ADVERTISEMENT

ഏറെ പ്രതീക്ഷകളുമായി ഒരു പ്രമേഹമാസം. പതിവിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരുപാട് സന്തോഷം പകരുന്ന വർത്തമാനങ്ങളുമായാണ് 2020 പ്രമേഹ മാസം വന്നെത്തിയിരിക്കുന്നത്. പ്രമേഹ ചികിത്സയിൽ ജീവാമൃതം എന്ന് കരുതപ്പെടുന്ന ഇൻസുലിൻ കണ്ടുപിടിച്ചതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഒരുക്കത്തിലാണ് ശാസ്ത്രജ്ഞന്മാരും ലോകത്തെമ്പാടുമുള്ള പ്രമേഹ രോഗികളും. കഴിഞ്ഞ 100 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ പ്രമേഹ ചികിത്സയിൽ രോഗികൾക്ക് ഏറ്റവും ഉപയോഗപ്രദവും ആരോഗ്യത്തോടെ ആയുസ്സ് വർധിപ്പിക്കാൻ ഉതകുംവിധവുമുള്ള ഒരു ഡസനിലേറെ ചികിത്സോപാധികളാണ് കഴിഞ്ഞ 5 വർഷത്തിനിടെ പുറത്തു വന്നിരിക്കുന്നത്.

പ്രായഭേദമന്യേ അനിയന്ത്രിതമായ പ്രമേഹമുള്ള രോഗികളിലാണ് കോവിഡ് മരണങ്ങൾ സംഭവിച്ചതെങ്കിൽ പോലും മരുന്ന് പരീക്ഷണങ്ങളിലൂടെ കഴിഞ്ഞ 4 മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും നമ്മൾ അതി ദൂരം മുന്നോട്ട് പോയി കഴിഞ്ഞു.

2020 നവംബർ 14 പ്രമേഹദിന സന്ദേശം Diabetes Nurses Make the Difference (പ്രമേഹം- നഴ്സ് മാറ്റത്തിനു കാരണമാകും) ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (IDF) ന്റെ ഈ മുദ്രാവാക്യം പല അർഥതലങ്ങൾ ഉള്ളതാണ്. കാലാകാലങ്ങളായി തുടരുന്ന ഒരു പ്രതിഭാസമാണ് ചികിത്സാ പരാജയം. 

ഭാരതത്തിൽ ചികിത്സയിലേർപ്പെട്ടിരിക്കുന്ന പ്രമേഹ രോഗികളിൽ 10% രോഗികൾക്ക് പോലും പഞ്ചസാര, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നീ മൂന്നു ഘടകങ്ങളുടെ, ലക്ഷ്യത്തിലെത്തുവാനോ നിലനിർത്തുവാനോ കഴിയുന്നില്ല എന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. 

ഈ നിർഭാഗ്യകരമായ അവസ്ഥക്ക് കരണമെന്തെന്നല്ലേ? ഒരു ഡോക്ടറുടെ കൈയിൽ നിന്നും കുറിപ്പടി വാങ്ങി പ്രമേഹം ചികിത്സിക്കുവാൻ ശ്രമിക്കുന്നവനാണ് എളുപ്പ വഴി തേടി പോകുന്ന  99% പ്രമേഹ രോഗികളും. 

പ്രമേഹ ചികിത്സ സ്വീകരിക്കേണ്ടത് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടറെ കൂടാതെ ഒപ്പമുള്ള ഡയബറ്റിസ് നഴ്സ് കൂടി അടങ്ങിയ സംഘത്തിൽ നിന്നാണ്. അപ്പോൾ മാത്രമാണ് രോഗികൾക്ക് ചികിത്സയിലെ ഓരോ ഔഷധങ്ങൾ ഉപയോഗിക്കുന്നതിന്റെ ശരിയായ രീതിയെ കുറിച്ചും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ കൃത്യമായ മാർഗ നിർദേശങ്ങൾ ലഭിക്കുന്നത്. ഇത്തരം പരിശീലനം നേടുന്നതിന് മണിക്കൂറുകൾ തന്നെ വേണ്ടി വന്നെന്നിരിക്കിക്കും. 

