ADVERTISEMENT

പ്രമേഹത്തോടൊപ്പം ജീവിക്കുന്നവർ അല്ലെങ്കിൽ പ്രമേഹം വരാൻ സാധ്യതയുള്ളവർ ജീവിതശൈലിയിൽ തീർച്ചയായും വ്യത്യാസം വരുത്തണം. ഇവർ സമീകൃത ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. ഭക്ഷണത്തിന് പ്രമേഹനിയന്ത്രണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അതുപോലെ തന്നെ ശാരീരിക പ്രവർത്തനങ്ങളും ഭാരം കൂടാതെ തടയുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ആരോഗ്യകരമായ ജീവിതശൈലി പ്രമേഹനിയന്ത്രണത്തിൽ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ചില നുറുങ്ങുകൾ ഇതാ. 

1 അന്നജം - അന്നജത്തിന്റെ അളവ് നിയന്ത്രിക്കുക എന്നത് ബ്ലഡ് ഷുഗർ നിയന്ത്രണത്തിൽ പ്രധാനമാണ്. അന്നജം അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പുഷ്ടവും  നാരുകൾ ധാരാളം അടങ്ങിയതുമായ മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പു കുറഞ്ഞ പാൽ  ഇവ ഉൾപ്പെടുത്താം. ഊർജ്ജമേകും എന്ന് മാത്രമല്ല മൂന്നാലു മണിക്കൂർ വയർ നിറഞ്ഞതായി തോന്നിപ്പിക്കാനും അന്നജം സഹായിക്കും. ഇത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഇടയ്ക്കിടെ കൊറിക്കുന്നതിനെ തടയും. മധുരപലഹാരങ്ങൾ, മിട്ടായികൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് മുതലായവ ഒഴിവാക്കാം.

2. പ്രോട്ടീനുകൾ   - രക്തത്തിലെ പഞ്ചസാരയുടെ അളവിന് വ്യത്യാസം വരാതെ തന്നെ നിങ്ങളെ തൃപ്തിപ്പെടുത്താൻ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കാകും. മാത്രമല്ല പേശികളുടെ വളർച്ചയ്ക്കും ഇത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും പ്രോട്ടീനടങ്ങിയ ഭക്ഷണം സഹായിക്കും.

3. നല്ല കൊഴുപ്പുകൾ - പ്രമേഹം ഹൃദ്രോഗത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നതിനാൽ ഏതു തരം കൊഴുപ്പാണ് തെരഞ്ഞെടുക്കുന്നത് എന്നത് പ്രധാനമാണ്. ബട്ടർ, ക്രീം ഇവയ്ക്ക് പകരം പാചകത്തിനായി സസ്യ എണ്ണകൾ തെരെഞ്ഞടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയ ഫ്ലാക്സ്സീഡ്, ചിയ സീഡ് എന്നിവയും അയല, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങളും ഹൃദയാരോഗ്യമേകും.

4. ഭാരം  പ്രധാനം - ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിൽ പ്രധാന ഭക്ഷണങ്ങൾ (ചെറുത് മുതൽ മിതമായ അളവിൽ വരെ), ഇതിനിടയ്ക്ക് രണ്ടു തവണ ആരോഗ്യകരമായ ലഘുഭക്ഷണം ഇങ്ങനെ വിഭജിച്ചു കഴിക്കുന്നതാകും നല്ലത്. 

ആരോഗ്യകരമായ ലഘുഭക്ഷണം എന്നത് അതാതു സീസണിൽ ലഭിക്കുന്ന പഴങ്ങളോ പ്രാദേശികമായി ലഭിക്കുന്ന ആകാം. കൂടാതെ പച്ചക്കറികൾ കൊണ്ടുള്ള സാലഡ് , ഇതിനൊപ്പം മുളപ്പിച്ച പയർ, നട്സ്, പുഴുങ്ങിയ മുട്ടയുടെ വെള്ള. സൂപ്പ്, മോര് മുതലായവയാണ്. 

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മിക്കവരും വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുന്നവരാണ്. ഇത് മൊബൈൽ ഫോൺ  മുതലായ ഗാഡ്‌ജെറ്റുകളുടെ ഉപയോഗവും സ്‌ക്രീൻ ടൈമും കൂട്ടി. ഒപ്പം ആളുകൾ ചലിക്കുന്നതും കുറഞ്ഞു. ടി വി കാണുമ്പോഴും ഫോൺ നോക്കുമ്പോഴുമെല്ലാം ഭക്ഷണം കഴിക്കുന്നതും പതിവായാൽ ഇത് കലോറി കൂട്ടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ  ആരോഗ്യകരമായ ശരീരഭാരം പ്രധാനമാണ്. അമിത ഭാരവും പൊണ്ണത്തടിയും ഇൻസുലിൻ  പ്രതിരോധത്തിന് കാരണമാകുകയും ഇത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂട്ടുകയും ചെയ്യും. 

 

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ശാരീരിക പ്രവർത്തനങ്ങളും കൂടിയാകുമ്പോൾ ഇൻസുലിൻ പ്രതിരോധം കുറയുകയും ഹൃദ്രോഗ സാധ്യത കുറയുകയും ശരീരഭാരം നിയന്ത്രിക്കാൻ  സാധിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com