ്രദ്ധിച്ച സുഹൃത്തുക്കളും മക്കളും ബന്ധുക്കളും അത്  ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തി. ഇതിനിടയിൽ മുഖ്യമന്ത്രി വിജയേട്ടനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ബേബിയെ ഫോൺ ചെയ്തു കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ പനി കൂടിയത് പരിഗണിച്ച് എന്നെ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

അവിടെ എത്തി പരിശോധിച്ച ഡോ. അരവിന്ദ് നിർദ്ദേശിച്ച പ്രകാരം സി ടി സ്കാൻ ചെയ്തതിൽ എനിക്കു ന്യൂമോണിയ സ്ഥിരീകരിച്ചു. ഒപ്പം  കലശലായ പനിയും ചുമയും. സ്റ്റിറോയിഡും കൂട്ടത്തിൽ ആന്റിബയോട്ടിക്‌,  ആന്റി വൈറൽ,  ഹെപാരിൻ എന്നീ മരുന്നുകളും ഡ്രിപ്പായും പിന്നീട് ഇൻജക്‌ഷനായും  അതിനു ശേഷം ഗുളിക രൂപത്തിലും തന്നുകൊണ്ടിരുന്നു. സ്റ്റിറോയ്ഡ് കാരണം ഷുഗർ ലെവൽ 500 കടന്നു. ദിനംപ്രതി പല തവണ ഷുഗർ ടെസ്റ്റും തുടർന്ന് ഇൻസുലിൻ ഇൻജക്‌ഷനുകളും. Water retention കാരണം ശരീരത്തിൽ നീരും വന്നു. ഇതെല്ലാം വളരെ സൂഷ്മമായി  നിരീക്ഷിച്ചു  രോഗത്തിനനുസരിച്ചു ശ്രദ്ധാപൂർവം ചികിത്സ നൽകിയതു കൊണ്ട് ഞങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടു വീട്ടിലേക്ക് എത്തി.

അവിടെ നിന്നിറങ്ങുമ്പോൾ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരോടും അവർക്കു പിന്തുണയും നേതൃത്വവും നൽകുന്ന സർക്കാരിനോടും ഉള്ളിൽ നന്ദിയും സ്നേഹവും മാത്രം. പലപ്പോഴും ഹൃദയം കൊണ്ട് ചിന്തിക്കുന്ന എനിക്ക് അവിടെ നിന്നു വിട്ടു പോരുമ്പോൾ  കരച്ചിലടക്കാൻ കഴിഞ്ഞില്ല.

ആരോഗ്യ പരിപാലന രംഗത്തുള്ള സുഹൃത്തുക്കൾ ഞങ്ങളുടെ  ദൈവങ്ങളാണ്...മനുഷ്യ രക്ഷ എന്ന ഒരു മന്ത്രം മാത്രമേ അവരുടെ എല്ലാവരുടെയും മനസ്സിലുള്ളു. ആശുപത്രി വൃത്തിയാക്കുന്ന സുഹൃത്തുക്കൾ മുതൽ രോഗികളെ പരിപാലിക്കുന്ന നഴ്‌സ്മാർ, ഡോക്ടർമാർ, ലാബ്- എക്സ് റേ-സ്കാൻ ടെക്‌നിഷ്യന്മാർ തുടങ്ങി ഇതെല്ലാം നിയന്ത്രിക്കുന്ന സർക്കാർവരെ എല്ലാവരും കോവിഡ് പ്രതിരോധ ശ്രമത്തിൽ ഏറ്റവും സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജ  ടീച്ചർ  മുതൽ ഡോക്ടർമാരും നഴ്സുമാരും അവരുടെ  അടുത്ത കുടുംബങ്ങങ്ങളെ സന്ദർശിച്ചിട്ടു മാസങ്ങളായി എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അവർക്കും അവരെപോലെ വിശ്രമമില്ലാതെ അശ്രാന്ത പരിശ്രമം നടത്തുന്ന  വോളന്റിയർ സേനയ്ക്കും ഞങ്ങൾക്കെല്ലാം ഭക്ഷണം പാചകം  ചെയ്യുന്നവർക്കും കൃത്യതയോടെ ആ ഭക്ഷണം ഞങ്ങൾക്ക് എത്തിക്കുന്നവർക്കും ഒരു ബിഗ്  സല്യൂട്ട്....

