ADVERTISEMENT

ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി സാന്നിധ്യമുള്ള കോവിഡ് രോഗികളില്‍ രോഗതീവ്രതയും മരിക്കാനുള്ള സാധ്യതയും കുറവായിരിക്കുമെന്ന് പഠനങ്ങള്‍. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. 

ഒരു മില്ലിലീറ്റര്‍ രക്തത്തില്‍ കുറഞ്ഞത് 30 നാനോഗ്രാം 25-ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി എങ്കിലുമുള്ള കോവിഡ് രോഗികളില്‍ രോഗം തീവ്രമാകാനും  മരിക്കാനുമുള്ള സാധ്യത ഗണ്യമായി കുറയുമെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 വയസ്സിനു മുകളില്‍ പ്രായമുള്ള കോവിഡ് രോഗികളില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തിലുള്ളവര്‍  മരിക്കാനുള്ള സാധ്യത 51.5 ശതമാനം കുറയുമെന്നാണ് അനുമാനം. 

ഇത്തരം രോഗികളില്‍ സി-റിയാക്ടീവീക് പ്രോട്ടീന്റെ തോത് കുറവും അണുബാധയ്‌ക്കെതിരെ പൊരുതുന്ന ലിംഫോസൈറ്റുകളുടെ തോത് ഉയര്‍ന്നതുമായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരളില്‍ ഉത്പാദിപ്പിക്കുന്ന സി റിയാക്ടീവ് പ്രോട്ടീന്‍ അണുബാധയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് വന്‍ തോതില്‍ രക്തത്തിലേക്ക് എത്തുന്നത്. രക്തത്തിലേക്ക് വലിയ അളവില്‍ പെട്ടെന്ന് സൈറ്റോകീന്‍ പ്രോട്ടീനെത്തുന്ന സൈറ്റോകീന്‍ സ്‌റ്റോം പോലെയുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നത് വഴിയാണ് വൈറ്റമിന്‍ ഡി കോവിഡ് രോഗിയുടെ മരണ സാധ്യത കുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

ശരീരത്തിന്റെ പ്രതിരോധ സംവിധാനം അനിയന്ത്രിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് സൈറ്റോകീന്‍ സ്‌റ്റോം സംഭവിക്കുന്നത്. അണുക്കളെ മാത്രമല്ല ശരീരത്തിലെ അവയവങ്ങളെയും നശിപ്പിക്കാന്‍ ഈ സങ്കീര്‍ണാവസ്ഥയ്ക്ക് സാധിക്കും. 

കൊറോണ വൈറസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മാത്രമല്ല, ശ്വാസകോശ നാളിയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് വൈറസുകള്‍ക്കെതിരെയും ശരീരത്തിലെ വൈറ്റമിന്‍ സാന്നിധ്യം ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിഖായേല്‍ ഹോളിക് പറയുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവം കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും മുന്‍പ് സൂചിപ്പിച്ചിരുന്നു. 

English Summary: Vitamin D cuts complications, risk of death in Covid patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com