ADVERTISEMENT

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ ഹൃദ്രോഗ സംബന്ധമായി ചെറിയ ഡോസില്‍ നിത്യവും ആസ്പിരിന്‍ കഴിക്കുന്നവര്‍ക്ക് മരണ സാധ്യത കുറവാണെന്ന് പഠനങ്ങള്‍. 

ആസ്പിരിന്‍ കഴിക്കുന്നവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേഷനിലും കോവിഡിനെ തുടര്‍ന്ന് എത്താനുള്ള സാധ്യത വിരളമാണെന്നും ആസ്പിരിന്‍ കഴിക്കാത്തവരെ അപേക്ഷിച്ച് രോഗത്തെ അതിജീവിക്കാനുള്ള സാധ്യതയാണ് ഇവര്‍ക്ക് കൂടുതലെന്നും അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. 

അനസ്‌തേഷ്യ ആന്‍ഡ് അനല്‍ജേസിയ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ക്രമാനുസൃതമല്ലാത്ത ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മേരിലാന്‍ഡ് സര്‍വകലാശാലയിലെ ജോനാഥന്‍ ചൗ പറയുന്നു. 

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 412 കോവിഡ് രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകളാണ് ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. ശരാശരി 55 വയസ്സായിരുന്നു ഇവരുടെ പ്രായം. ഇവരില്‍ നാലിലൊന്ന് പേര്‍ ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നവരായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും മുന്‍പോ അതിനു ശേഷം ഉടനെയോ ആസ്പിരിന്‍ കഴിച്ചവരായിരുന്നു ഈ രോഗികള്‍. 

വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 44 ശതമാനവും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 43 ശതമാനവും ആസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ കുറവായിരുന്നതായി പഠനത്തില്‍ കണ്ടെത്തി. ആസ്പിരിന്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത ആസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ 47 ശതമാനം കുറവായിരുന്നു. 

ആസ്പിരിന്‍ ഉപയോഗിച്ച രോഗികളില്‍ രക്തസ്രാവം പോലുള്ള സങ്കീര്‍ണതകളും ആശുപത്രി വാസത്തിനിടെ കുറവായിരുന്നു. മുന്‍പ് ഹൃദയാഘാതമോ പക്ഷാഘാതമോ വന്ന രോഗികളില്‍ ക്ലോട്ടുകള്‍ രൂപപ്പെടാതിരിക്കാന്‍ കുറഞ്ഞ ഡോസിലുള്ള ആസ്പിരിന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. 

മൈക്രോ ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറച്ചായിരിക്കാം ആസ്പിരിന്‍ കോവിഡ് രോഗികളില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കിയതെന്ന് പഠന റിപ്പോര്‍ട്ട് അനുമാനിക്കുന്നു. 

English Summary : Asprin use may cut death risk in severe Covid patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com