ADVERTISEMENT

ടൈപ്പ് 2 പ്രമേഹ ചികിത്സയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ബാക്ടീരിയയെ മനുഷ്യന്റെ കുടലില്‍ കണ്ടെത്തി. അമേരിക്കയിലെ ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പ്രമേഹ ചികിത്സയില്‍ വഴിത്തിരിവാകുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ആയിരത്തോളം ബാക്ടീരിയ വര്‍ഗങ്ങളില്‍ പെടുന്ന 10 ട്രില്യണിലധികം സൂക്ഷ്മ ജീവികള്‍ മനുഷ്യന്റെ കുടലില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവയുടെ സംതുലനാവസ്ഥയില്‍ വരുന്ന മാറ്റം അഥവാ ഡിസ്ബയോസിസ് ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ വിനാശകരമായ ഫലങ്ങളുളവാക്കും. 

സാച്ചുറേറ്റഡ് കൊഴുപ്പും റിഫൈന്‍ഡ് പഞ്ചസാരയും ഉയര്‍ന്ന തോതിലുള്ള പാശ്ചാത്യ ഭക്ഷണരീതി ഇതിലേക്ക് നയിക്കുന്ന മുഖ്യ കാരണങ്ങളില്‍ ഒന്നാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആന്ദ്രേ മോര്‍ഗന്‍ പറയുന്നു. പാശ്ചാത്യ ഭക്ഷണവും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനവും ഒത്തു ചേരുന്നതിന്റെ ഫലമായുണ്ടാകുന്ന അമിത വണ്ണമാണ് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകം. 

ഒരു വ്യക്തിയുടെ  ശരീരത്തിലെ ഗ്ലൂക്കോസിനെയും ലിപിഡുകളെയും ദഹിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കാന്‍ കഴിയുന്ന സവിശേഷ സൂക്ഷ്മജീവികള്‍ കുടലിലുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഗ്ലൂക്കോസ് ദഹനത്തെ സഹായിക്കുന്ന ലാക്‌റ്റോബാസിലസ് ജോണ്‍സോണി, ലാക്‌റ്റോബാസിലസ് ഗാസേറി എന്നീ ബാക്ടീരിയ വര്‍ഗങ്ങളെയുംഈ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന റോംബൗട്‌സിയ ഇലിയാലിസ്, റൂമിനോകോക്കസ് ഗ്നാവസ് വര്‍ഗങ്ങളെയും പഠനത്തില്‍ തിരിച്ചറിഞ്ഞു. 

മനുഷ്യരുടെ ബോഡി മാസ് ഇന്‍ഡെക്‌സും ഈ ബാക്ടീരിയകളുടെ ഏറ്റക്കുറച്ചിലുകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു. അമിതവണ്ണക്കാരായ രോഗികളില്‍ 80 ശതമാനത്തിന്റെയും കുടലില്‍ റോംബൗട്‌സിയ ഇലിയാലിസ് ബാക്ടീരിയയുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി.  പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കാന്‍ ചില പ്രത്യേക സൂക്ഷ്മജീവികളെ ലക്ഷ്യം വച്ചുള്ള ചികിത്സയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. 

English Summary : Bacteria found in human gut could play key role in treating Type 2 diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com