ADVERTISEMENT

ഞാന്‍ കേരളത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ, ഇക്കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയില്‍, ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാന്‍സര്‍ രോഗവുമായി വളരെയധികം ആളുകള്‍, എന്റെ അടുത്തു വന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍  കൊറോണക്കാലം തുടങ്ങിയതിനു ശേഷം! നാക്കിലും ബ്രെസ്റ്റിലും കഴുത്തിലും തലയിലും ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത്ര വലിയ മുഴകളുമായി ഇതിനു മുന്‍പ് ഇത്രയധികം രോഗികള്‍ എന്റെ അടുത്തു വന്നിട്ടില്ല. പ്രത്യേകിച്ചും കേരളത്തിലെ എന്റെ കഴിഞ്ഞ 20 വര്‍ഷങ്ങളിലെ അനുഭവത്തിനിടയില്‍! ഡോക്ടര്‍ ആയതിനുശേഷം ആദ്യ കാലങ്ങളില്‍ വടക്കേ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മാത്രമാണ് ഇത്തരം കാന്‍സര്‍ കേസുകള്‍ കണ്ടിട്ടുള്ളത്.

ഇങ്ങനെ വന്നവരോട്, എന്തുകൊണ്ടാണ് ആശുപത്രിയില്‍ വരാന്‍ വൈകിയത് എന്നു ചോദിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞത് ഒരേ മറുപടിയായിരുന്നു - കൊറോണ! ആശുപത്രിയില്‍ വന്നാല്‍ കൊറോണ പിടിപെടുമോ എന്ന പേടി കാരണമാണ് അവരെല്ലാം വരാന്‍ ഇത്രയും വൈകിയത്! അവരുടെ ആ ഉത്തരം ഒരേ സമയം എന്നെ വേദനിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തു.

സത്യം പറഞ്ഞാല്‍ ഇതൊരു വലിയ ഭീകരമായ അവസ്ഥയാണ്‌. രോഗ ലക്ഷണങ്ങള്‍ അറിഞ്ഞ സമയത്ത് ആശുപത്രിയില്‍ വന്നിരുന്നെങ്കില്‍ ഇവര്‍ ഇത്രയും വേദന സഹിക്കേണ്ടി വരുമായിരുന്നില്ല. എന്നു മാത്രമല്ല, ചെറിയ ചികിത്സാ മാര്‍ഗങ്ങള്‍ കൊണ്ട് രോഗം ഭേദമാക്കാനും സാധിക്കുമായിരുന്നു.   

പല രോഗികളോടും സംസാരിച്ചതില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത് കൊറോണക്കാലം തുടങ്ങിയതിനുശേഷം രോഗലക്ഷണങ്ങള്‍ കണ്ടാലും ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ അവര്‍ക്കെല്ലാം മടിയും പേടിയുമായിരുന്നു എന്നാണ്. ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളില്‍ നിന്നോ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഏതെങ്കിലും ജീവനക്കാരില്‍ നിന്നോ കൊറോണ പകരുമോ എന്ന ഭയം. ന്യായമായ സാമ്പത്തികശേഷിയും വിദ്യാഭ്യാസവും പക്വതയാര്‍ന്ന പ്രായവുമൊക്കെയുള്ള വ്യക്തികളാണ് ഇവരില്‍ പലരുമെന്നതാണ് ശ്രദ്ധേയം. ഇത്രയേറെ കാന്‍സര്‍ അവബോധ ക്ലാസുകളും ബോധവത്കരണവും നാടൊട്ടുക്കും നല്‍കിയിട്ടും മിക്കവരും അവയെല്ലാം അവഗണിക്കുകയായിരുന്നു എന്നാണ് ഈ അനുഭവങ്ങളില്‍  നിന്നും അനുമാനിക്കാന്‍ സാധിക്കുന്നത്‌.

ഈ അടുത്ത കാലത്ത് എന്റെ അടുത്തു വന്ന ചില വ്യക്തികളുടെ/ കാന്‍സര്‍ രോഗികളുടെ അനുഭവങ്ങള്‍ ഞാന്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കാം.  അവരുടെ യഥാര്‍ത്ഥ പേരോ, നാടോ വെളിപ്പെടുത്തുന്നില്ല. പക്ഷേ, പ്രായവും രോഗലക്ഷണങ്ങളും യഥാര്‍ത്ഥമാണ്. 

