ഇഎസ്ഐ പദ്ധതി വഴി ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങൾ അറിയാം

esi-treatment
Photo credit : PopTika / Shutterstock.com
SHARE

ഇഎസ്ഐ പദ്ധതിയിൽ ഇൻഷുർ ചെയ്ത ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രൈമറി കെയർ, വിദഗ്ധ ചികിത്സ, അതിവിദഗ്ധ ചികിത്സ എന്നിങ്ങനെ 3 തലങ്ങളിലുള്ള ചികിത്സാ സൗകര്യങ്ങളാണു നൽകിവരുന്നത്.

പ്രൈമറി കെയർ

ഇഎസ്ഐ ഡിസ്പെൻസറികൾ മുഖാന്തരം എംബിബിഎസ് ബിരുദധാരികളായ ഡോക്ടർമാരുടെ സേവനമാണ് പ്രൈമറി കെയറിൽ ലഭ്യമാക്കിയിട്ടുള്ളത്. കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് ഇവിടെ പ്രതിരോധ ചികിത്സ, രോഗനിവാരണ ചികിത്സ, ആരോഗ്യ സംരക്ഷണ ചികിത്സ മുതലായവ നൽകി വരുന്നു. മാതൃ–ശിശു സംരക്ഷണവും ഇതിലുൾപ്പെടുന്നു.

വിദഗ്ധ ചികിത്സ

ബിരുദാനന്തര ബിരുദമുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനമാണ് സെക്കൻഡറി കെയറിൽ ലഭ്യമാക്കിയിട്ടുള്ളത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ക്ഷയം, പ്രസവം, ശിശുരോഗം, നേത്ര രോഗം, ഇഎൻടി, ത്വക് രോഗം, ദന്ത രോഗം തുടങ്ങിയ ഇരുപതോളം രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സകളും സേവനങ്ങളുമാണ് സ്പെഷ്യൽറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള 57 പ്രമുഖ ആശുപത്രികൾ വഴിയാണ് കേരളത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. ഇഎസ്ഐ പദ്ധതിയിൽ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ദിവസം മുതൽ തന്നെ മുകളിൽ പറഞ്ഞ രണ്ടു വിഭാഗത്തിലും ഉൾപ്പെടുന്ന ചികിത്സകൾ ജീവനക്കാരനും അയാളുടെ കുടുംബാഗങ്ങൾക്കും ലഭ്യമാകും.

അതിവിദഗ്ധ ചികിത്സ

ഡിഎം, എംസിഎച്ച് തുടങ്ങിയ യോഗ്യതകളുള്ള സൂപ്പർ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനമാണ് സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്കുലർ സർജറി, ന്യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, ഓൻകോളജി, ഓൻകോസർജറി, യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി, തുടങ്ങിയ വിഭാഗങ്ങളിലാണ് സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാക്കുന്നത്. കിഡ്നി, ലിവർ, മജ്ജ എന്നിവയുടെ മാറ്റിവയ്ക്കലും തീർത്തും സൗജന്യമാണ്.

ഈ വിഭാഗങ്ങളിൽ ഒരു സൂപ്പർ സ്പെഷലിസ്റ്റ് ഡോക്ടർ നിർദേശിക്കുന്ന സിടി സ്കാൻ, എംആർഐ സ്കാൻ, പിഇടി സ്കാൻ, എക്കോ കാർഡിയോഗ്രഫി, ഇമ്യൂണോളജിക്കൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങിയവയും സൗജന്യമായി ലഭ്യമാകും.

സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാക്കാനായി കേരളത്തിൽ 43 ആശുപത്രികളുമായി ഇഎസ്ഐ കോർപറേഷൻ ടൈ–അപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം ആശുപത്രികൾ വഴിയാണ് കാഷ്‌ലെസ് അടിസ്ഥാനത്തിൽ ചികിത്സ നൽകി വരുന്നത്.

