70 ദിവസം വരെ വൈറസ് ശരീരത്തില്‍ നിന്ന് പുറന്തള്ളിയ കോവിഡ് രോഗി

covid patient
Photo Credit : KornT / Shutterstock.com
SHARE

ഒരു കോവിഡ് രോഗിയുടെ ശരീരം ശരാശരി എട്ട് ദിവസത്തേക്ക് രോഗം പരത്താന്‍ കഴിവുള്ള വൈറസ് കണികകളെ പുറന്തള്ളാമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ചാണ് കോവിഡ് രോഗികളുടെയും അവരോട് അടുത്ത് പെരുമാറുന്നവരുടെയും ക്വാറന്റീന്‍ കാലാവധി കണക്കാക്കുന്നതും. എന്നാല്‍ വാഷിങ്ടണിലുള്ള രക്താര്‍ബുദ ബാധിതയായ ഒരു കോവിഡ് രോഗി കുറഞ്ഞത് 70 ദിവസമെങ്കിലും രോഗം പരത്താവുന്ന വൈറസ് കണികകളെ പുറത്ത് വിട്ടതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. 

71കാരിയായ ഈ രോഗിക്ക് മാര്‍ച്ച് 02നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ രോഗി 100 ദിവസങ്ങള്‍ക്ക് ശേഷവും കോവിഡ് പോസിറ്റീവായി തുടര്‍ന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. രോഗപ്രതിരോധ ശേഷി നഷ്ടമായ വ്യക്തികളുടെ ശരീരത്തില്‍ മുന്‍പ് കരുതിയതിനേക്കാൾ ദീര്‍ഘകാലം കൊറോണ വൈറസ് തുടരാമെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. 

രോഗിയെ കൃത്യമായി ഒരു മുറിയില്‍ ഐസൊലേറ്റ് ചെയ്തിരുന്നതിനാല്‍ ആരിലേക്കും  രോഗം പകരുന്ന സാഹചര്യമുണ്ടായില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസിലെ വൈറോളജിസ്റ്റ് വിന്‍സെന്റ് മന്‍സ്റ്റര്‍ പറയുന്നു. സെല്‍ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠന ഫലം പ്രസിദ്ധീകരിച്ചത്. 

രോഗലക്ഷണങ്ങളില്ലാത്ത രോഗിയില്‍ കാണപ്പെട്ട ഏറ്റവും നീണ്ട രോഗവ്യാപന കാലയളവാണ് ഇതെന്ന് പഠനത്തില്‍ പറയുന്നു. ഒക്ടോബറില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് രോഗലക്ഷണമുള്ള ഒരു കോവിഡ് രോഗിക്ക് 61 ദിവസം വരെ വൈറസ് പരത്താമെന്ന് കണ്ടെത്തിയിരുന്നു. 

രോഗപ്രതിരോധ ശേഷി കൈമോശം വന്ന രോഗികള്‍ ശരാശരി 28.4 ദിവസം വരെ വൈറസ് പരത്താമെന്ന് ജൂണില്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ പ്രതിരോധ ശേഷിയുള്ള വ്യക്തികളില്‍ ഇത് ശരാശരി 12.2 ദിവസമാണ്. എച്ച്‌ഐവി, അര്‍ബുദം പോലുള്ള നിരവധി ഘടകങ്ങളാണ് വ്യക്തികളുടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നത്. 

പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ത്രീ 10 വര്‍ഷമായി രക്താര്‍ബുദ ബാധിതയാണ്. വിളര്‍ച്ചയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശരീരത്തിന് ആവശ്യത്തിന് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനാവാത്ത ഹൈപോഗാമാഗ്ലോബുലിനിമിയ എന്ന പ്രശ്‌നവും ഈ രോഗിക്കുണ്ട്. ഒരു രോഗിയുടെ കേസ് വച്ച് പൊതുവായ വിലയിരുത്തലിലേക്ക് എത്താനാകില്ലെന്ന് ഗവേഷകരും സമ്മതിക്കുന്നു. പക്ഷേ, പ്രതിരോധശേഷി കുറവുള്ള രോഗികളില്‍ ദീര്‍ഘകാലത്തേക്ക് കൊറോണ വൈറസ് രോഗവ്യാപന ശേഷിയോട് കൂടി തന്നെ നിലനില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പഠനം അടിവരയിടുന്നു. 

Engish Summary : Corona virus transmission

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA