ADVERTISEMENT

ജനറൽ സർജറി അടക്കം ചികിത്സ നടത്താൻ സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (സിസിഐഎം) വിജ്ഞാപനത്തിൽ വ്യക്തമാക്കിയ 58 ശസ്ത്രക്രിയാ ചികിത്സകൾക്കു മാത്രമാണ് ഭേദഗതി ബാധകമെന്നു മന്ത്രാലയം വ്യക്തമാക്കി. ശല്യതന്ത്ര (ശസ്ത്രക്രിയ), ശാലക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർമാർക്കാണ് 58 ജനറൽ സർജറികൾക്ക് അനുമതി നൽകിയത്.

ഇതു സംബന്ധിച്ച വിജ്ഞാപനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചിരുന്നു. മറ്റു ചികിത്സാവിധികൾ പഠിപ്പിക്കുന്ന കോളജുകളിൽ അലോപ്പതി ഡോക്ടർമാർ പഠിപ്പിക്കാൻ പോകുന്നതു വിലക്കുകയും ചെയ്തു.

സിസിഐഎം തയാറാക്കിയ വിജ്ഞാപനത്തിൽ ആധുനിക ചികിത്സാവിധികൾക്കുള്ള പദപ്രയോഗങ്ങൾ ആവർത്തിച്ചതാണ് ഐഎംഎയുടെ പ്രതിഷേധത്തിനു കാരണം. ആരും സ്വന്തം ശസ്ത്രക്രിയാ രീതി വികസിപ്പിക്കുന്നതിന് ഐഎംഎ എതിരല്ല. എന്നാൽ ചികിത്സാവിധികൾ കൂട്ടിക്കുഴയ്ക്കാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ നാഷനൽ മെഡിക്കൽ കമ്മിഷൻ വ്യക്തത വരുത്തണമെന്നും ഐഎംഎ ദേശീയ സെക്രട്ടറി ജനറൽ ഡോ. ആർ.വി. അശോകൻ പറഞ്ഞു.

ഇതേസമയം, ഐഎംഎ ഉന്നയിച്ച വാദങ്ങൾ തള്ളുന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണം. നേരത്തേ തന്നെ ആയുർവേദ പിജി സിലബസിന്റെ ഭാഗമായിരുന്ന 58 ചികിത്സാവിധികൾ റെഗുലേഷന്റെ ഭാഗമാക്കുകയാണ് ഇപ്പോൾ ചെയ്തത്. ഡോക്ടർമാരുടെ പരീശിലനം കൂടി ഉറപ്പാക്കാനാണിത്. ഇതു സംബന്ധിച്ചു പരാതികൾ കിട്ടിയിട്ടില്ല. ശാസ്ത്രീയ പദാവലികളുടെ പിന്തുടർച്ചാവകാശം മാനവരാശിക്കുള്ളതാണ്. പൊതുജനങ്ങൾക്കു കൂടി മനസ്സിലാകാനാണ് അലോപ്പതിയിലെ വാക്കുകളും  ഉൾപ്പെടുത്തിയത്. ചികിത്സാവിധികൾ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പ്രശ്നം ഇതിലില്ല. - ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഐഎംഎ കേരളഘടകവും. ഇന്ത്യയിലെ മെഡിക്കൽ ബിരുദങ്ങൾക്ക് രാജ്യാന്തരതലത്തിലുള്ള സ്വീകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎ പറഞ്ഞു.

ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് അനസ്തീസിയ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല. പ്രായോഗികമായോ നിയമപരമായോ ഇതിന് തടസ്സമില്ല. അത്യാഹിത വിഭാഗം, ഗൈനക്കോളജി തുടങ്ങി 8 വിഭാഗങ്ങളിൽ അലോപ്പതി ഡോക്ടർമാരുടെ സേവനം ആയുർവേദ ആശുപത്രികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ ചികിത്സാവിധികൾ പരസ്പരം സഹായിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും പുതിയ കാര്യമല്ല.

പി.എൻ. രഞ്ജിത് കുമാർ
ജോയിന്റ് സെക്രട്ടറി, കേന്ദ്ര ആയുഷ് മന്ത്രാലയം

English Summary : Ayurveda doctors surgery permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com