നാവില്‍ കാന്‍സര്‍ വന്ന 45 വയസുകാരി 

45 വയസ്സുള്ള, സാമ്പത്തികശേഷിയുള്ള ഒരു സ്ത്രീ നാവില്‍ കാന്‍സറുമായി എത്തി. കോവിഡ് കാലത്താണ് അവര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ആരോടൊക്കെയോ ചോദിച്ചപ്പോള്‍ നാക്കില്‍ പൂപ്പല്‍ വരുന്നതാകാം, ഉപ്പിട്ടു കഴുകിയാല്‍ മതിയെന്ന് പറഞ്ഞു കൊടുത്തു. അങ്ങനെ സ്വയം പൊടിക്കൈകള്‍ ചെയ്തുകൊണ്ടിരുന്നു. ഡെന്റിസ്റ്റിന്റെ അടുത്തു പോയാലാണ് കൊറോണ കൂടുതല്‍ പകരുക എന്നു കേട്ട് അതു പോലും വേണ്ടെന്നു വച്ചു. ഒടുവില്‍ ഒരു രക്ഷയുമില്ലെന്നായപ്പോഴാണ് ഇവിടെ എത്തിയത്. വായില്‍ നിറയെ രോഗം പടര്‍ന്നിരിക്കുന്നതിനാല്‍ ഇനി ചികിത്സയുടെ ഭാഗമായി നാവിന്റെ നല്ലൊരു ഭാഗം അവര്‍ക്ക് നഷ്ടപ്പെടും. രോഗം തുടങ്ങിയ സമയത്ത് ചികിത്സ തേടിയിരുന്നെങ്കില്‍ പൂര്‍ണമായി സുഖപ്പടുത്താന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ട്യൂമര്‍ ചുരുക്കാനായി കീമോതെറാപ്പി കൊടുത്തുകൊണ്ടിരിക്കുകയാണ്. വായില്‍ ഇത്രയേറെ ബുദ്ധിമുട്ടും അസ്വസ്ഥയുമുണ്ടായിക്കിയിട്ടും ചികിത്സ തേടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ കൊറോണപ്പേടിയാണ് അവരും ചൂണ്ടിക്കാണിച്ചത്. സാക്ഷര കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇത്.

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ വായിലെ കാന്‍സര്‍

മധ്യ കേരളത്തില്‍ നിന്നുള്ള അമ്പതിനടുത്ത് പ്രായമുള്ള റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി വായിലെ കാന്‍സറിന് ചികിത്സ തേടിയെത്തിയതും ഓര്‍മ്മിക്കുന്നു. മുഖത്തോടു ചേര്‍ന്നു തന്നെയുള്ള മുഴയില്‍ നിന്ന് രക്തവും പഴുപ്പുമാണ് വന്നുകൊണ്ടിരിക്കുന്നത്. അതിഭയാനകമായ അവസ്ഥ. ചെറിയ ട്യൂമറായാണ് തുടങ്ങിയതെങ്കിലും ആദ്യം ആശുപത്രിയില്‍ പോകാന്‍ മടിച്ചു. ആശുപത്രിയില്‍ പോയാല്‍  കൊറോണക്കാലത്ത് വിരളമായി കിട്ടിയിരുന്ന തൊഴിലും വരുമാനവും ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്നായിരുന്നു ഭയം. മെഡിക്കല്‍ കോളജില്‍ പോയാല്‍ അവിടെ നിന്ന് കൊറോണ പകരുമോ എന്ന പേടിയും ഉണ്ടായിരുന്നത് അദ്ദേഹം പങ്കുവച്ചു. തുടക്ക സമയത്ത് ചികിത്സ തേടിയിരുന്നെങ്കില്‍ നിസാരമായി ഭേദമാക്കാമായിരുന്ന കേസായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. മുഖത്തോടു ചേര്‍ന്നു തന്നെയുള്ള മുഴയില്‍ നിന്ന് രക്തവും പഴുപ്പുമാണ് വന്നുകൊണ്ടിരിക്കുന്ന അവസ്ഥ!  

ശരീരത്തിന്റെ പുറകില്‍ കാന്‍സറുമായി വൈകി എത്തിയ സ്ത്രീകള്‍ 

65 വയസ്സ് പ്രായമുള്ള വീട്ടമ്മ ശരീരത്തിന്റെ പുറകു വശത്ത് ട്യൂമറുമായി എത്തിയതും മറക്കാന്‍ സാധിക്കുന്നില്ല. 15*15  വലിപ്പത്തിലായിരുന്നു ട്യൂമര്‍ പടര്‍ന്നിരുന്നത്. തൊട്ടാല്‍ ഉടനെ രക്തം ഒഴുകുകയാണ്. ചെറിയ രീതിയില്‍ ആരംഭിച്ചതാണെങ്കിലും പെട്ടെന്നായിരുന്നു വളര്‍ച്ച. കോവിഡ് കാലമായതിനാലും മക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ചും രോഗം എല്ലാവരില്‍ നിന്നും പരമാവധി പൊതിഞ്ഞു വച്ചു. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് എന്നെ കാണാനെത്തിയത്. ലോക്കല്‍ അനസ്‌തേഷ്യയില്‍ ചെറിയ സര്‍ജറി കൊണ്ട് തീരേണ്ടിയിരുന്ന രോഗമാണ്. ഒടുവില്‍ നാലഞ്ച് മണിക്കൂറെടുത്ത്, രോഗം ബാധിച്ച ഭാഗം എടുത്തു കളഞ്ഞ്, പുതിയത് ചേര്‍ത്തു വയ്‌ക്കേണ്ട അവസ്ഥയിലെത്തി. രോഗം ഭേദമായേക്കാമെങ്കിലും സാമ്പത്തികവും മാനസികവുമായ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഇക്കാലയളവില്‍ രോഗിയും കുടുംബവും സഹിക്കേണ്ടി വന്നത്? കൊറോണ ഇത്രയും വലിയ പ്രത്യാഘാതങ്ങള്‍ മനുഷ്യജീവിതങ്ങളില്‍ സൃഷ്ടിക്കുമെന്ന് വിചാരിച്ചിട്ടേയില്ല.

25 വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടിയും ശരീരത്തിന്റെ പിറകില്‍ കാന്‍സര്‍ പടര്‍ന്ന് എത്തിയിരുന്നു. ചെറിയ മുഴ വരുമ്പോഴേ കാന്‍സറാണോ എന്ന് ചോദിച്ച് എത്തിയിരുന്ന ആളുകളാണ് ഇപ്പോള്‍ ശരീരത്തിന്റെ നല്ലൊരു ഭാഗം നശിച്ചു കഴിഞ്ഞുമാത്രം ചികിത്സ തേടാനെത്തുന്ന പ്രവണതയിലേയ്ക്ക് നീങ്ങുന്നതായി കാണുന്നത്.

സ്താനാര്‍ബുദം ബാധിച്ച സ്ത്രീ 

സ്താനുര്‍ബുദം ബാധിച്ച്, മുറിവും പഴുപ്പുമെല്ലാമായിട്ടും ആശുപത്രിയില്‍ പോകാതെ നാളുകളായി കഴിഞ്ഞ ഒരു സ്ത്രീയേയും ഈ നാളുകളില്‍ ചികിത്സിക്കാന്‍ ഇടയായി. മുറിവും പഴുപ്പുമെല്ലാമായിട്ടും പേടിച്ചിരുന്നു എന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല. ഈ ഒരാള്‍ മാത്രമല്ല, പല പ്രായങ്ങളിലുള്ള പല സ്ത്രീകളും സ്തനാര്‍ബുദം ബാധിച്ച് ഗുരുതരമായ നിലയില്‍ കഴിഞ്ഞ നാളുകളില്‍ എത്തുകയുണ്ടായി. ബ്രെസ്റ്റിലെ കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്. പക്ഷേ സ്ഥിതി ഗുരുതരമായാല്‍ പിന്നെ ചെയ്യാവുന്നതിന് പരിധിയും പരിമിതിയുമുണ്ട്. കൊറോണയേക്കാള്‍ ഭീകരമാണ് ഈ അവസ്ഥ എന്ന ബോധ്യം ഇല്ലാത്തതിനാലാണ് പലരും കൃത്യ സമയത്ത് ചികിത്സ തേടാന്‍ മടിക്കുന്നതിന് കാരണം.

കണ്‍പീലിയിലെ കാന്‍സര്‍ ബാധിച്ച ഒരാള്‍ 

കണ്ണിലെ സെബേഷ്യസ് ഗ്ലാന്‍ഡിന് വരുന്ന കാന്‍സറുമായി ഒരാളെത്തി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മനസിലാവുന്നതാണെങ്കിലും ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ അപകടകരമാകും എന്ന ഭയത്താല്‍ സ്വയം ചികിത്സകളും ഹോമിയോ മരുന്നുമൊക്കെയായി മുന്നോട്ടു പോയത്രേ! ഇത്രയും വികസിതമായ ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ ഇത്തരം അബദ്ധങ്ങള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല.

കയ്യില്‍  മുഴയുമായി എത്തിയ 18 - കാരന്‍ 

കയ്യില്‍ മുഴയുമായി ഒരു പതിനെട്ടുകാരനെത്തി. അവന്‍ ജീവിതം ആരംഭിക്കുന്നതെയുള്ളൂ! സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും ആശുപത്രിയില്‍ പോയാല്‍ കൊറോണ പിടിക്കുമെന്ന ഭയമായിരുന്നു അവനും ചികിത്സ വൈകിക്കാനുള്ള കാരണമായി പറഞ്ഞത്. പൂര്‍ണമായും ഭേദമാക്കാവുന്ന തരത്തിലുള്ള രോഗങ്ങളാണ് ഇത്രയും വഷളാക്കുന്നതെന്നോര്‍ക്കണം.