ചികിത്സ എങ്ങനെ

ഇഎസ്ഐ ഗുണഭോക്താക്കൾ ചികിത്സയ്ക്കായി ആദ്യം ഇഎസ്ഐ ഡിസ്പെൻസറിയിലെ ഡോക്ടറെയാണ് സമീപിക്കേണ്ടത്. ഡിസ്പെൻസറിയിൽനിന്നു റഫറൻസിനായി രോഗിയെ അടുത്തുള്ള ഇഎസ്ഐ ആശുപത്രിയിലേക്ക് അയയ്ക്കും. അവിടെ നിന്നാണ് ടൈ–അപ് ആശുപത്രിയിലേക്ക് ഓൺലൈൻ റഫറൻസ് നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് നേരിട്ടും ഇഎസ്ഐ ആശുപത്രികളെ സമീപിക്കാവുന്നതാണ്. 

ഹാജരാക്കേണ്ട രേഖകൾ

വിദഗ്ധ ചികിത്സയ്ക്കുള്ള അർഹത തെളിയിക്കുന്നതിനുള്ള വരിസംഖ്യാ സർട്ടിഫിക്കറ്റ്, ഇഎസ്ഐ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഐഡന്റിറ്റി, സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകളോടുകൂടിയ ഇഎസ്ഐ കാർഡ് എന്നീ രേഖകൾ ഇഎസ്ഐ ഡോക്ടർക്ക് സമർപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കൾക്കാണു ചികിത്സ വേണ്ടതെങ്കിൽ അവരുടെ പ്രതിമാസ വരുമാനം 9,000 രൂപയിൽ കൂടുതലല്ല എന്ന് കാണിക്കുന്നതിനായി റേഷൻ കാർഡും ഹാജരാക്കേണ്ടതുണ്ട്. 

പരിധി ഉയർത്തി

അവകാശികളെ നിശ്ചയിച്ചിട്ടില്ലാത്ത ‌ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ ഉടമ മരിച്ചാൽ അവകാശികൾക്കു തഹസിൽദാറുടെ അവകാശ സർട്ടിഫിക്കറ്റ് പ്രകാരം ട്രഷറി ഓഫിസർക്കു നൽകാവുന്ന തുക 2 ലക്ഷത്തിൽ നിന്നു 4 ലക്ഷമാക്കിയിട്ടുണ്ട്. ട്രഷറി ഡയറക്ടർക്കു നൽകാവുന്ന പരിധി 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷവും ആക്കിയിട്ടുണ്ട്. ഇതിൽ കൂടുതൽ തുക ഉണ്ടെങ്കിൽ കോടതിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

പരിഷ്കരിച്ച പെൻഷൻ 

യുജിസി സ്കീമിൽപെട്ട പെൻഷൻകാർക്ക് പരിഷ്കരിച്ച പെൻഷൻ ആനുകൂല്യങ്ങളാണ് നൽകി തുടങ്ങിയിരിക്കുന്നത്. യുജിസി ശമ്പളപരിഷ്കരണം ലഭിക്കാതെ കോളജുകളിൽ നിന്നു വിരമിച്ച അധ്യാപകർക്കു യുജിസി നിരക്കിൽ പെൻഷൻ അനുവദിക്കാൻ നേരത്തേ ധനവകുപ്പ് അംഗീകാരം നൽകിയിരുന്നു. 

കാൻസർ രോഗികൾക്കുള്ള പെൻഷൻ

കാൻസർ രോഗികൾക്ക് പെൻഷനുള്ള അപേക്ഷകൾ ഒപ്പിടാൻ എല്ലാ പിഎച്ച്സി ഡോക്ടർമാർക്കും അധികാരം. കാൻസർ രോഗികൾക്ക്, ചികിത്സ നടത്തുന്ന കാൻസർ സെന്ററുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ നേരത്തെ പെൻഷന് അർഹത ഉണ്ടായിരുന്നുള്ളൂ.

 ഒരു വർഷത്തേക്കാണ് ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇതു കഴിഞ്ഞാൽ പുതിയ അപേക്ഷ സമർപ്പിക്കണം. ഇതിനായി വീണ്ടും സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കില്ല. ഇതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടി തിരുവനന്തപുരം ശ്രീചിത്ര ഉൾപ്പെടെയുള്ള മെഡിക്കൽ സെന്ററുകളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി സമർപ്പിക്കേണ്ട സ്ഥിതിയായിരുന്നു.

English Summary : ESI treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA