ADVERTISEMENT

പ്രമേഹം-നഴ്സ് മാറ്റത്തിന് കാരണമാകും. “Diabetes: Nurses Make a Difference” ഇതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും ലോകരോഗ്യ സംഘടനയും ഈ വർഷം ഈ സന്ദേശം തിരഞ്ഞെടുത്തതിന്റെ പിന്നിൽ ഒരു കാരണമുണ്ട്. പ്രമേഹ ചികിത്സയിൽ ഒരു മാറ്റത്തിനു കാരണമാകുവാൻ, ഡോക്ടർക്കും രോഗിക്കുമൊപ്പം, നഴ്സ് കൂടിയേ തീരൂ. ഇത് അറിയാതെയാണ് പല രോഗികളും പ്രമേഹ ചികിത്സയിപ്പോൾ സ്വീകരിച്ചു വരുന്നത്. പ്രമേഹ രോഗം എന്നത് നാം സാധാരണ കാണുന്ന മറ്റ് രോഗങ്ങളിൽ നിന്നു വളരെ വളരെ വ്യത്യസ്‌തമായ ഒരു പ്രതിഭാസമാണ്. കോവിഡ് വന്നാൽ അത് ഒരാഴ്‌ചമുതൽ രണ്ടാഴ്ചവരെ നീണ്ടു നിൽക്കും. ഒരു സാധാരണ വൈറൽ പനിയോ മഞ്ഞപ്പിത്തമോ ആയാലും അത് ആഴ്ചകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു രോഗം മാത്രമാണ്. പക്ഷേ പ്രമേഹം എന്ന ജീവിതചര്യാ രോഗം, മിക്കപ്പോഴും ഒരു ആയുസ്സ് മുഴുവൻ ചികിത്സിക്കേണ്ട ഒരു രോഗമാണ്. 

രോഗികൾക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, പ്രമേഹം ചികിത്സിക്കാനായി ഒരു ഡോക്ടറുടെ കുറിപ്പടി കിട്ടിയാൽ മതി എന്ന്. ഇവിടെയാണ് നമുക്ക് അബദ്ധം സംഭവിക്കുന്നത്. പ്രമേഹ ഔഷധങ്ങൾ എന്നത് രോഗ ചികിത്സയിലെ ഒരു 30% മാത്രമേ ആകുന്നുള്ളൂ. ബാക്കി 70%  ആ ഔഷധങ്ങൾ എങ്ങനെ കഴിക്കണം, എപ്പോൾ കഴിക്കണം, നമ്മളുടെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്കനുസൃതമായി ഔഷധങ്ങളുടെ തോത് എങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കണം, ഭക്ഷണം എങ്ങനെ ആകണം, വ്യായാമം എങ്ങനെ തുടങ്ങണം, എത്രത്തോളം ആകാം, എങ്ങനെ തുടരണം എന്നിത്യാദി 100 കണക്കിന് ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് പ്രമേഹ രോഗികൾക്ക് ജീവിതത്തിലുടനീളം വേണ്ടി വരുന്നത്. ഇവിടെയാണ് ഡയബറ്റിസ് നഴ്സ്, ഡയബറ്റിസ് ഡയറ്റീഷ്ൻ, ഡയബറ്റിസ് എഡ്യൂക്കേറ്റർ എന്നിവരുടെ സഹായം രോഗികൾക്ക് വേണ്ടി വരുന്നത്. ഇവർ ചികിത്സിക്കുന്ന ഡോക്ടർക്കൊപ്പമാണ് രോഗികൾക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടേയിരിക്കുന്നത്. 

നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് ഗർഭാവസ്ഥയിൽ പുതുതായി വന്നെത്തുന്ന പ്രമേഹം. അതായത് ഗെസ്റ്റേഷനൽ ഡയബറ്റിസ് മെലിറ്റസ്. ഇത് മാസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന പ്രമേഹമായതുകൊണ്ട് പലരും ഇതിനു അർഹിക്കുന്ന പ്രാധാന്യം കൊടുക്കാറില്ല. ഇവിടെയാണ് ഡയബറ്റോളജിസ്റ്റ്, ഡയബറ്റിസ് നഴ്സ് എന്നിവരുടെ സഹായവും നിർദ്ദേശവും നമുക്ക് നിരന്തരം വേണ്ടി വരുന്നത്. 

ഡയബറ്റിസ് നഴ്സിന് ചികിത്സ ഏതൊക്കെ വിധത്തിൽ പങ്കാളിയാകാൻ സാധിക്കും? നമുക്ക് പരിശോധിക്കാം. 

