ADVERTISEMENT

ഉത്കണ്ഠയും വിഷാദവുമായി മല്ലിടുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ ശരീരശാസ്ത്രപരമായി സമ്മര്‍ദത്തിന്റെ ശക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് പഠനം. ഇത്തരം കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാധാരണ കുട്ടികളെ അപേക്ഷിച്ച് സമ്മര്‍ദ ഘട്ടങ്ങളില്‍ വലിയ തോതില്‍ ഉയരുമെന്നും വലുതാകുമ്പോള്‍ മാനസികമായ സമ്മര്‍ദം ഇവര്‍ നേരിടുമെന്നും ജര്‍മ്മനിയിലെ ഹെയ്ഡല്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. 

ജനനത്തിന്റെ ആദ്യ മാസങ്ങളില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള വിനിമയം കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭത്തോടും പ്രസവത്തോടും അനുബന്ധിച്ച മൂഡ് വ്യതിയാനങ്ങള്‍ നേരിടുന്ന ചില അമ്മമാര്‍ക്ക് കുട്ടികളുമായി ഒരു വൈകാരിക ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരത്തില്‍ അമ്മയും കുഞ്ഞുമായി ഈ കാലഘട്ടത്തിലുണ്ടാകുന്ന വൈകാരിക അകലം കുട്ടി വലുതാകുമ്പോള്‍ അവര്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് പഠനം പറയുന്നു. 

50 അമ്മമാരിലും കുഞ്ഞുങ്ങളിലുമാണ് പഠനം നടത്തിയത്. ഇവരില്‍ 20 അമ്മമാര്‍ വിഷാദമോ ഉത്കണ്ഠയോ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരുന്നു. രണ്ട് മിനിറ്റ് നേരം കുട്ടികളോടൊത്ത് കളിക്കാന്‍ അമ്മമാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊടുന്നനെ കുട്ടികളുമായുള്ള കളി നിര്‍ത്തി അവരെ നിരീക്ഷിക്കുക മാത്രം ചെയ്യണം. രണ്ട് മിനിറ്റിനുശേഷം വീണ്ടും കളി തുടരണം. ഈ പരീക്ഷണത്തിന്റെ സമയമത്രയും ഗവേഷകര്‍ അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയമിടിപ്പ് അളന്നു കൊണ്ടിരുന്നു. 

അമ്മമാര്‍ പെട്ടെന്ന് കളി നിര്‍ത്തി കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതാകുന്ന സമയത്ത് ഉത്കണ്ഠയും വിഷാദവുമുള്ള അമ്മമാരുടെ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് മറ്റ് 30 കുട്ടികളെ അപേക്ഷിച്ച് മിനിറ്റിന് ശരാശരി 8 ബീറ്റ് എന്ന നിരക്കില്‍ ഉയര്‍ന്നിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. 

ഇത് പ്രാഥമിക പഠനമാണെന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പരീക്ഷണം ആവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥിരതയാര്‍ന്ന ഫലം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഫാബിയോ ബ്ലാങ്കോ പറയുന്നു. 10 മുതല്‍ 20 ശതമാനം വരെ സ്ത്രീകളില്‍ പ്രസവത്തോടനുബന്ധിച്ചുള്ള വിഷാദരോഗം ഉണ്ടാകാറുണ്ടെന്നാണ് കണക്കുകള്‍. 

English Summary: Baby heartbeat reveals the stress of having a depressed or anxious mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com