ഇനി സന്തോഷ വർത്തമാനങ്ങൾ എന്തൊക്കെയാണെന്നറിയണ്ടേ?

പ്രമേഹ രോഗികൾക്ക് വന്നെത്തുന്ന പ്രധാന അനുബന്ധ രോഗങ്ങളാണ് ഹൃദയാഘാതം, ഹൃദയ പരാജയം, വൃക്ക സ്തംഭനം, പക്ഷാഘാതം തുടങ്ങിയവ. ഇത്തരം അതീവ ഗുരുതരമായ രോഗങ്ങൾ തടയുന്നതിനും വന്നവർക്ക് അത് ജീവനുതന്നെ ഭീഷണിയാകും വിധം വീണ്ടും വരാതിരിക്കുന്നതിനു വേണ്ടി നിർബന്ധമായും ചികിത്സയിലുപയോഗിക്കേണ്ട ഔഷധങ്ങൾ കണ്ടെത്തി കഴിഞ്ഞു. Semaglutide, Liraglutide, Empagliflozin തുടങ്ങിയവ. ഒരു വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം കൂടാതെ ഒരു കാരണവശാലും രോഗികൾ ഇത് സ്വയം ഉപയോഗിക്കുവാൻ പാടില്ല. 

പ്രമേഹ ചികിത്സയിൽ രോഗികൾക്ക് പേടി സ്വപ്നമായി മാറുന്നത് (hypoglycemia) പഞ്ചസാര പെട്ടെന്ന് കുറഞ്ഞു പോകുന്ന പ്രതിഭാസമാണ്. പുത്തൻ ഔഷധങ്ങൾക്ക് അല്പം വിലയേറുമെങ്കിലും 50% മുതൽ 100% വരെ hypoglycemia ഒഴിവാക്കുന്ന തരത്തിലാണ് ഘടന. ഇത് കൂടാതെ തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങളിലും വൻ മുന്നേറ്റമാണ് കഴിഞ്ഞ 5 വർഷത്തിനിടെ നടന്നത്. ഈ മാസം ആദ്യം മുതൽ ഭാരതത്തിൽ ലഭ്യമായി തുടങ്ങിയ ഫ്രീസ്റ്റൈൽ ലിബ്രെ എന്ന CGM രോഗികൾക്ക് സ്വയം വാങ്ങി ഉപയോഗിക്കാവുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ മുൻകൂറായി മനസിലാക്കി ഡോക്ടറും ഡയബറ്റിസ് നഴ്സുമായി ചേർന്ന് ഏറ്റവും സ്വീകാര്യമായ ടൈം ഇൻ റേഞ്ച് നിലനിർത്തുവാൻ ഇത് സഹായിക്കും. രക്തം കുത്തി പരിശോധന നടത്തിയിരുന്ന പതിവിൽ നിന്നും പരിപൂർണമായി വേദന രഹിതമായ ഒരു പരിശോധന രീതിയാണ് ഇത്. വർഷങ്ങളായി പ്രമേഹം ചികിത്സിച്ചിരുന്ന പലരും ഇതൊക്കെ തന്നെയല്ലേ സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നങ്ങൾ ഒക്കെയും 2020ൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. 

ചികിത്സോപാധികൾ എന്തൊക്കെ വന്നാലും എക്കാലവും പ്രമേഹവുമായി സമരം ചെയ്ത് ജീവിതമാഘോഷിക്കുവാൻ തീരുമാനിക്കുമ്പോൾ, ഓർക്കുക: 4 വിജയമന്ത്രങ്ങൾ - ഉറക്കം, വ്യായാമം, ഭക്ഷണം, മനസ്സ്. 

(ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അംഗീകാരമുള്ള ജ്യോതിദേവ്സ് ഡയബെറ്റിസ് റിസർച്ച് സെന്റർ ഡയറക്ടറാണ് ലേഖകൻ)

English Summary : World diabetes day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com