ADVERTISEMENT

കോവിഡ്-19   80 ശതമാനം പേരിലും തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടിയാകും പ്രത്യക്ഷപ്പെടുക. എന്നാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയാകണമെന്നുമില്ല. കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് ന്യുമോണിയ. 

ശ്വാസകോശത്തെ ബാധിക്കുന്ന മരണകാരണമായേക്കാവുന്ന പ്രശ്‌നമാണ് ന്യുമോണിയ. കോവിഡുമായി ബന്ധപ്പെട്ട ന്യുമോണിയ സങ്കീര്‍ണതകള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതല്‍ പ്രത്യക്ഷമാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

കോവിഡ് എങ്ങനെ ന്യുമോണിയയിലേക്ക് നയിക്കും

ശ്വാസകോശത്തിനുള്ളിലെ വായു സഞ്ചികളില്‍ അണുബാധ വന്നാണ് ന്യുമോണിയ ഉണ്ടാകുന്നത്. തുടര്‍ന്ന് ശ്വാസകോശത്തില്‍ ഇത് നീര്‍ക്കെട്ട് ഉണ്ടാക്കുന്നു. ശ്വാസംമുട്ടല്‍, ചുമ, നെഞ്ച് വേദന, ക്ഷീണം, പനി എന്നിവ ന്യുമോണിയക്ക് ഒപ്പം ഉണ്ടാകാം. 

സാര്‍സ് കോവ്-2 വൈറസ് ശ്വാസകോശ നാളിയില്‍ തങ്ങി നില്‍ക്കുകയും ശ്വാസകോശത്തിനുള്ളിലെ ചെറു വായുസഞ്ചികളായ അല്‍വിയോളൈയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യും. ഓക്‌സിജന്‍ രക്തക്കുഴലുകളിലേക്കും അത് വഴി മറ്റ് അവയവങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നത് ഈ വായുസഞ്ചികള്‍ വഴിയാണ്. 

അവയവങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുന്നതോടെ ശരീരം ഈ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ ശ്രമിക്കും. ഈ സമ്മര്‍ദം ശ്വാസകോശത്തിലേക്ക് ദ്രാവകപദാര്‍ത്ഥങ്ങളെത്തിക്കും. പ്രോട്ടീനും അണുബാധയുള്ള കോശങ്ങളും അടങ്ങുന്ന ഇവ ശ്വാസകോശത്തില്‍ കെട്ടിക്കിടന്നാണ് ന്യുമോണിയ ഉണ്ടാകുന്നത്. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. 

ശരീരത്തിന്റെ പ്രതിരോധ ശക്തിക്ക് വൈറസിനെ കീഴക്കടക്കാന്‍ കഴിയാതെ വരുമ്പോഴാണ് ന്യുമോണിയ സംഭവിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിലും ശ്വാസകോശ പ്രശ്‌നങ്ങളുള്ളവരിലും ഇത് തീവ്രമായ ഫലങ്ങളുണ്ടാക്കും. 

കോവിഡ് ബാധിക്കപ്പെട്ടവരില്‍ ന്യുമോണിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഇതിന് സിടി സ്‌കാന്‍ അടക്കമുള്ളവ വേണ്ടി വന്നേക്കാം. വൈറസ് ബാധിക്കപ്പെട്ട് അഞ്ചാം ദിവസമാണ് സാധാരണ ന്യുമോണിയയും പിടിപെടുക. ഈ സമയം മറ്റ് ലക്ഷണങ്ങളും തീവ്രമാകാമെന്നതിനാല്‍ രക്തത്തിലെ ഓക്‌സിജന്‍ നിലയും ശരീരോഷ്മാവും നിരന്തരം പരിശോധിക്കേണ്ടതുണ്ട്.

English Summary : COVID and Pneumonia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com