ഗര്‍ഭപാത്രത്തിലെ മുഴ

ഗര്‍ഭപാത്രത്തില്‍ കാന്‍സറുമായി എത്തിയ ഒരു സ്ത്രീക്ക് അമ്പത്തിയഞ്ച് വയസ്സുണ്ടായിരുന്നു. ഒരു പൂര്‍ണഗര്‍ഭിണിയുടെ ഗര്‍ഭപാത്രത്തിന്റെ വലിപ്പമുണ്ടായിരുന്നു. പുറത്തു കാണാത്ത മുഴയാണെങ്കിലും ഇത്ര ബുദ്ധിമുട്ട് സഹിക്കുന്നത് എന്തിനാണ്? ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ് ഇപ്രകാരം രോഗം മറച്ചു വയ്ക്കുന്നവര്‍ ചെയ്യുന്നത്.

പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ വയറ്റിലെ മുഴ 

പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ വയറ്റിലായിരുന്നു കാന്‍സര്‍ മുഴ. കുറേ ദിവസങ്ങളായി വയറുവേദനയാണെന്ന് പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ ഗ്യാസിന്റെ മരുന്നു വാങ്ങി കൊടുത്തു. കൂടുതല്‍ പരിശോധന വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കൊറോണക്കാലം കഴിയാന്‍ കാത്തിരുന്നു. അപ്പോഴേയ്ക്കും മുഴ പൊട്ടി, വേദന വീണ്ടും അസഹനീയമായപ്പോഴാണ് എന്നെ കാണാനെത്തിയത്. മുഴ എടുത്തു കളയാന്‍ സാധിച്ചു. എങ്കിലും എന്തിനാ് രോഗം ഇത്രയധികം വളരാന്‍ കാത്തു നില്‍ക്കുന്നത്?

മുഖത്ത് കാന്‍സര്‍ വന്ന അമ്മച്ചി 

പ്രായമായ ഒരു അമ്മച്ചി കാന്‍സറുമായി എത്തി. കൊറോണ തുടങ്ങുന്നതിന് മുമ്പ്, കഴിഞ്ഞ ജനുവരി മാസത്തില്‍ നാരങ്ങാ വലിപ്പത്തിലുള്ള മുഴയായിരുന്നു. അന്ന് എന്നെ കാണിച്ചു പോയതാണ്. പിന്നീട് പക്ഷേ അവര്‍ രണ്ടാമത് വരുന്നത് ഈ ഡിസംബറിലാണ്. അപ്പോഴേയ്ക്കും മുഴയും വളര്‍ന്നിരുന്നു. അപകടമാണ് എന്ന് പറഞ്ഞിരുന്നല്ലോ, പിന്നെ ഇത്രയും താമസിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോ അവരും പറഞ്ഞത് കൊറോണപ്പേടിയാണ്. പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും എന്തെല്ലാം വേദനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും അവര്‍ക്ക് കടന്നു പോകേണ്ടതായി വന്നു.

ബ്രസ്റ്റ് നഷ്ടപ്പെട്ട ഒരാള്‍ 

മുപ്പത് വയസ്സ് മാത്രമുള്ള ഒരു യുവതിയും ഇതുപോലെ കൊറോണപേടിച്ച് ഹോസ്പിറ്റലില്‍ പോകാതെയിരുന്നു. അവസാനം ബ്രെസ്റ്റിലുണ്ടായ മുഴ വലുതാവുകയും ബ്രെസ്റ്റ് പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. നോക്കൂ, എത്ര സങ്കടകരമായ അവസ്ഥയാണിത്! ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ അവര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു..  

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാകൊണ്ട് എടുക്കേണ്ട സാഹചര്യം ഉണ്ടാക്കരുത് എന്ന് പഴമക്കാര്‍ പറഞ്ഞത് എത്രയോ ശരിയാണ്. കൊറോണയെ പേടിക്കണമെന്ന് പറയുമ്പോഴും, മറ്റെല്ലാം മറന്നും മറച്ചും, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ആത്മഹത്യാപരമല്ലേ? സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും വികസനത്തിലും വിവരസാങ്കേതിക വിദ്യയിലുമെല്ലാം ഒരുപോലെ വളര്‍ച്ചയും വികാസവും നേടിയ കേരളം പോലൊരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉണ്ടാവേണ്ട അവസ്ഥകളല്ല മേല്‍ വിവരിച്ചവയൊന്നും. കോവിഡ് കാലത്ത് കേട്ട് പഴകിയത് വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ, വേണ്ടത് ഭയമല്ല, ജാഗ്രതയാണ് (എല്ലായ്‌പ്പോഴും എല്ലാത്തിനോടും). 

(കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകൻ)

English Summary : Cancer cases in COVID -19 time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com