ADVERTISEMENT

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നു കേട്ടിട്ടില്ലേ, വാക്സീനുകളുടെ ലോകത്ത് മലയാളത്തിലെ ഈ പഴഞ്ചൊല്ലു തന്നെയാണ് പ്രാവർത്തികമാകുന്നത്. ലോകത്തെ മൊത്തം ഇരുട്ടിലാക്കിയ കോവിഡ് മഹാമാരിക്കെതിരെ വാക്സീനുകളെ മുൻനിർത്തി രാജ്യങ്ങൾ പോരാട്ടത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മനുഷ്യരാശിയെതന്നെ ഭൂമിയിൽ നിന്നു തുടച്ചു നീക്കാൻ കഴിയുന്ന രോഗങ്ങളെ വാക്സീനുകളുടെ ഉപയോഗത്തിലൂടെ നമ്മൾ അതിജീവിച്ചു. രോഗകാരിയെ തന്നെ നിർജീവാവസ്ഥയിൽ ഉപയോഗിച്ചു രോഗത്തെ മറികടന്ന വാക്സീനിന്റെ കഥ. മുള്ളിനെക്കാൾ വലിയ മുള്ളിന്റെ കഥ. 

എന്താണ് വാക്സീൻ? 

ഒരു രോഗത്തിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ശരീരത്തിലേക്കു നൽകുന്നവയെയാണ് വാക്സീൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ അതേ രോഗാണുവിനെ തന്നെ ഉപയോഗിക്കു എന്നതാണ് വാക്സീനിന്റെ തത്വം. നിർവീര്യമാക്കപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ രൂപത്തിലായിരിക്കും ഈ രോഗാണുവിനെ ശരീരത്തിൽ പ്രവേശിപ്പിക്കുക. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഈ രോഗകാരിക്കെതിരെ പ്രവർത്തിച്ചു പ്രതിരോധ ശേഷി കൈവരിക്കും. പ്രതിരോധ ശേഷി നേടിയതിനാൽ രോഗാണുക്കൾക്കു പിന്നീട് ശരീരത്തിൽ പ്രവേശിച്ചു രോഗാവസ്ഥ ഉണ്ടാക്കാൻ കഴിയില്ല. 

ലോകം നടുങ്ങിയ കാലം

പല നൂറ്റാണ്ടുകളായി ലോകത്തെ മുൾമുനയിൽ നിർത്തിയ പകർച്ച വ്യാധിയായിരുന്നു വസൂരി. രോഗബാധിതരിൽ പത്തിൽ മൂന്നു പേരും മരണത്തിനു കീഴടങ്ങിയ മഹാമാരി. 17–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വസൂരിക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങളെക്കറിച്ചുള്ള അന്വേഷത്തിലായിരുന്നു ലോകം. വസൂരിയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷ നൽകിയ ആദ്യ പ്രതിരോധ നടപടിയായിരുന്നു വേരിയോലേഷൻ(variolation). ശരീരത്തിലെ പാടുകൾ എന്ന് അർഥം വരുന്ന വേരിയസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണു ഈ പേരുണ്ടാവുന്നത്. 

രോഗകാരിയെ തന്നെ ശരീരത്തിലെത്തിച്ചു രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടുന്ന പ്രക്രിയായിരുന്നു ഇത്. ഇനോക്കുലേഷൻ, അഥവാ പുതിയ കാലത്തിലെ വാക്സിനേഷൻ. വസൂരി രോഗം ബാധിച്ചവരിൽ നിന്നു ശേഖരിക്കുന്ന ദ്രവങ്ങൾ രോഗമില്ലാത്തവരിലേക്കു പകർത്തുന്ന രീതിയായിരുന്നു അദ്യ കാലങ്ങളിൽ. വസൂരിക്കു സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാവുമെങ്കിലും മരണനിരക്ക് സാധാരണ വസൂരി ബാധിച്ചവരെക്കാൾ കുറവായിരുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ ഭൂമിയിൽ നിലനിൽക്കുന്നുണ്ടെന്നു പോലും അറിയാത്ത കാലത്തിലായിരുന്നു ഈ പ്രതിരോധം. എന്നാൽ ഇതൊരിക്കലും പൂർണമായ പ്രതിരോധ മാർഗമായിരുന്നില്ല. പ്രതിരോധ മാർഗം സ്വീകരിച്ചവരിൽ പലരും രോഗം മൂർഛിച്ചു മരണത്തിനു കീഴടങ്ങി. 

എഡ്വേർഡ് ജെന്നറും ഗോവസൂരിയും

ലോകത്തിന്റെ ജാതകം തന്നെ മാറ്റി മറിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു വാക്സീൻ. ഇംഗ്ലിഷ് ഡോക്ടറും ശാസ്ത്രഞ്ജനുമായ എഡ്വേർഡ് ജെന്നർ വേരിയലേഷൻ രീതിയിൽ നിന്നു അൽപം കൂടി ഫലപ്രാപ്തിയുള്ള രീതി കണ്ടെത്തിയതോടെയാണ് ലോകത്തിലെ ആദ്യത്തെ വാക്സീൻ ഉണ്ടാവുന്നത്. ജെന്നറുടെ വൈദ്യശാസ്ത്ര പരിശീലനത്തിനിടെ വസൂരി ബാധിച്ച ഒട്ടേറെ പേരെ ചികിത്സിക്കേണ്ടി വന്നു. പശുക്കളെ പരിപാലിക്കുന്നവരിൽ വസൂരി രോഗം ബാധിക്കുന്നതു താരതമ്യേന കുറവാണെന്നു ജെന്നർ നിരീക്ഷിച്ചു. ക്ഷീര കർഷകരിൽ പലർക്കും ഇതിനു മുൻപു പശുക്കളിൽ നിന്നു പകരുന്ന ഗോവസൂരി പിടിപെട്ടിട്ടുണ്ടെന്നും ജെന്നർ കണ്ടെത്തി. വസൂരിയോളം മാരകമല്ലാത്ത ഗോവസൂരി പിടിപെടുന്നവർ വസൂരിയിൽ നിന്നു രോഗപ്രതിരോധ ശേഷി നേടുന്നുവെന്ന കണ്ടെത്തൽ ജെന്നറെ കൂടുതൽ പരീക്ഷണങ്ങളിലേക്കു നയിച്ചു. ഗോവസൂരി ബാധിച്ച പശുവിന്റെ അകിടിൽ നിന്നുള്ള ചലം ശേഖരിച്ചായിരുന്നു പഠനങ്ങൾ. ഈ ചലം മനുഷ്യനിൽ കുത്തിവയ്ച്ചാൽ ഗോവസൂരി പിടിപെടുമെന്നും വസൂരിയിൽ നിന്നു ഇതു രക്ഷയാകുമെന്നും ജെന്നർ കണക്കുകൂട്ടി. 1796 മേയ് 14 നു തന്റെ തോട്ടക്കാരന്റെ മകനായ ജയിംസ് ഫിപ്സിൽ എന്ന എട്ടുവയസ്സുകാരനിൽ ഗോവസൂരിയുടെ ചലം കുത്തിവച്ചു. പനിയും മറ്റു പ്രശ്നങ്ങളുമുണ്ടായതൊഴിച്ചാൽ ഫിപ്സ് ആരോഗ്യവാനായിരുന്നു. കുറച്ചു ആഴ്ചകൾക്കു ശേഷം വസൂരി അണുക്കളും ജെന്നർ കുട്ടിയിൽ കുത്തിവച്ചു. രോഗം ഫിപ്സിനെ തൊട്ടില്ല.

23 പേരിൽ കൂടി ജെന്നർ ഈ പരീക്ഷണം നടത്തി. ജെന്നറിന്റെ 11 മാസം മാത്രം പ്രായമുള്ള റോബർട്ടും ഇതിൽ ഉൾപ്പെട്ടു.

തന്റെ പരീക്ഷണങ്ങൾ തെളിവു സഹിതം അദ്ദേഹം റോയൽ സൊസൈറ്റിയുടെ മുന്നിലെത്തിച്ചു. ആദ്യ തവണ പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് അവ വെളിച്ചം കണ്ടു. 1840ൽ ഇംഗ്ലണ്ട് വേരിയലേഷൻ നിരോധിച്ചു. രോഗാണു സിദ്ധാന്തം നിലവിലില്ലാത്ത കാലത്തായിരുന്നു ആദ്യത്തെ വാക്സീൻ കണ്ടുപിടിക്കപ്പെട്ടത്. ഗോവസൂര രോഗത്തെ സൂചിപ്പിക്കുന്ന വാക്സീനിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണു വാക്സീൻ എന്ന പദം ഉരുത്തിരിഞ്ഞത്. ലൂയി പാസ്റ്റചറുടെ രോഗാണു സിന്താന്തത്തോടുകൂടി ലോകം രോഗകാരികളായ സൂഷ്മജീവികളെക്കുറിച്ചു അറിയാൻ തുടങ്ങി. ഈ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾ നടന്നു വിവിധ രോഗങ്ങൾക്കായി ഒട്ടേറെ വാക്സീനുകൾ കണ്ടുപിടിക്കപ്പെട്ടു. പോളിയോ, പ്ലേഗ്, കോളറ, തുടങ്ങി ഒട്ടേറെ രോഗങ്ങൾ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായത് വാക്സീനുകളുടെ സഹായത്തോടെയാണ്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലഘട്ടംകൊണ്ടു തയാറാക്കിയ വാക്സീനുകളാണ് കോവിഡ് പ്രതിരോധത്തിനായി എത്തിയിരിക്കുന്നത്. കോവിഡ് എന്ന പേര് ഓർമയാക്കാൻ പുതിയ വാക്സീനുകൾക്കു കഴിയട്ടെ എന്നു പ്രത്യാശിക്കാം. 

English Summary : Vaccine story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com