1. ഇവിടെ സൂചിപ്പിച്ചതുപോലെ ഓരോ മരുന്നുകളും ഉപയോഗിക്കേണ്ടതായുള്ള നിർദ്ദേശങ്ങൾ. അത് ഡോക്ടർ വിശദമായി പറഞ്ഞു കൊടുത്താലും രോഗി മറന്നു പോകുവാനുള്ള സാധ്യത ഏറെയാണ്. 

2. പ്രമേഹ ചികിത്സയിൽ ജീവാമൃതം എന്ന് കരുതപ്പെടുന്ന ഇൻസുലിൻ കുത്തിവയ്‌പ്പുകൾ കൃത്യമായി എടുക്കുന്നതിന് നിരന്തരമായ ആരോഗ്യ വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണ്. ചിലപ്പോൾ മണിക്കൂറുകൾ തന്നെ എടുക്കുന്ന ഒരു പ്രതിഭാസമായി ഈ പരിശീലനം മാറും. അതിനും ഡയബറ്റിസ് നഴ്സിന്റെ സേവനം അനിവാര്യമാണ്. 

ഇനി ഗ്ലുക്കോമീറ്ററുകൾ, ബ്ലഡ് പ്രഷർ അപ്പാരറ്റസ് (BP Apparatus):- പ്രമേഹ ചികിത്സാ നിർദ്ദേശങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് രോഗി സ്വയം വീട്ടിൽ നിരവധി പ്രാവശ്യം രക്ത പരിശോധന നടത്തുന്നതും ബ്ലഡ് പ്രഷർ പരിശോധിക്കുന്നതും. ഇത് ആഴ്ചയിൽ എത്ര പ്രാവശ്യം വേണം, എങ്ങനെയാണു ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്, ഇത്തരം നിർദ്ദേശങ്ങളെല്ലാം രോഗികൾക്ക് നൽകുവാൻ കഴിയുന്നത് ഒരു പ്രമേഹ ചികിത്സയിൽ പരിശീലനം കിട്ടിയ ഒരു നഴ്സിനായിരിക്കും. കൂടാതെ ആധുനിക പ്രമേഹ പരിശോധനാ ചികിത്സോപാധികളായ കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റംസ് (Guardian Connect), FreeStyle Libre, ഇൻസുലിൻ പമ്പുകൾ ഇവയെല്ലാം ഉപയോഗിക്കുന്നതിനും അതിൽ കാണുന്ന നിർദ്ദേശങ്ങൾ എങ്ങനെ നമ്മുടെ ജീവിത ക്രമങ്ങൾ മാറ്റുന്നതിനായി ഉപയോഗപ്പെടുത്തണം, മരുന്നുകളുടെ ഡോസ് ഇതിൽ കാണുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എങ്ങനെ മാറ്റണം, അങ്ങനെയുള്ള ഉപദേശങ്ങൾ പരിശീലനം സിദ്ധിച്ച ഒരു ഡയബെറ്റിസ് നെഴ്സിന് രോഗികൾക്ക് പറഞ്ഞുകൊടുക്കുവാൻ സാധിക്കും. അങ്ങനെ 100 കൂട്ടം കാര്യങ്ങളാണ് രോഗ ചികിത്സയിൽ ഡയബറ്റിസ് നഴ്സ് അടങ്ങുന്ന ഒരു പ്രമേഹ ചികിത്സാ സംഘത്തിന് രോഗികൾക്ക് പറഞ്ഞു കൊടുക്കുവാൻ കഴിയുക. ഇത് കൊച്ചു കാര്യമല്ല. നമുക്ക് ഡയബറ്റിസ് വരുത്തി തീർക്കുന്ന ഭാവിയിലെ അതീവ ഗുരുതരമായ അനുബന്ധ രോഗങ്ങൾ കാരണമുള്ള അവശതകൾ പരിപൂർണമായും തന്നെ ഒഴിവാക്കുന്നതിന് ഇത് പ്രയോജനപ്പെടും. പക്ഷേ, ഒന്നോർക്കുക, പ്രമേഹ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ ഒരു ചികിത്സാ സംഘത്തിലെ ഡയബറ്റിസ് നഴ്സിനായിരിക്കും ഇത്തരം സേവനങ്ങൾ ഏറ്റവും നന്നായി നമുക്ക് നൽകുവാൻ കഴിയുക. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, പ്രമേഹ ചികിത്സാ വിജയം 5-10% രോഗികളിൽ മാത്രമാണ് എന്നതാണ്. ഇത് 95 ശതമാനമാക്കി മാറ്റുവാൻ മേല്പറഞ്ഞ നിർദ്ദേശങ്ങൾ സ്വീകരിക്കുക വഴി നമുക്ക് സാധിക്കും; സാധിക്കണം.

English Summary : Diabetes day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com