ഈ സർക്കാർ, കോവിഡ്  രോഗികൾക്കായി ചെയ്യുന്ന കാര്യങ്ങൾ പൊതു ജനങ്ങളിൽ അധികമാരും  അറിയുന്നുണ്ടെന്ന്  തോന്നുന്നില്ല. ലക്ഷണങ്ങളോടു കൂടി സർക്കാർ  ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിച്ച രോഗികൾക്ക് സർക്കാർ  ആശുപത്രിയിലെ മരുന്നും ഭക്ഷണവും  ഉൾപ്പെടെയുള്ള ചിലവെല്ലാം സർക്കാരാണ് വഹിക്കുന്നത്. മാത്രമല്ല അവിടത്തെ വൃത്തിയുടെ കാര്യം പറയാതെ വയ്യ. ആശുപത്രി അവരവരുടെ വീടുപോലെ  വൃത്തിയാക്കി സൂക്ഷിക്കുന്നു. അവർ നമ്മളെയെല്ലാം കുടുംബാംഗങ്ങളായി പരിഗണിക്കുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയുടെ അടുത്തായി  സ്ഥിതി ചെയ്യുന്ന ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിലെ  സഖാക്കൾ, സ. D R അനിൽ, ഭാര്യ ലക്ഷ്മി, എകെജി സെന്ററിലെ സ സജീവൻ,  ഇപ്പോഴും ഭക്ഷണം പാചകം ചെയ്ത് വീട്ടിൽ എത്തിക്കുന്ന സെന്ററിലെ സഖാക്കൾ,  ഞങ്ങളുടെ സുഹൃത്തുക്കളായ ഡോ.  ജമീലാ  ബാലൻ, സർജൻ ഡോ. ശ്രീകുമാർ,  തൃശ്ശൂരിലെ ഡോ. വിനീത,  സ. മുത്തു, സജിനി,  സ. രാജൻ, സരസിജ,  ജെസ്സി, പ്രിയദാസ്,  അങ്കമാലിയിലെ ഡോ. സന്തോഷ്‌,  ഡോ.  ജെ ബി മോഹൻ,  മീന,  മീനയുടെ അമ്മ,  കല വിജയകുമാർ,  ചിന്ത ജെറോം, ചിന്തയുടെ അമ്മ,  ഡോ. റാണി നായർ, കൊല്ലത്തെ ഡോ. ഷിബു, കൈരളിയിലുണ്ടായിരുന്ന നൈന സുനിൽ പിന്നെ മക്കൾ അപ്പു, ചിഞ്ചു, തനയ്,  ആങ്ങള പോൾ, രശ്മി, ശ്രദ്ധ, അരുണ ആദി, പീയുഷ്, സോഫി, മേരി ചേച്ചി, മക്കൾ  അരുൺ, ഡോ. അനിൽ,  അജി, തുടങ്ങിയവരോട്  ഞങ്ങളോടുള്ള  സ്നേഹത്തിന് എങ്ങനെ  നന്ദി പറയണമെന്ന് അറിയില്ല. എനിക്കു രോഗം സ്ഥിരീകരിച്ച വാർത്ത അറിഞ്ഞതിന്നു പിന്നാലെ ഫോൺ ചെയ്ത് പൊട്ടിക്കരഞ്ഞ  പ്രമോദിനെയും  ഭാര്യ ശ്രീകലയെയും മക്കളെയും ഈ അവസരത്തിൽ സ്നേഹത്തോടെ ഓർക്കുന്നു

ബേബിയുടെ അസുഖവിവരം അടുത്തതായി എഴുതും. ഞങ്ങൾ രണ്ടു പേരും ഇപ്പോഴും വീട്ടിൽ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നു.’

English Summary: M. A Baby's wife Betty Louis's COVID experience

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA