കോവിഡ് രോഗമുക്തിക്ക് ശേഷം ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍; മാർഗനിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

covid care
Photo Credit : Haris Mm. / Shutterstock.com
SHARE

കോവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് പരിശോധന ഫലം നെഗറ്റീവ് ആകുന്നതോടു കൂടി മാത്രം രോഗത്തിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ കഴിയില്ല. സാര്‍സ് കോവ്-2 വൈറസ് ശരീരത്തില്‍ കുറച്ച് കാലം കൂടി അവശേഷിക്കുമെന്നും അത്ര സുഖകരമല്ലാത്ത തുടര്‍ രോഗങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. തീവ്രമായ രോഗലക്ഷണങ്ങളോടു കൂടി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ 75 ശതമാനത്തിനും 'ലോങ്ങ് കോവിഡ്' എന്നറിയപ്പെടുന്ന ഈ കോവിഡ് അനന്തര  ആരോഗ്യ  പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നെഞ്ച് വേദന, ശ്വാസംമുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുമായി ഇവരില്‍ പലരും വീണ്ടും ചികിത്സ തേടിയിട്ടുണ്ട്. 

മറ്റു പല രോഗങ്ങളെയും പോലെ ശരീരത്തിന് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ സമ്മാനിച്ചാണ് കോവിഡ് കടന്നു പോകുന്നതെന്ന് വ്യക്തം. ഇവിടെയാണ് കോവിഡ് അനന്തര പരിചരണവും സുപ്രധാനമാകുന്നത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് രോഗമുക്തി നേടിയവരുടെ പരിചരണം, ആരോഗ്യം എന്നിവ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരെ കഴിഞ്ഞ ദിവസം പുറത്തിറക്കി. 

കോവിഡ് അനന്തര പരിചരണത്തിന്റെ പ്രാധാന്യം 

കോവിഡ് മുക്തരായവരില്‍ ഉണ്ടാകുന്ന ആന്റിബോഡികളാണ് വീണ്ടും അണുബാധയുണ്ടാകുന്നതില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഈ പ്രതിരോധം എത്ര കാലം ഉണ്ടാകുമെന്നതിനെ കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായവര്‍, റിസ്‌കുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ കോവിഡില്‍ നിന്ന് രക്ഷപ്പെട്ടാലും തുടര്‍ന്നും മുന്‍കരുതലുകളെടുക്കുന്നതു നന്നായിരിക്കും. 

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക അടക്കമുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ  വ്യക്തിയുടെ ക്ഷേമവും പ്രതിരോധ ശേഷിയും നിലനിര്‍ത്താനും മെച്ചപ്പെടുത്താനമുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. അവയില്‍ ചിലത് ഇനി പറയുന്നു:

∙ ആവശ്യത്തിന് ചൂടുവെള്ളം കുടിക്കുക  

∙ ആയുഷ് ചികിത്സാരീതികളിൽ വൈദഗ്ധ്യം നേടിയവരുടെ നിർദേശപ്രകാരം മാത്രം  പ്രതിരോധ ശക്തി വർധിപ്പിക്കുന്ന ആയുഷ് മരുന്നുകൾ ഉപയോഗിക്കുക 

∙ താരതമ്യേന ലളിതമായ വ്യായാമമുറകൾ അഭ്യസിക്കാം. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം ശ്വസന വ്യായാമമുറകളും ഉള്‍പ്പെടുത്താം. 

∙ ആരോഗ്യം അനുവദിക്കുന്ന പക്ഷം വീട്ടുജോലികൾ ചെയ്യാം. എന്നാൽ ഔദ്യോഗിക ജോലികൾ ഘട്ടംഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ

∙ വരണ്ട ചുമ, തൊണ്ടവേദന എന്നിവ തുടരുന്നുവെങ്കിൽ ഉപ്പുവെള്ളം കവിൾ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യേണ്ടതാണ്. പച്ച മരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇവയോടൊപ്പം ഉപയോഗിക്കാം. ചുമയ്ക്കുള്ള മരുന്നുകൾ ഡോക്ടർമാരുടെയോ ആയുഷ് ചികിത്സാരീതികളിൽ വൈദഗ്ധ്യം നേടിയവരുടെയോ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

∙ പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരണം. വേഗത്തിൽ ദഹിക്കുന്ന ഭക്ഷണ വസ്തുക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണം

∙ ആവശ്യത്തിന് ഉറക്കം, വിശ്രമം എന്നിവ ശരീരത്തിന് നല്‍കാന്‍ ശ്രദ്ധിക്കുക. 

∙ മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

∙ ശരീരതാപനില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വീട്ടിലിരുന്നു കൊണ്ടുതന്നെ നിരീക്ഷിക്കുക. 

∙ സമപ്രായക്കാർ, സാമൂഹിക ആരോഗ്യ ജീവനക്കാർ, കൗൺസിലർമാർ എന്നിവരിൽനിന്നും മനശാസ്ത്ര, സാമൂഹിക പിന്തുണ 

 ഉറപ്പാക്കാവുന്നതാണ്. ആവശ്യമെങ്കിൽ മാനസിക ആരോഗ്യ വിദഗ്ധരുടെ പിന്തുണയും തേടാവുന്നതാണ്.  

English Summary: Post-COVID care: guidelines for home care and recovery

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA