ADVERTISEMENT

ആശുപത്രിയിലെത്തി രോഗികളെ സന്ദര്‍ശിക്കരുതെന്ന് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തവരോടാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണെന്ന് എപ്പോഴും ഓര്‍ക്കുക.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ച് വയസ്സ് പ്രായമുള്ള ആ മനുഷ്യന്‍ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയത്. സ്‌ട്രോക്ക് ബാധിച്ചിരിക്കുന്നു. നേരത്തെ ഒരു തവണ സ്‌ട്രോക്ക് വന്ന ആളാണ്. അവസ്ഥ സങ്കീര്‍ണമാണ്. പെട്ടെന്ന് ചികിത്സ ആവശ്യമായതിനാല്‍ കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് ചികിത്സ ആരംഭിച്ചു. ഇതിനിടയില്‍ കോവിഡ് ടെസ്റ്റ് നടത്തി. റിസല്‍ട്ട് നെഗറ്റീവാണ്. ആ ആശങ്ക ഒഴിഞ്ഞുകിട്ടി. എങ്കിലും ജീവന്‍ രക്ഷിക്കല്‍ എളുപ്പമല്ല. കഠിനമായ പരിശ്രമം ആവശ്യമാണ്. 

രോഗിയെ ഐ സി യുവിലേക്ക് മാറ്റി. നാലഞ്ച് ദിവസം ഐസിയു വാസം തുടര്‍ന്നു. ഇതിനിടയില്‍ ഐസിയു വിലെ ഡോക്ടര്‍മാരുടേയും ന്യൂറോളജിസ്റ്റ്മാരുടേയും ന്യൂറോ സര്‍ജന്മാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രോഗി അപകടനില തരണം ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് റൂമിലേക്ക് സുരക്ഷിതമായി മാറ്റാമെന്ന അവസ്ഥ വന്നു. കാര്യങ്ങള്‍ രോഗിയുടെ ബന്ധുക്കളോട് വിശദമായി പറഞ്ഞു. ഇതുവരെ കാര്യങ്ങള്‍ ശുഭകരമായിരുന്നു. ഇതിന് ശേഷമാണ് കഥ പാടേ മാറി മറയുന്നത്.

അന്ന് വൈകീട്ട് ആ മനുഷ്യന്റെ മകള്‍ ആശുപത്രിയിലെത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടിയാണ്. രണ്ട് മലയാളം വാക്ക് പറയുന്നതിനിടയില്‍ നാല് വാക്ക് നല്ല ബ്രിട്ടീഷ് ആക്‌സ്ന്റ് ഇംഗ്ലീഷില്‍ പറയും. അവര്‍ കാര്യങ്ങള്‍ തിരക്കി. ഡോക്ടര്‍മാര്‍ വിശദീകരിച്ച് പറഞ്ഞുകൊടുത്തു. സന്തോഷമായി, അപ്പോള്‍ തന്നെ അച്ഛനെ കാണണം എന്നതായി അടുത്ത ആവശ്യം. നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് അത് ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ അവരെ അറിയിച്ചു. പക്ഷേ ഒരു രക്ഷയുമില്ല. ആ പെണ്‍കുട്ടി പിടിവാശിയിലാണ്. അവരുടെ ശബ്ദത്തിന്റെ ഡെസിബെല്‍ പെട്ടെന്ന് തന്നെ കൂടി വന്നു. ഒടുവില്‍ പിതാവിനെ കാണാന്‍ അവരെ അനുവദിച്ചു.

വളരെ സ്‌നേഹത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ്. കണ്ടപാടെ തന്നെ അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചു. തുടര്‍ന്ന് അച്ഛന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് മുഖത്തോട് ചേര്‍ത്ത് വെച്ചു. രണ്ട് തുള്ളി കണ്ണുനീര്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ നിന്ന് അച്ഛന്റെ കൈകളിലൂടെ പുതപ്പിന്റെ ഇഴകളിലേക്കിഴുകി ചേര്‍ന്നു. എന്തൊക്കെയോ ചോദിച്ചു. അച്ഛന്‍ മറുപടിയും നല്‍കി. പോകാന്‍ നേരം അച്ഛന്റെ കവിളില്‍ മകളുടെ സ്‌നേഹ ചുംബനവും നല്‍കി. അരുതെന്ന് വിലക്കിയിട്ടും അവര്‍ ഇതെല്ലാം ചെയ്യുക തന്നെ ചെയ്തു.

നാളെ കൂടി ഒബ്‌സര്‍വേഷനില്‍ വച്ചിട്ട് മാറ്റന്നാള്‍ റൂമിലേക്ക് മാറ്റുമല്ലോ അപ്പോള്‍ വന്ന് കാണാം എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി യാത്രയായി. പിറ്റേ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് അറിയിപ്പ് വന്നു. അവള്‍ക്ക് കോവിഡ് പോസറ്റീവായിരിക്കുന്നു. മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞതോടെ ഭയപ്പെട്ടത് പോലെ അച്ഛനും അസുഖ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ടെസ്റ്റ് ചെയ്തു. പോസ്റ്റീവാണ്. പെട്ടെന്ന് തന്നെ അവ്സ്ഥ സങ്കീര്‍ണമായി. അധികം വൈകാതെ അദ്ദേഹം വിധിക്ക് അദ്ദേഹം കീഴടങ്ങി. ആലോചിച്ച് നോക്കൂ, ആ സ്ത്രീക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. പിതാവിനോട് സ്‌നേഹമുണ്ട് പക്ഷേ ഔചിത്യബോധമില്ലാതെ പോയി.

ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ കോവിഡ് കാലത്ത് അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് രോഗികളുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള ഈ ഔചിത്യബോധമില്ലാത്ത പ്രതികരണം. ആശുപത്രിക്കുള്ളില്‍ കിടക്കുന്നത് നിങ്ങളുടെ ബന്ധുക്കളാണെന്നും, നിങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹബന്ധത്തിന്റെ തീവ്രത എത്രത്തോളമായിരിക്കുമെന്നും, അവരെ കാണാതിരിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആകാംക്ഷ എന്തായിരിക്കുമെന്നുമൊക്കെ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ ഓര്‍ക്കുക സര്‍ക്കാര്‍ തലത്തിലും ആരോഗ്യമേഖലയില്‍ നിന്നുമെല്ലാം ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ ഓരോരുത്തരുടേയും സുരക്ഷയെ കരുതിയാണ്. അത്തരം നിര്‍ദ്ദേശങ്ങളോട് സഹകരിക്കേണ്ടതും അനുസരിക്കേണ്ടതും നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കോവിഡ് നോഡല്‍ ഓഫീസറും പീഡിയാട്രിക് വിഭാഗം മേധാവിയുമാണ് ലേഖകൻ)

English Summary : COVID experience, doctor says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com