കോവിഡ് രോഗലക്ഷണങ്ങള്‍ പുരോഗമിക്കുന്നത് ഇങ്ങനെ; വഷളാകുന്ന സാഹചര്യം മനസ്സിലാക്കണം

covid
SHARE

ലോകത്ത് ഇന്ന് ഏറ്റവുമധികം ഗവേഷണം നടന്നു കൊണ്ടിരിക്കുന്നത് ഒരു പക്ഷേ, കോവിഡ്19 രോഗത്തെ ചുറ്റിപറ്റിയായിരിക്കണം. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണ വൈറസ് ഇളക്കി വിട്ട ഈ മഹാമാരിയെ സംബന്ധിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നല്ലൊരു വിഭാഗം കോവിഡ് രോഗികളും ഇന്ന് വീട്ടില്‍ തന്നെയാണ് ക്വാറന്റീനില്‍ ഇരിക്കുന്നത്.

ഇത്തരത്തില്‍ വീട്ടില്‍ ക്വാറന്റീനിലിരിക്കുന്ന രോഗികളും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനില്‍ ഇരിക്കുന്നവരും കോവിഡ് ലക്ഷണങ്ങളെ സംബന്ധിച്ച് സ്വയം നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങളെ സംബന്ധിച്ചും കരുതിയിരിക്കണം. പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കോവിഡ് രോഗിയും പ്രകടിപ്പിക്കുക. 

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നന്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ് ബാധിക്കപ്പെട്ട 140 രോഗികളും ഏതാണ്ട് സമാനമായ രീതിയിലാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. 99 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന താപനില ഉണ്ടായതായി ഗവേഷണം പറയുന്നു. പകുതിയിലേറെ പേര്‍ക്ക് ക്ഷീണവും വരണ്ട ചുമയും പ്രകടമായി. മൂന്നിലൊന്ന് പേര്‍ക്ക് പേശീ വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. 

ഗവേഷകരുടെ നിഗമനമനുസരിച്ച് ഇതാണ് കോവിഡ് രോഗലക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഒരു ക്രമം.

ഒന്നാം ദിവസം: ആദ്യ ലക്ഷണം പലപ്പോഴും പനി ആയിരിക്കും. ചിലര്‍ക്ക് ക്ഷീണവും പേശീ വേദനയും വരണ്ട ചുമയും ഉണ്ടാകും. ചുരുക്കം ചിലരിലേ അതിസാരം, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകൂ.

അഞ്ചാം ദിവസം: രോഗികള്‍ക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും. 

ഏഴാം ദിവസം: വുഹാന്‍ സര്‍വകലാശാലയുടെ പഠനം അനുസരിച്ച് ഏഴാം ദിനമാണ് നിര്‍ണായകം. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഏഴാം ദിവസത്തിലെ രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ്. 

എട്ടാം ദിവസം: തീവ്ര രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ശ്വാസകോശത്തില്‍ വെള്ളം കയറി അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. 

പത്താം ദിവസം: രോഗലക്ഷണങ്ങള്‍ വഷളായി തുടര്‍ന്നാല്‍ പത്താം ദിവസമാകുമ്പോഴേക്കും രോഗി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ക്ക് വയര്‍ വേദനയും വിശപ്പില്ലായ്മയുമൊക്കെ ഈ ഘട്ടത്തില്‍ തോന്നാം. 

പതിനേഴാം ദിവസം: രോഗികള്‍ മിക്കവാറും  രോഗമുക്തി നേടുന്നത് ഈ ദിവസമായിരിക്കാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ ഈ ദിവസമാകുമ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്യപ്പെടാം. 

ലക്ഷണങ്ങളുടെ ഈ ക്രമം അറിഞ്ഞിരിക്കുന്നത് സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെ ചികിത്സ തേടാനുമൊക്കെ കോവിഡ് രോഗിയെ സഹായിക്കും. 

English Summary : COVID-19 symptoms progress and how it can go from bad to worse

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA