കോവിഡ് രോഗികളെയും മുന്‍നിര പോരാളികളെയും കാത്ത് ബ്രെയിന്‍ ഫോഗ്

HIGHLIGHTS
  • തലച്ചോറിന് മൊത്തത്തില്‍ ഒരു മൂടലും മന്ദതയും ഒക്കെ തോന്നിപ്പിക്കുന്ന അവസ്ഥ
  • ദീര്‍ഘകാലം ഐസൊലേഷനില്‍ കഴിയുന്നതും ചിലരെ വിഷാദരോഗത്തിലേക്ക് തള്ളി വിടാം
INDIA-KASHMIR-HEALTH-VIRUS
SHARE

പെട്ടെന്നങ്ങ് വിട്ടു പോകാന്‍ കൂട്ടാക്കാത്ത പിടിവാശിക്കാരന്‍ രോഗമാണ് കോവിഡ്–19. രോഗം മാറി പരിശോധനയില്‍ നെഗറ്റീവായാല്‍ തീരുന്നതല്ല കോവിഡിനെ കൊണ്ടുള്ള ശല്യം. കോവിഡ് അനന്തര കാലഘട്ടത്തില്‍ ആഘാതകരമായ സംഭവത്തിനു ശേഷമുള്ള മാനസിക സമ്മര്‍ദം-(പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ -പിടിഎസ്ഡി) മൂലം പലര്‍ക്കും ബ്രെയിന്‍ ഫോഗ് ഉള്‍പ്പെടെയുള്ള നാഡീവ്യൂഹസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാര്‍സിനും മെര്‍സിനും സമാനമായ അനന്തര ഫലങ്ങളാണ് കോവിഡ് രോഗികളെ നെഗറ്റീവായ ശേഷവും കാത്തിരിക്കുന്നതെന്ന് അമേരിക്കയില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ജെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. ആന്‍ഡ്രൂ ലെവിനും ഷിക്കാഗോയിലെ റോസാലിന്‍ഡ് ഫ്രാങ്ക്‌ളിന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് സയന്‍സിലെ ബിരുദ വിദ്യാര്‍ത്ഥി എറിന്‍ കാസെഡയും ചേര്‍ന്നാണ് പഠനം നടത്തിയത്.

എന്താണ് ബ്രെയിന്‍ ഫോഗ് ?

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ തലച്ചോറിന് മൊത്തത്തില്‍ ഒരു മൂടലും മന്ദതയും ഒക്കെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. എന്തെങ്കിലും ചിന്തിക്കാനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള മനുഷ്യന്റെ കഴിവ് ബ്രെയിന്‍ ഫോഗിന്റെ സമയത്ത് താത്ക്കാലികമായി തടസ്സപ്പെടും. ഓര്‍മക്കുറവ്, ആലോചിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയില്ലായ്മ, ആശയക്കുഴപ്പം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകും. ദൈനം ദിന കാര്യങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ മനസ്സിനും ബുദ്ധിക്കും ഉണ്ടാകുന്ന ഈ ക്ഷീണമാണ് ബ്രെയിന്‍ ഫോഗ്. 

ഉറക്കമില്ലായ്മ, അമിത സമ്മര്‍ദം, ഹോര്‍മോണല്‍ വ്യതിയാനം, വൈറ്റമിന്‍ ബി-12ന്റെ അഭാവം, ചില ശക്തിയുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ബ്രെയിന്‍ ഫോഗിങ്ങിന് കാരണമാകാറുണ്ട്. മൈഗ്രെയ്ന്‍, നിര്‍ജലീകരണം, അനിമീയ, വിഷാദരോഗം എന്നിവയും ബ്രെയിന്‍ ഫോഗിങ്ങിലേക്ക് നയിക്കാറുണ്ട്. 

ഇന്‍ട്യൂബേഷനും വെന്റിലേഷനും അടക്കമുള്ള ചികിത്സാ നടപടികള്‍ കോവിഡ് തീവ്രമാകുന്ന രോഗികള്‍ക്ക് ചിലപ്പോള്‍ വേണ്ടി വന്നേക്കാം. രോഗികളില്‍ ഭയമോ വേദനയോ ഉണ്ടാക്കുന്ന ഇത്തരം ചികിത്സകള്‍ അവര്‍ക്ക് ആഘാതമാകാം. ചില കേസുകളില്‍ ഉയര്‍ന്ന തോതിലുള്ള പനിയും മതിഭ്രമവുമുണ്ടാക്കും. ദീര്‍ഘകാലം ഐസൊലേഷനില്‍ കഴിയുന്നതും ചിലരെ വിഷാദരോഗത്തിലേക്ക് തള്ളി വിടാം. ഇതെല്ലാം അവരുടെ ഓര്‍മയെയും ചിന്താശേഷിയെയും ബാധിക്കുന്ന ബ്രെയിന്‍ ഫോഗിങ്ങിലേക്ക് നയിക്കാം. 

കോവിഡ് രോഗികളില്‍ ചിലര്‍ക്കെങ്കിലും ശരീരത്തിനു പുറമേ മനസ്സിനും ചികിത്സ വേണ്ടി വരുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തി നേടിയ രോഗികളും സമാനമായ പിടിഎസ്ഡി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 

കോവിഡ് രോഗികള്‍ക്ക് പുറമേ രോഗത്തെ പ്രതിരോധിക്കുന്ന മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുണ്ടാകാനുള്ള സാധ്യത പഠനം ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ സമ്മര്‍ദവും രോഗം വരുമോ എന്നുള്ള ഭയവുമെല്ലാം ഇതിലേക്ക് നയിക്കാം.  

English Summary : COVID-19 patients may experience 'brain fog'

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA