ADVERTISEMENT

വിതരണം ആരംഭിക്കാന്‍ അവസാന വട്ട അനുമതികളും കാത്ത് ഒന്നിലധികം കോവിഡ്  വാക്‌സീനുകള്‍ ഇന്ത്യയുടെ പടിവാതിൽക്കല്‍ തന്നെയുണ്ട്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന മറ്റൊരു പ്രശ്‌നമുണ്ട്. വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം. 

വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്. 100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടോ എന്നതാണ് ആശങ്കയുണര്‍ത്തുന്ന ചോദ്യം. 

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സീന് സൂക്ഷിക്കാന്‍ -70 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് ആവശ്യമാണ്. ഇവ അഞ്ച് ദിവസത്തിനുള്ളില്‍ കുത്തിവയ്ക്കുകയും വേണം. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീനാവട്ടെ -18 ഡിഗ്രി തണുപ്പ് ആവശ്യമാണ്. സാധാരണ ഫ്രിജിലെ 2 മുതല്‍ 8 ഡിഗ്രി വരെ സെല്‍ഷ്യസ് തണുപ്പില്‍ മൊഡേണയുടെ വാക്‌സീന്‍ സൂക്ഷിക്കാനാകും. പക്ഷേ, അത് ഒരു മാസത്തേക്ക് മാത്രമേ ഈ താപനിലയില്‍ സൂക്ഷിക്കാനാകൂ. ദീര്‍ഘകാലം സൂക്ഷിക്കാന്‍ അതിലും കുറഞ്ഞ താപനില ആവശ്യമാണ്. ഇവ മൂന്നും 90 ശതമാനത്തിന് മുകളില്‍ ഫലപ്രാപ്തി തെളിയിച്ച വാക്‌സീനുകളാണ്. 

കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നതിനുള്ള ശീതീകരണ ശൃംഖലയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. 100 കോടി ജനങ്ങള്‍ക്ക് കോവിഡ് കുത്തിവയ്പ്പ് നല്‍കാന്‍ ഇത് മതിയാകില്ലെന്ന് പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്‌മെന്റ് സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ ടി. സുന്ദരരാമന്‍ പറയുന്നു. നിലവില്‍ കോള്‍ഡ് ചെയിന്‍ സാങ്കേതിക വിദ്യയില്‍ നടത്തുന്ന നിക്ഷേപത്തിന്റെ 5 മുതല്‍ 10 മടങ്ങ് വരെ നിക്ഷേപം രാജ്യം നടത്തേണ്ടതുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ വാക്‌സീന്‍ വില്‍ക്കാനൊരുങ്ങുന്ന കമ്പനികളും അവ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ കുറിച്ച് സംശയമുയര്‍ത്തുന്നുണ്ട്. 

ഇന്ത്യയ്ക്ക് മാത്രമല്ല, പല രാജ്യങ്ങള്‍ക്കും സമാനമായ ശീതീകരണ അടിസ്ഥാനസൗകര്യ പ്രശ്‌നം നേരിടാന്‍ സാധ്യതയുണ്ട്. ഇതിനെ പറ്റി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സീനുകളുടെ ശീതീകരണ സൗകര്യങ്ങള്‍ക്ക് വേണ്ടി വരുന്ന ഉയര്‍ന്ന ചെലവ് കുത്തിവയ്പ്പ് സാര്‍വത്രികമായി നല്‍കുന്നതില്‍ നിന്ന് രാജ്യങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്ന് ഡബ്യുഎച്ച്ഒ ഇമ്മ്യൂണൈസേഷന്‍, വാക്‌സീന്‍സ് ആന്‍ഡ് ബയോളജിക്കല്‍സ് ഡയറക്ടര്‍ കേറ്റ് ഒ ബ്രിയേന്‍ പറയുന്നു.  കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ മീറ്റില്‍ പ്രധാനമന്ത്രിയും ശീതീകരണ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

English Summary : COVID- 19 vaccine storage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com