ഇന്ത്യയിൽ അനുമതി നൽകിയിരിക്കുന്ന വാക്സീനുകൾ സ്വീകരിക്കാൻ ആരും മടിക്കേണ്ട; കാരണം?

HIGHLIGHTS
  • ലഭ്യമായ ട്രയൽ ഫലം മികച്ചത്, ഗുരുതര പാർശ്വഫലം ആർക്കുമില്ല, ഫലപ്രാപ്തിയെക്കാൾ പരിഗണന സുരക്ഷയ്ക്ക്
  • രണ്ടാമത്തെ ഡോസ് എടുത്തു 14 ദിവസത്തിനു ശേഷമേ സുരക്ഷ കൈവരൂ
covishield-vaccine-4
SHARE

ഇന്ത്യയിൽ അംഗീകരിച്ചിരിക്കുന്ന വാക്സീനുകളുടെ ട്രയൽ, വൊളന്റിയർമാരിൽ ആർക്കും ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയിട്ടില്ല. ഈ പ്രത്യാശാനിർഭരമായ പരീക്ഷണഫലവുമായാണ് നാം രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പിലേക്കു ക‌‌ടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിലവിൽ അടിയന്തരാനുമതി നൽകിയിരിക്കുന്ന വാക്സീനുകൾ (കോവിഷീൽഡും കോവാക്സീനും) സ്വീകരിക്കാൻ ആരും മടിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന സർക്കാർ നൽകുന്നു. കുത്തിവയ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടായാൽത്തന്നെ നേരിടാൻ കേന്ദ്രസർക്കാർ പ്രത്യേക മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. യുഎസിൽ‌ ഫൈസർ വാക്സീൻ സ്വീകരിച്ചവരിൽ ഏതാനും പേർക്ക് അനഫിലാക്സിസ് ഉൾപ്പെടെയുള്ള അലർജികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്ത്യ അംഗീകരിച്ചിക്കുന്ന 2 വാക്സീനുകൾക്കും ഒരുതരത്തിലുമുള്ള അലർജികളും പരീക്ഷണഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 

രാജ്യത്തു മറ്റു വാക്സീനുകൾക്കു വേണ്ടി നടന്ന പരീക്ഷണങ്ങളിൽനിന്നു വ്യത്യസ്തവും മെച്ചവുമായിരുന്നു കോവിഡ് വാക്സീനു വേണ്ടിയുള്ള ട്രയലുകളെന്ന് ഡൽഹി എയിംസിൽ നടന്ന വാക്സീൻ പരീക്ഷണത്തിന്റെ മുഖ്യ പരിശോധകൻ എന്ന നിലയിൽ വ്യക്തിപരമായി ബോധ്യമുണ്ട്. ഇന്ത്യയിൽ അനുമതി നൽകിയിരിക്കുന്ന വാക്സീനുകളിൽ കോവാക്സീനാണ് ഇവിടെ വികസിപ്പിച്ചെടുത്തത്. കോവിഷീൽഡ് വികസിപ്പിച്ചതു യുകെയിലാണ്. നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധസമിതി രണ്ടു വാക്സീനുകളുടെയും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. പ്രതിരോധമുണ്ടാക്കാനുള്ള വാക്സീനുകളുടെ മികവും സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച എല്ലാ വശങ്ങളും സമിതി പരിഗണിച്ചിട്ടുണ്ടെന്നാണു വിശ്വാസം. വാക്സീൻ വികസിപ്പിക്കുമ്പോൾത്തന്നെ ഓരോ ഘട്ടത്തിലും സമാന്തര ക്ലിനിക്കൽ പരീക്ഷണവും നടന്നിട്ടുണ്ട്. പരീക്ഷണത്തിന്റെ ഒരു ഘട്ടത്തിലും അതിന്റെ ശാസ്ത്രീയ ചിട്ടകളിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. 

