ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടത് ആവശ്യമാണ്. വ്യത്യസ്‌തയിനം തുണികൾ കൊണ്ടുള്ള മാസ്ക് അതിസൂക്ഷ്മ വായു കണികകളെ തടയാൻ പ്രാപ്തമാണ്. എന്നാൽ മാസ്ക്കിന്റെ ഉപരിതലത്തിലുള്ള ബാക്ടീരിയകളും വൈറസുകളും മാസ്ക്കിൽ തൊടുമ്പോഴോ, മാസ്ക് ഊരി മാറ്റുമ്പോഴോ എല്ലാം മറ്റെവിടേക്കെങ്കിലും പകരാൻ  സാധ്യതയുണ്ട്. ഇത് പകർച്ചവ്യാധി സാധ്യത കൂട്ടും.

ഈ പശ്ചാത്തലത്തിൽ, പകൽ വെളിച്ചത്തിൽ കാണിച്ചാൽ 99.99 ശതമാനം ബാക്ടീരിയകളെയും വൈറസിനെയും ഒരു മണിക്കൂറിൽ നശിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകയിനം മാസ്ക് ഗവേഷകർ വികസിപ്പിച്ചു. കോട്ടൺ കൊണ്ടുള്ള ഫെയ്സ് മാസ്ക് ആണിത്.

ഈ മാസ്ക്, സൂര്യപ്രകാശത്തിൽ റിയാക്ടീവ് ഓക്‌സിജൻ സ്പീഷിസിനെ (ROS)പുറത്തുവിടുകയും മാസ്ക്കിലുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യും. ഇത് കഴുകാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതും ധരിക്കാൻ സുരക്ഷിതവുമാണ്. മാത്രമല്ല ഒരാൾക്ക് ഉച്ചഭക്ഷണം കഴിക്കുന്ന ഇടവേളയിലോ മറ്റോ ഈ മാസ്ക് അണുവിമുക്തമാക്കാവുന്നതാണ്. 

സാധാരണ കോട്ടണിനോട് പോസിറ്റീവ് ചാർജുള്ള രണ്ട് ഡൈഈതൈൽ  അമിനോ ഈതൈൽ ക്ലോറൈഡ് (DEAE -cl ) അറ്റാച്ച്  ചെയ്‌താണ്‌  ഈ ആന്റിമൈക്രോബിയൽ മാസ്ക്  നിർമിച്ചത്. അതിനുശേഷം ഈ കോട്ടണെ നിറമുള്ള നെഗറ്റീവ് ചാർജുള്ള ഫോട്ടോസെൻസിറ്റൈസർ ലായനിയിൽ മുക്കുന്നു. പ്രകാശവുമായി സമ്പർക്കത്തിൽ വരുമ്പോൾ ROS റിലീസ് ചെയ്യുന്ന ഒരു സംയുക്തമാണിത്. ഇത് ശക്തിയേറിയ ഇലക്ട്രോസ്റ്റാറ്റിക് ഇന്ററാക്ഷനിലൂടെ DEAE ചെയിനുമായി അറ്റാച്ച് ചെയ്യുന്നു. 

ഫോട്ടോസെൻസിറ്റൈസർ ആയി റോസ് ബംഗാൾ എന്ന നിറം ഉപയോഗിച്ച് ഈ തുണിമാസ്ക്, പകൽ വെളിച്ചത്തിൽ ഒരു മണിക്കൂർ വച്ചാൽ 99.99 ശതമാനം ബാക്ടീരിയകളെയും നശിപ്പിക്കുന്നു എന്ന് കണ്ടു. കൂടാതെ ചില കൊറോണ വൈറസുകളെക്കാൾ റസിസ്റ്റന്റ് ആയ വൈറസുകളെ അരമണിക്കൂറിനുള്ളിൽ തന്നെ 99.99 ശതമാനവും നിർജ്ജീവമാക്കുന്നതായും തെളിഞ്ഞു.

ഈ മാസ്ക് കുറഞ്ഞത് പത്തു തവണയെങ്കിലും കഴുകി ഉപയോഗിക്കാം. ഇതിന്റെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ നഷ്ടപ്പെടാതെതന്നെ കുറഞ്ഞത് ഏഴുദിവസം തുടർച്ചയായി വെയിലത്ത് വയ്ക്കാമെന്നും കണ്ടു.

യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകരുടെ ഈ കണ്ടുപിടിത്തം, എ.സി.എസ് അപ്ലൈഡ് മെറ്റീരിയൽസ് ആൻഡ് ഇന്റർഫേസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary : Face mask and corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com