ADVERTISEMENT

ഓർമകളുടെ കണ്ണി മുറിഞ്ഞവർ... അവർ ഓർക്കില്ലെങ്കിലും ഇന്ന് അവരുടെ ദിനമാണ്. രാജ്യാന്തര അൽസ്ഹൈമേഴ്സ് ദിനം. ആ മറവികൾക്കു കൂട്ടിരിക്കുന്ന ഈ മനുഷ്യരെ പരിചയപ്പെടാം. മനുഷ്യനാടത്ത് സെൻജുവും പ്രിയയും.

അച്ഛന് ഇഷ്ടമായിരുന്ന കപ്പയുമായാണ് എത്തിയതെങ്കിലും മകൻ നിരാശനായാണു മടങ്ങിയത്. അച്ഛന് ഇപ്പോൾ കപ്പ ഇഷ്ടമല്ലത്രെ. പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണപ്പൊതി മടക്കിക്കൊണ്ടു പോകുന്ന മകനെ നോക്കി രാമവർമപുരത്തെ മറവിരോഗ ചികിത്സാകേന്ദ്രത്തിന്റെ പടിക്കൽ, നിർവികാരതയോടെ നിന്ന അച്ഛൻ ചോദിച്ചു: 

ആരാ ആ വന്നിട്ടുപോയത്?

ആരാണെന്നു പറഞ്ഞു കൊടുക്കാൻ സാധിക്കാതെ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരും.

മറവിരോഗം മനുഷ്യനോടു ചെയ്യുന്ന വലിയ ക്രൂരതയാണിത്. ഓർക്കാൻ ഇഷ്ടമില്ലാത്തവ മാത്രമല്ല, ജീവിതം മുഴുവൻ സ്വരുക്കൂട്ടിയ ഒരുകൂട്ടം ഓർമകളുടെ ഭംഗിയും പുഞ്ചിരികളുമാണ് ഈ രോഗം കവർന്നെടുക്കുന്നത്. 

ഡിമെൻഷ്യ റെസ്പൈറ്റ് കെയർ സെന്ററിന്റെ (ഡിആർസിസി) 2019 ലെ കണക്കു പ്രകാരം മറവിരോഗം ബാധിച്ച  5 മില്യണിൽ അധികം രോഗികളാണു രാജ്യത്തുള്ളത്. അതിലും ഞെട്ടിക്കുന്ന വിവരം ഓരോ വർഷവും 10 ശതമാനത്തോളം രോഗികൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾ ഡിമെൻഷ്യ രോഗിയായി തീരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഡിആർസിസിയുടെ സർവേ പ്രകാരം ഡിമെൻഷ്യ രോഗം സ്ഥിരീകരിക്കുന്നത് 10 ശതമാനം ആളുകളിൽ മാത്രമാണ്. ബാക്കിയുള്ളവർ തങ്ങളുടെ രോഗമെന്തന്നറിയാതെ ബുദ്ധിമുട്ടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്താണു സംഭവിക്കുന്നതെന്നറിയാതെ ബന്ധുക്കളും.

മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത, എന്തുകൊണ്ട് രോഗം ബാധിക്കുന്നു എന്നു തിരിച്ചറിയാൻ സാധിക്കാത്ത, മറവി രോഗത്തിന്റെ ബുദ്ധിമുട്ടുകളിൽ വലയുന്നവർക്കായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് ചങ്ങനാശേരി സ്വദേശികളായ മനുഷ്യനാടത്ത് സെൻജു ജോസഫ്–പ്രിയ ദമ്പതികൾ. 

∙യുകെയിൽ തുടക്കം

ബെംഗളൂരുവിലെ നഴ്സിങ് പഠനത്തിനുശേഷം യുകെയിലേക്കു പോയ സെൻജുവും ഭാര്യ പ്രിയയും 10 വർഷം അവിടെ ഡിമെൻഷ്യ സെന്ററിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ യുകെയിലെ അത്യാധുനിക ഡിമെൻഷ്യ സെന്ററിലല്ല, ഇവിടെ നാട്ടിലാണ് തങ്ങളുടെ സേവനം അത്യാവശ്യമെന്നു സെൻജു മനസ്സിലാക്കിയതു വല്ല്യച്ഛന്റെ മരണശേഷം നാട്ടിലെത്തിയപ്പോഴാണ്. അദ്ദേഹത്തിന് ഡിമെൻഷ്യ ആയിരുന്നു. 

∙കേരള ഹെഡ് 

നാട്ടിൽ വന്നു പുതിയ ചികിത്സാ കേന്ദ്രം എങ്ങനെ തുടങ്ങുമെന്ന് ആലോചിക്കുമ്പോഴാണ് ഡിആർസിസിസയെക്കുറിച്ചറിയുന്നത്. അങ്ങനെ 2019ൽ ഇവിടേക്കെത്തി. ഇപ്പോൾ ഡിആർസിസിയുടെ സംസ്ഥാനത്തെ മുഴുവൻ മറവി ചികിത്സാ കേന്ദ്രങ്ങളുടെയും പ്രോജക്ട് ഡയറക്ടറാണ് സെൻജു. യുകെയിൽ പിൻതുടരുന്ന രീതി തന്നെയാണ് ഇവിടെയും. കേന്ദ്രത്തിലേക്ക് എത്തുന്നവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കും. അവർക്കിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും മറ്റും വിശദമായി തിരക്കും. രോഗികളായല്ല, അവരെ അതിഥികളായാണ് സെൻജുവും പ്രിയയും കാണുന്നത്. അവർക്കെല്ലാം ഇഷ്ടംപോലെ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. 

∙വീട്ടിലാണെന്നു പറയണേ...

പലപ്പോഴും ഇത്തരം കേന്ദ്രങ്ങളിലേക്കു മാതാപിതാക്കളെ മക്കൾ എത്തിക്കുന്നതിനു വൈമനസ്യം കാണിക്കുന്നതിനു പ്രധാന കാരണം നാട്ടുകാരുടെയും  ബന്ധുക്കളുടെയും കമന്റുകളാണെന്നാണ് സെൻജുവിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇവിടെയുള്ള അന്തേവാസികളുടെ വേണ്ടപ്പെട്ടവർ പറയുന്ന സ്ഥിരം വാചകമുണ്ട്; ‘‘ആരും അറിയരുത്ട്ടോ വീട്ടിൽ അല്ലെന്ന്.’’ അവരെ നോക്കി സെൻജു ചിരിച്ചുകൊണ്ടു പറയുന്നു, ‘‘ഇത് വീട് തന്നെ.’’ 

സെൻജുവും പ്രിയയും നാലു വയസ്സുകാരൻ മകൻ ഓസ്റ്റിനും താമസിക്കുന്നത് ഈ ചികിത്സാ കേന്ദ്രത്തിൽ തന്നെ. അന്തേവാസികൾക്കെല്ലാം ഓസ്റ്റിൻ അവരുടെ പേരക്കുട്ടിയാണ്. മറവി ഗ്രസിക്കുമ്പോഴും ഓസ്റ്റിന്റെ ചിരി അവരെ ശാന്തരാക്കുന്നു. തങ്ങൾക്ക് ആരെല്ലാമോ ഉണ്ടെന്നും അവർ ഇവിടെത്തന്നെയുണ്ടെന്നും കുറച്ചു നേരത്തേക്കെങ്കിലും അവർ കരുതുന്നു. ഓസ്റ്റിനാകട്ടെ അവരെല്ലാം അവന്റെ മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണ്. 

സെൻജുവിന്റെ നമ്പർ: 8848950058.

English Summary: Alzheimer's day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com