 സുരക്ഷയാണ്  പ്രധാനം 

ഇതുവരെ ലോകത്താകെ 9 വാക്സീനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. അസാധാരണ സാഹചര്യമായതുകൊണ്ടു തന്നെ എല്ലാ വാക്സീനുകളും വികസിപ്പിച്ചെടുത്തതും അസാധാരണ വേഗത്തിലാണ്. ഓരോ വാക്സീനും വികസിപ്പിച്ചെടുത്തിരിക്കുന്ന സാങ്കേതികവിദ്യയും വ്യത്യസ്തം. അതുകൊണ്ടു തന്നെ അവയ്ക്കു നൽകിയിരിക്കുന്ന അനുമതിക്കും അസാധാരണത്വമുണ്ട്. അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ഫലപ്രാപ്തിയെക്കാൾ വാക്സീനുകളുടെ സുരക്ഷയ്ക്കാണു നിലവിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. രണ്ട്, എത്രകാലം പ്രതിരോധശേഷി ലഭിക്കും, പിന്നീടു പാർശ്വഫലങ്ങൾ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. അടിയന്തരാവശ്യത്തിനായി വികസിപ്പിച്ചെടുത്ത വാക്സീനായതു കൊണ്ടാണ് അതിന് അടിയന്തരാനുമതി നൽകിയിരിക്കുന്നതെന്നു ചുരുക്കം. 

മുൻഗണന മുതിർന്നവർക്ക്

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശ പ്രകാരം വിവിധ ഘട്ടങ്ങളായാണു വാക്സിനേഷൻ നടക്കുക. ആദ്യഘട്ടത്തിൽ 30 കോടിയാളുകൾക്കാണ് വാക്സീൻ നൽകുക. ഇവരിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും 2 കോടി കോവിഡ് മുന്നണിപ്പോരാളികളും കഴിഞ്ഞാൽ 27 കോടിയും മുതിർന്ന പൗരന്മാരും 50 വയസ്സിൽ താഴെയുള്ള പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. കോവാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം ഈ ‘ഹൈ റിസ്ക്’ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയിരുന്നു. പരീക്ഷണഫലവും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചു പഠനവിധേയമാക്കിയിരുന്നു. 

പാർശ്വഫലങ്ങൾ

രണ്ടു ഡോസും എടുത്തെങ്കിലേ വാക്സീനു ഫലപ്രാപ്തിയുണ്ടാകൂ. രണ്ടാമത്തെ ഡോസ് എടുത്തു 14 ദിവസത്തിനു ശേഷമേ സുരക്ഷ കൈവരൂ. വാക്സീനുകൾ ഒന്നും 100% ഫലപ്രദമല്ലാത്തതിനാൽ വാക്സീൻ എടുത്തതിനു ശേഷമുള്ള മാർഗനിർദേശങ്ങൾ പിന്തുടരുകയും വേണം. ഭാരത് ബയോടെക് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം പരീക്ഷണത്തിൽ പങ്കെടുത്തവരിൽ‌ 10% പേരിൽ മാത്രമാണ് നിസ്സാര പാർശ്വഫലങ്ങൾ കണ്ടെത്തിയത്. കുത്തിവയ്പു നടത്തിയ ഭാഗത്തു നേരിയ വേദന, ചെറിയ പനി, ചുമ, ജലദോഷം, തൊണ്ടവേദന, ഉന്മേഷക്കുറവ് എന്നിവയാണ് ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ. താൽക്കാലികമായ ഈ പാർശ്വഫലങ്ങൾ തനിയേ മാറുകയും ചെയ്യും. 

ഭാവിയിൽ ചെറുതോ വലുതോ ആയ പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്നാ‍ൽ, വാക്സിനേഷൻ പൊതുവേ സുരക്ഷിതമാണ്. ഗുരുതര പാർശ്വഫലങ്ങൾ അത്യപൂർവമായേ ഉണ്ടാകാറുള്ളൂ. സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതു വാക്സീനിലാണ്. അതുകൊണ്ടുതന്നെ സർക്കാർ നിർദേശങ്ങൾ വിശ്വസിച്ചു മുന്നോട്ടു നീങ്ങാം. 

(ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സെന്റർ ഫോർ കമ്യൂണിറ്റി മെഡിസിനിൽ പ്രഫസറായ ലേഖകൻ, കോവിഡ് വാക്സീൻ ട്രയലിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിരുന്നു

English Summary : COVID- 19 vaccine

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA