ADVERTISEMENT

ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓക്‌സ്ഫഡ്-ആസ്ട്രസെനക, ഭാരത് ബയോടെക് ഉള്‍പ്പെടെയുള്ള വാക്‌സീന്‍ നിര്‍മതാക്കളുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഇന്ത്യ. 

മൂന്നാം ഘട്ട പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സീന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിസംബറില്‍ അപേക്ഷ നല്‍കും. ഓക്‌സ്ഫഡില്‍ നിന്ന് 50 ശതമാനം വിലക്കുറവില്‍ ഇന്ത്യയ്ക്ക് വാക്‌സീന്‍ ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഒരു ഡോസിന് 500 മുതല്‍ 600 രൂപ വരെയാകും. മുന്‍നിര കോവിഡ് പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുനിസിപ്പല്‍ ജീവനക്കാര്‍, സൈനികര്‍ എന്നിവര്‍ക്കാകും ആദ്യം വാക്‌സീന്‍ നല്‍കുക. 

കോവിഷീല്‍ഡ് എന്ന പേരിലാണ് ഓക്‌സ്ഫഡ് ആസ്ട്രസെനക വാക്‌സീന്‍ ഇന്ത്യയില്‍ ഉപയോഗിക്കുക. നാലു വിഭാഗങ്ങളിലായി 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വാക്‌സീന്‍ നല്‍കാന്‍ 50-60 കോടി ഡോസുകള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. 

ഇന്ത്യയുടെ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീനും ഇത്തരത്തില്‍ അടിയന്തിര ഉപയോഗ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണ്. കോവാക്‌സീന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 

അതേ സമയം മൂന്നാം ഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തോളം കാര്യക്ഷമത അവകാശപ്പെട്ട ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്‌സീന്  ബ്രിട്ടന്‍ അടിയന്തിര ഉപയോഗ അനുമതി നല്‍കുമെന്നും അവിടങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കമ്പനികള്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. 

English Summary :  India may get Oxford COVID-19 shots in Jan-Feb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com