ADVERTISEMENT

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന മരുന്നാണ് റെംഡെസിവിര്‍. എബോള ചികിത്സയില്‍ ഉപയോഗിച്ചിരുന്ന ഈ മരുന്ന് അടിയന്തര ഘട്ടങ്ങളില്‍, ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ ഉപയോഗിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുമതി നല്‍കിയിരുന്നു. അടുത്തിടെ കോവിഡ് രോഗബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കിയ മരുന്നുകളുടെ കൂട്ടത്തിലും റെംഡെസിവിര്‍ ഉണ്ടായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഈ മരുന്നിന്റെ ഗുണത്തെപ്പറ്റി സംശയമുന്നയിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് രോഗികളുടെ അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതില്‍ റെംഡെസിവിര്‍ കാര്യമായ ഫലമുളവാക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിച്ചു വരുന്ന റെംഡെസിവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഇന്റര്‍ഫെറോണ്‍, എച്ച്‌ഐവി മരുന്ന് സംയുക്തമായ ലോപിനാവിര്‍-റിടോനാവിര്‍ എന്നിവയാണ് സോളിഡാരിറ്റി ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി ഡബ്ല്യുഎച്ച്ഒ വിലയിരുത്തിയത്. 

30 രാജ്യങ്ങളിലെ 500 ഓളം ആശുപത്രികളിലുള്ള 11,266 രോഗികളിലാണ് ഈ മരുന്നുകള്‍ പരീക്ഷിച്ചത്. ഇവയ്‌ക്കൊന്നിനും മരണ നിരക്ക് കുറയ്ക്കാനോ രോഗി ആശുപത്രിയില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാനോ കഴിഞ്ഞിട്ടില്ലെന്ന് പഠനം പറയുന്നു. ഇനിയും വിശദമായി വിശകലനം ചെയ്യപ്പെടാത്ത ഈ പഠനത്തെ റെംഡെസിവിര്‍ നിര്‍മാതാക്കളായ ഗിലിയഡ് തള്ളിക്കളയുന്നു. മുന്‍പു നടന്ന സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ് ഡബ്ല്യുഎച്ച്ഒ പഠനമെന്നും ഈ കണ്ടെത്തലുകള്‍ ഇനിയും വിശകലനം ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം ഗിലിയഡ് നടത്തിയ ഒരു പഠനത്തില്‍ കോവിഡ് രോഗമുക്തിക്കുള്ള സമയം അഞ്ച് ദിവസത്തോളം കുറയ്ക്കാന്‍ റെംഡെസിവിറിന് സാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

കോവിഡിനെതിരെ അത്ര ഫലപ്രദമല്ലെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലാപിനാവിര്‍-റിടോനാവിര്‍ എന്നിവ ഉപയോഗിക്കുന്നത് ജൂണില്‍ത്തന്നെ നിര്‍ത്തി വച്ചതായി ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറയുന്നു. മേയ് ഒന്നിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതു മുതല്‍ നിരവധി രാജ്യങ്ങള്‍ റെംഡെസിവിര്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. 

English Summary : Covid: Remdesivir 'has little or no effect' on survival, says WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com